വെള്ളാപ്പള്ളി മാനവിക ദര്‍ശനത്തിനൊപ്പമോ, സംഘപരിവാറിനൊപ്പമോ?; തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജന്‍

ഈ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ടാകണം സംവാദം തുടങ്ങേണ്ടത്..
P Jayarajan
P. JayarajanCenter-Center-Trivandrum
Edited By:
Updated on: 
2 min read

കണ്ണൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍. ശ്രീനാരായണീയര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാനവിക ദര്‍ശനത്തോടൊപ്പമാണോ, അതോ ഹിന്ദുത്വ വര്‍ഗീയതയെ പ്രതിനിധീകരിക്കുന്ന സംഘപരിവാറിനൊപ്പമാണോ നടേശന്‍ നിലയുറപ്പിക്കുന്നത്?. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കണം. ഈ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ടാകണം സംവാദം തുടങ്ങേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.

'അന്ന് ആലപ്പുഴയിലെ പ്രസംഗത്തിൽ ഞാൻ ചോദിച്ചത് സി. കേശവനില്‍ നിന്ന് ഇന്നത്തെ വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്നാണ്. ആ ചോദ്യത്തിന് വെള്ളാപ്പള്ളി നടേശന്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍, 'ഞാന്‍ ഹിന്ദുവാണ്' എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ശ്രീനാരായണഗുരു ഒരിക്കലും സ്വയം അങ്ങനെ വിശേഷിപ്പിച്ചിട്ടില്ല. ഗുരുവിനെ ആജീവനാന്ത അധ്യക്ഷനാക്കിക്കൊണ്ട് രൂപീകരിച്ച എസ്.എന്‍.ഡി.പി യോഗത്തിന്റെ ഔദ്യോഗിക രേഖകളിലോ ഗുരുദര്‍ശനങ്ങള്‍ പിന്തുടരാന്‍ ശിവഗിരിയില്‍ സ്ഥാപിച്ച ധര്‍മ്മസംഘം ട്രസ്റ്റിന്റെ നിയമാവലിയിലോ 'ഹിന്ദു' എന്ന വാക്ക് കാണാന്‍ കഴിയില്ല' - ജയരാജന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാര്‍...

പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ ഞാന്‍ ഒരു കാര്യം ഉന്നയിച്ചിരുന്നു.

നിവര്‍ത്തന പ്രക്ഷോഭ കാലത്ത്, 1935-ല്‍ അന്നത്തെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സി. കേശവന്‍ നടത്തിയ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നമ്മുടെ മുന്നിലുണ്ട്. ആ പ്രസംഗത്തില്‍, 'ഈഴവരൊന്നും ഹിന്ദു എന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല' എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പുന്നശ്ശേരി നമ്പിയുടെ 'ചണ്ഡാല ശാസ്ത്ര'ത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടും, ഈഴവരെ 'ചണ്ഡാലര്‍' എന്ന് ആക്ഷേപിച്ചതിലുള്ള ശക്തമായ അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ടുമാണ് ഹിന്ദുമതവുമായി ഈഴവര്‍ക്കുള്ള അകല്‍ച്ച അദ്ദേഹം വ്യക്തമാക്കിയത്.

മാത്രവുമല്ല, കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിലാണ് സി. കേശവനെ രണ്ടുവര്‍ഷത്തെ തടവിനു കോടതി ശിക്ഷിച്ചത്.

പ്രസംഗത്തിന്റെ ഒടുവില്‍ സര്‍ സി.പി. രാമസ്വാമി അയ്യരെ 'ജന്തു' എന്ന് വിശേഷിപ്പിക്കുകയും, 'ജന്തു എന്നത് ഹിന്ദുവാണ്' എന്ന് തുറന്നടിക്കുകയും ചെയ്തതായിരുന്നു അതിനു കാരണം. സനാതന ധര്‍മ്മത്തിന്റെ പേരില്‍ ഹിന്ദുമതം മുന്നോട്ടുവെച്ച സകല അനീതികളെയും, ഈഴവരുള്‍പ്പെടെയുള്ള പിന്നോക്ക ജനവിഭാഗങ്ങളോട് കാട്ടിയ വിവേചനങ്ങളെയും അസമത്വങ്ങളെയും വെല്ലുവിളിച്ചുകൊണ്ടായിരുന്നു സി. കേശവന്റെ ആ പ്രഖ്യാപനം.

അന്ന് ആലപ്പുഴയിലെ പ്രസംഗത്തില്‍ ഞാന്‍ ചോദിച്ചത്, സി. കേശവനില്‍ നിന്ന് ഇന്നത്തെ വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്നാണ്. ആ ചോദ്യത്തിന് വെള്ളാപ്പള്ളി നടേശന്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍, 'ഞാന്‍ ഹിന്ദുവാണ്' എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ശ്രീനാരായണഗുരു ഒരിക്കലും സ്വയം അങ്ങനെ വിശേഷിപ്പിച്ചിട്ടില്ല. ഗുരുവിനെ ആജീവനാന്ത അധ്യക്ഷനാക്കിക്കൊണ്ട് രൂപീകരിച്ച എസ്.എന്‍.ഡി.പി യോഗത്തിന്റെ ഔദ്യോഗിക രേഖകളിലോ ഗുരുദര്‍ശനങ്ങള്‍ പിന്തുടരാന്‍ ശിവഗിരിയില്‍ സ്ഥാപിച്ച ധര്‍മ്മസംഘം ട്രസ്റ്റിന്റെ നിയമാവലിയിലോ 'ഹിന്ദു' എന്ന വാക്ക് കാണാന്‍ കഴിയില്ല.

സാഹചര്യം ഇതായിരിക്കെ, ഗുരുദര്‍ശനം മുറുകെപ്പിടിക്കുന്നവര്‍ സ്വാഭാവികമായും രാജ്യത്തെ ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ക്കെതിരെയാണ് അണിനിരക്കേണ്ടത്. ഇവിടെയാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നത്.

ശ്രീനാരായണീയര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാനവിക ദര്‍ശനത്തോടൊപ്പമാണോ, അതോ ഹിന്ദുത്വ വര്‍ഗീയതയെ പ്രതിനിധീകരിക്കുന്ന സംഘപരിവാറിനൊപ്പമാണോ നടേശന്‍ നിലയുറപ്പിക്കുന്നത്? ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കണം.

ഈ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ടാകണം സംവാദം തുടങ്ങേണ്ടത്..

Summary

CPM leader P Jayarajan has stated that he is ready for an open debate with SNDP Yogam General Secretary Vellappally Natesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com