

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ നിലവിലെ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി നല്‍കേണ്ടതില്ലെന്ന് സിപിഎമ്മും സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.
സിപിഎം നേതാക്കളായ മുന്‍ എംഎല്‍എ ടി കെ ദേവകുമാര്‍, മുന്‍ എംപി എ സമ്പത്ത് എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിപ്പാട് മുന്‍ എംഎല്‍എയാണ് ദേവകുമാര്‍. ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ദേവകുമാര്‍, നിലവില്‍ കയര്‍ഫെഡ് പ്രസിഡന്റാണ്. ആറ്റിങ്ങല്‍ മുന്‍ എംപിയാണ് എ സമ്പത്ത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കാനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. നിലവിലെ ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും ബോര്‍ഡ് അംഗം എ അജികുമാറിന്റെയും കാലാവധി ഈ മാസം 12 ന് അവസാനിക്കുകയാണ്. ഈ മാസം 16 ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ, നിലവിലെ ബോര്‍ഡിന്റെ കാലാവധി 2026 ജൂണ്‍ വരെ നീട്ടാനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്.
2019 ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ ഈ വര്‍ഷം വീണ്ടും സ്വര്‍ണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് നിലവിലെ ബോര്‍ഡും സംശയനിഴലിലായത്. ഈ സാഹചര്യത്തില്‍ നിലവിലെ ബോര്‍ഡിനെ തുടരാന്‍ അനുവദിച്ചാല്‍ കോടതിയില്‍ നിന്നടക്കം തിരിച്ചടിയായേക്കുമെന്നും സര്‍ക്കാരിന് ആശങ്കയുണ്ട്. ബോർഡിന്റെ കാലാവധി നീട്ടി ഓര്‍ഡിനന്‍സ് പാസ്സാക്കിയാലും കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഒപ്പിടാതിരിക്കാനുള്ള സാഹചര്യവുമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പുതിയ പ്രസിഡന്റിനെ നിയമിക്കുന്നത്. കാലാവധി കഴിയുന്ന അജികുമാറിന് പകരം, സിപിഐ പ്രതിനിധിയായി വിളപ്പില്‍ രാധാകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് അംഗമായേക്കുമെന്നും സൂചനയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates