

മലപ്പുറം: പതിറ്റാണ്ടുകളായി, സിപിഎമ്മിന്റെ ഉരുക്കുകോട്ടകളിലൊന്നായി നിലകൊള്ളുന്ന പൊന്നാനി മണ്ഡലം നിലനിര്‍ത്താന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്താനുള്ള ആലോചനകളിലാണ് പാര്‍ട്ടി. യുവനേതാക്കളിലെ പ്രമുഖനായ എം സ്വരാജിനെയാണ് പ്രധാനമായും പരിഗണിക്കുന്നത്. സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മലപ്പുറം ജില്ലയില്‍ സ്വരാജിന്റെ രണ്ടാം മത്സരമാണ്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വറിനെതിരെ ശക്തമായ പോരാട്ടം നടത്തിയ സ്വരാജിന് ഉറച്ച മണ്ഡലം തന്നെ നല്‍കണമെന്ന് പാര്‍ട്ടി നേതൃത്വത്തില്‍ ചര്‍ച്ചയുണ്ട്. സ്വരാജിനെ കൂടാതെ, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവനെയും പൊന്നാനിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സ്വരാജിന്റെ പേരിനാണ് മുന്‍തൂക്കമെന്നാണ് സൂചന. പിണറായി വിജയന് പകരക്കാരനായേക്കുമെന്ന് കരുതപ്പെടുന്ന വിജയരാഘവനെ കുന്നമംഗലത്തേക്കും പരിഗണിക്കുന്നുണ്ട്.
'സ്വരാജ് മലപ്പുറത്തുകാരനാണ്, നിലമ്പൂരില്‍ നിന്നുള്ളയാളാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആ പ്രാദേശിക ബന്ധം ഒരു പ്രധാന ഘടകമായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വരാജിനെ വീണ്ടും പരിഗണിച്ചാല്‍, അത് സ്വന്തം ജില്ലയില്‍ നിന്നുതന്നെയാകാനാണ് സാധ്യത. അത് മലപ്പുറത്ത് പാര്‍ട്ടിയുടെ സംഘടനാ വളര്‍ച്ച ശക്തിപ്പെടുത്തും.' മുതിര്‍ന്ന സിപിഎം നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
പാര്‍ട്ടിയുടെ തീരുമാനത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് നിലവിലെ പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍ പറഞ്ഞു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നന്ദകുമാറിനെ വീണ്ടും മത്സരിപ്പിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. മത്സരിക്കുന്നതില്‍ പാര്‍ട്ടിയാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് നന്ദകുമാര്‍ പറയുന്നു. 'മണ്ഡലത്തിനായി കഴിവിന്റെ പരമാവധി ചെയ്തിട്ടുണ്ട്. ഈ ഫെബ്രുവരിയില്‍, 1,200 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിക്ഷേപ യോഗം നടക്കും. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍, പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടി വീണ്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍, അത് അനുസരിക്കും,' നന്ദകുമാര്‍ പറഞ്ഞു.
എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ഔപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്. 'എല്‍ഡിഎഫിന്റെ കേരള യാത്രയിലാണ് ഇപ്പോള്‍ ശ്രദ്ധ. അത് അവസാനിച്ചശേഷം മാത്രമേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കൂ. മലപ്പുറത്തെ ഞങ്ങളുടെ ഏറ്റവും വിലപ്പെട്ട മണ്ഡലമാണ് പൊന്നാനി. അനുയോജ്യനായ ഒരു സ്ഥാനാര്‍ത്ഥിയെ തന്നെ തെരഞ്ഞെടുക്കും.' സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുമായ ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates