'ഏതോ എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവത്രേ, വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പി പികെ ശ്രീമതി -VIDEO

മാധ്യമങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നിയമനടപടിയും മാനനഷ്ടക്കേസും ഫയല്‍ ചെയ്യുമെന്ന് ശ്രീമതി
pk sreemathi
പികെ ശ്രീമതി മാധ്യമങ്ങളെ കാണുന്നു
Updated on
2 min read

തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നാരോപിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പികെ ശ്രീമതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞു. ഏതോ എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവെന്ന് പ്രചരിപ്പിച്ച് അധിക്ഷേപകരവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ ശക്തമായ നിയമനടപടിയും മാനനഷ്ടക്കേസും ഫയല്‍ ചെയ്യുമെന്ന് അവര്‍ പ്രതികരിച്ചു.

വളരെയധികം മനഃപ്രയാസത്തോടെയാണ് താന്‍ മാധ്യമങ്ങളെ കാണുന്നതെന്ന് പികെ ശ്രീമതി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനം ടിവി, ഭാരത് ലൈവ്, കര്‍മ ന്യൂസ് തുടങ്ങിയ ചാനലുകളിലും കണ്ണൂരിലെ 'സുദിനം' എന്ന സായാഹ്ന പത്രത്തിലും തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ തുടര്‍ച്ചയായി പ്രചരിക്കുകയാണ്. തുടക്കത്തില്‍ ഇത് അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ആവര്‍ത്തിച്ച് നല്‍കുന്നത് തുടര്‍ന്നതോടെയാണ് പ്രതികരിക്കാന്‍ നിര്‍ബന്ധിതയായത്.

'അടിയന്തരമായി പ്രതികരിച്ചില്ലെങ്കില്‍ സത്യമാണെന്ന് ആളുകള്‍ കരുതിയേക്കും. വാര്‍ത്തകളുടെ വിഡിയോകളും പത്രത്തിന്റെ കോപ്പികളും ശേഖരിച്ച് നിയമനടപടി സ്വീകരിക്കാന്‍ അഭിഭാഷകന് കൈമാറിയിട്ടുണ്ട്' -അവര്‍ പറഞ്ഞു. രാഷ്ട്രീയ ജീവിതത്തില്‍ എന്നും സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നും തുടര്‍ച്ചയായുള്ള ഇത്തരം വ്യക്തിഹത്യകള്‍ താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും വ്യക്തമാക്കിയാണ് പികെ ശ്രീമതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിയത്.

'ഏതോ ഒരു പിആര്‍ കൃഷ്ണന്‍ എന്ന് പറയുന്ന എംഎല്‍എ ഉണ്ടത്രേ. ആ വ്യക്തിയുടെ ഭാര്യയായിട്ട് ഞാന്‍ അഭിനയിച്ച് നിയമസഭയില്‍ എംഎല്‍എ എന്നുള്ള നിലയില്‍ കിട്ടേണ്ടുന്ന ഫാമിലി പെന്‍ഷന്‍ ഞാന്‍ വാങ്ങുന്നു, ഇതാണ് വാര്‍ത്ത. ആ വാര്‍ത്ത അവതരണം ഒക്കെ നിങ്ങളൊന്ന് കേള്‍ക്കണം. പെണ്‍കുട്ടികളാണ് അവതരിപ്പിക്കുന്നത്. കേട്ടാല്‍ വിശ്വസിച്ചു പോകുന്ന വിധത്തിലാണ്. വളരെ വള്‍ഗര്‍ ആയിട്ടാണ് അവതരിപ്പിക്കുന്നത്.

ഇത്രയും തെറ്റായിട്ടുള്ള, അടിസ്ഥാനരഹിതമായ ഒരു വാര്‍ത്ത എന്നെപ്പോലെ 50 കൊല്ലമായിട്ട് ഈ സമൂഹത്തില്‍ ഞാന്‍ ഉണ്ട്, എന്നിട്ട് ആ പെണ്‍കുട്ടികള്‍ ഒരു വാക്ക് എന്നോട് ചോദിച്ചുവോ? ഇല്ല! ആരെങ്കിലും ഇങ്ങനെ ഉണ്ടോ ഇല്ലയോ എന്ന് ചോദിക്കാതെ വസ്തുതകള്‍ അടിസ്ഥാനരഹിതമായിട്ട് സമൂഹത്തില്‍ ഒരു പൊതുപ്രവര്‍ത്തകയെ നാറ്റിക്കുക, അപമാനമുണ്ടാക്കുക എന്നുള്ള ദുരുദ്ദേശ്യത്തിലൂടെ അല്ലേ ഇത്? എനിക്കെതിരായ രാഷ്ട്രീയ ശത്രുക്കള്‍ ആരെങ്കിലും ഇതിന് പിന്നില്‍ ഉണ്ടോ? കാരണം ഒരുപാട് തവണ പല ഘട്ടങ്ങളിലായിട്ട് ഇത്തരത്തിലുള്ള തെറ്റായിട്ടുള്ള വാര്‍ത്തകള്‍ എനിക്കെതിരെ വന്നിട്ടുണ്ട്.

ഇങ്ങനെ ഒരു എംഎല്‍എ... അങ്ങനെ ഉണ്ടോ എന്ന് എനിക്കറിയില്ല. ഞാന്‍ ചോദിച്ചു, പാലക്കാട് ആരെങ്കിലും അങ്ങനെ എംഎല്‍എ ഉണ്ടോ, ഇല്ല. തൃശൂര്‍ ഉണ്ടോ, ഇല്ല എന്ന് പറഞ്ഞു. പിന്നെ ആരാണ് ഈ കൃഷ്ണന്‍ എന്ന് പറയുന്ന ആള്‍, എനിക്കറിയില്ല. അങ്ങനെ ഒരു എംഎല്‍എയുടെ ഭാര്യയായിട്ട് ഞാന്‍ ഫാമിലി പെന്‍ഷന്‍ വാങ്ങുക എന്നൊക്കെ പറയുമ്പോള്‍, പ്രചരിപ്പിക്കുമ്പോള്‍... ഞാന്‍ 17-ാം വയസ്സില്‍ സ്‌കൂള്‍ മുതല്‍ക്ക്, പ്രത്യേകിച്ച് അധ്യാപക രംഗത്ത്, അതിനുശേഷം 50 കൊല്ലമായിട്ട് നിങ്ങള്‍ക്കൊക്കെ അറിയാം എന്നെ. എന്നെക്കുറിച്ചാണ് ഇങ്ങനെ! പിന്നെ പണത്തിനു വേണ്ടി എന്തും ചെയ്യുന്നു... എന്തൊക്കെയാ അതില്‍ പറയുന്നത്! നിങ്ങളൊക്കെ ചെറുപ്പക്കാരാണല്ലോ, നിങ്ങള്‍ക്കെല്ലാം അമ്മമാരുണ്ട്, ഉണ്ടല്ലോ?

എന്തൊക്കെയാണ് അതില്‍ പറയുന്നത്, എത്ര എത്ര വൃത്തികെട്ട രീതിയിലാണ് ഈ പ്രചരണം നടക്കുന്നത്! അത് ഏതായാലും ഇത്രയും കൊള്ളരുതാത്ത, ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും ലോകത്തില്‍ എമ്പാടുമുള്ള മലയാളികള്‍ കാണത്തക്ക വിധത്തില്‍ ഈ യൂട്യൂബ് ചാനലുകള്‍ ഉപയോഗിച്ച് എന്നെപ്പോലെ ഒരു വ്യക്തിയെ ഈ രൂപത്തില്‍ അധിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ ആരും ചോദിച്ചിട്ടുമില്ല എന്നോട്. ആരും ചോദിച്ചില്ല ഇതുവരെ, എന്താണ് വസ്തുത എന്ന്. ഏതെങ്കിലും ഒരു പത്രക്കാരന്‍ അല്ലെങ്കില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നോട് ചോദിക്കും എന്ന് ഞാന്‍ വിചാരിച്ചു. ഈ കഴിഞ്ഞ രണ്ടു മൂന്നു ദിവസം ആരും ചോദിച്ചില്ല. പിന്നെ എനിക്ക് പറയാതിരിക്കാന്‍ പറ്റുന്നില്ല, അതുകൊണ്ടാണ് ഞാന്‍ ഇന്ന് നിങ്ങളുടെ മുന്‍പാകെ വന്നത്' -ശ്രീമതി വ്യക്തമാക്കി.

pk sreemathi
കൈക്കൂലിയായി വാങ്ങിയത് 45 ലക്ഷം രൂപ; 'ഓപ്പറേഷന്‍ പാര്‍പ്പിട'ത്തില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്
pk sreemathi
നിതിൻ രാജിന്റെ മരണം: ഡോ. റാമിന്റെ അറസ്റ്റിൽ വീഴ്ച, ഡിവൈഎസ്പിക്ക് കോടതിയുടെ നോട്ടീസ്
pk sreemathi
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചു; പിന്നിൽ സിപിഎം നേതാക്കളെന്ന് ആരോപണം
Summary

CPM Leader PK Sreemathi Breaks Down Over Fake News Campaigns, Announces Legal Action

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com