സിൽവർ ലൈൻ പദ്ധതിക്ക് സമ്മർദം ചെലുത്തിയത് കൊണ്ട്  വന്ദേഭാരത് കിട്ടി; പൂർണമനസോടെ സ്വാ​ഗതം ചെയ്യുന്നു

സിൽവർ ലൈനിന് ഒരുതരത്തിലും പകരമാകില്ല വന്ദേഭാരത്.
എം വി ഗോവിന്ദൻ/ ഫയല്‍
എം വി ഗോവിന്ദൻ/ ഫയല്‍
Updated on
2 min read

തിരുവനന്തപുരം: സിൽവർ ലൈൻ പ്രോജക്ടിനു വേണ്ടി എൽഡിഎഫ്‌ സർക്കാർ സമ്മർദം ശക്തമാക്കിയില്ലായിരുന്നെങ്കിൽ ഇപ്പോഴും വന്ദേഭാരത്‌ കേരളത്തിന്‌ ലഭിക്കുമായിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. നാലുർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കേരളത്തിന് ആർഹമായ ഈ ട്രെയിൻ ലഭിക്കുന്നത്. കേരള വികസനത്തിൽ താത്പര്യമുള്ള സിപിഎം പൂർണ മനസോടെ വന്ദേഭാരതിനെ സ്വാ​ഗതം ചെയ്യുന്നതായും എംവി ​ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു. 

കേരളത്തിലെ റെയിൽ യാത്രാപ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒറ്റമൂലിയാണ് വന്ദേഭാരത് എന്നവാദത്തോട് ഒരുതരത്തിലും യോ​ജിക്കാൻ കഴിയില്ല. ഇന്ത്യയിലെ ഒരു സംസ്ഥാനം എന്ന നിലയിൽ വന്ദേഭാരത് ട്രെയിൻ ലഭിക്കേണ്ടത് കേരളത്തിന്റെ ന്യായമായ അവകാശമാണ്. കേന്ദ്രത്തിന്റെയോ, കേന്ദ്ര ഭരണകക്ഷിയുടെയോ ഔദാര്യമായി ലഭിക്കേണ്ടതല്ല ഈ ട്രെയിൻ. ഫെഡറൽ സംവിധാനത്തിനോട് ആദരവോ ബ​ഹുമാനമോ ഇല്ലാത്തവരാണ് അത് കേന്ദ്രത്തിന്റെ ഔദാര്യമായി ചിത്രീകരിക്കുന്നത്. പിണറായി വിജയൻ സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരമായാണ് കേന്ദ്രസർക്കാരും ബിജെപിയും വന്ദേഭാരതിനെ അവതരിപ്പിക്കാൻ വിയർക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയിൽ വന്ദേഭാരതിനുളള ശരാശരി വേ​ഗം 83 കിലോമീറ്റർ മാത്രമാണ്. അതുപോലും കേരളത്തിൽ നേടാനായിട്ടില്ല. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് എഴുമണിക്കൂർ പത്തുമിനിറ്റ് കൊണ്ടാണ് വന്ദേഭാരത് ഓടിയെത്തിയത്. അതായത് രാജധാനിയെക്കാൾ 47 മിനിറ്റ് ലാഭം മാത്രമാണ് വന്ദേഭാരതിലൂടെ ലഭിക്കുന്നത്. ഇതിന് കാരണം അതിവേ​ഗത്തിൽ ഓടാൻ പറ്റുന്ന പാളമല്ല കേരളത്തിലുള്ളത് എന്നാണ്. തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ 626 വളവുകൾ ഉണ്ട്. ഈ വളവുകൾ പുനക്രമീകരിക്കാൻ പത്തുവർഷം എടുക്കുമെന്നാണ് ഈ  മേഖലയിൽ അറിവുള്ളവർ പറയുന്നത്. അരലക്ഷം കോടി രൂപയോളം ചെലവും വരും. മണിക്കൂറിൽ 160 കിലോമീറ്റർ വേ​ഗത്തിൽ ഓടാൻ കഴിയുന്ന വന്ദേഭാരത് 80-100 കിലോമീറ്റർ വേ​ഗത്തിൽ ഓടിക്കുന്നത് തനി വിഡ്ഢിത്തമാണെന്ന് ബിജെപി നേതാവായ  ഇ ശ്രീധരൻ തന്നെ പറഞ്ഞതായും സിപിഎം പറയുന്നു.

വന്ദേഭാരതിനെക്കാളും ഒരുപടി കൂടി മുന്നിൽ നിൽക്കുന്നതാണ് സിൽവർ ലൈൻ. അതിവേ​ഗ ട്രെയിൻ അനുവദിച്ചെങ്കിലും അത് ഓടിക്കാനുള്ള അതിവേ​ഗ പാതയില്ലെന്ന യാഥാർഥ്യം ഇപ്പോഴെങ്കിലും എല്ലാവർക്കും ബോധ്യമായിട്ടുണ്ടാകും. അതുകൊണ്ടാണ് പിണറായി സർക്കാർ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി വാദിക്കുന്നത്. നിലവിലുളള പാളങ്ങളിലെ വളവുകളും മറ്റും നേരെയാക്കാൻ 10 വർഷമെങ്കിലും വേണ്ടിവരും അതിലും കുറച്ച് സമയം മതിയാകും സിൽവർ ലൈൻ യാഥാർഥ്യമാകാൻ. ഇതിനായി പുതിയ പാളം തന്നെ നിർമ്മിക്കുന്നതിനാൽ വിഭാവനം ചെയ്യുന്ന വേ​ഗം കൈവരിക്കാൻ  കഴിയും. വന്ദേഭാരതിന്റെ പകുതി സമയം കൊണ്ട് സിൽവർ ലൈൻ വണ്ടികൾ ലക്ഷ്യസ്ഥാനത്ത് എത്തും. വന്ദേഭാരത് പരിമിതമായ സർവീസുകളാണ് ഉള്ളതെങ്കിൽ സിൽവൽ ലൈൻ 20 മിനിറ്റിൽ ഒരു സർവീസ് ഉണ്ടാകും. വന്ദേഭാരതിനേക്കാൾ ടിക്കറ്റ് നിരക്ക് കുറവായിരിക്കും. സിൽവർ ലൈനിന് ഒരുതരത്തിലും പകരമാകില്ല വന്ദേഭാരത്.

കേന്ദ്രമന്ത്രി വി മുരളീധരനെ കൂടെയിരുത്തി നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് പറഞ‍്ഞത് സിൽവർ ലൈൻ പദ്ധതി അടഞ്ഞ അധ്യയമല്ല എന്നാണ്. നിലവിലുള്ള ഡിപിആർ പ്രായോ​ഗികമല്ല എന്നുമാത്രമാണ്. സമ​ഗ്രപദ്ധതി സമർപ്പിച്ചാൽ അക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ ത്യായറാണെന്നാണ്. ഇന്നല്ലെങ്കിൽ നാളെ ഈ പദ്ധതിക്ക് അം​ഗീകാരം നൽകാൻ കേന്ദ്രം നിർബന്ധിതമാകും. രാഷ്ട്രീയ തിമിരം ബാധിച്ചവർക്ക് മാത്രമേ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയണമെന്ന് തോന്നുകയുള്ളു. ഇക്കാര്യത്തിൽ കേരളത്തിലെ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടാണ്. ദേശീയ പാതയും ​ഗെയിൽ പദ്ധതിയും യാഥാർഥ്യമാക്കിയ പിണറായി സർക്കാർ സിൽവർ ലൈൻ പദ്ധതിയും യാഥാർഥ്യമാക്കുമെന്ന് എംവി ​ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com