20 വര്‍ഷം മുന്‍പ് കരഞ്ഞിറങ്ങി, ഇന്ന് കരയുന്നത് സന്തോഷം കൊണ്ട്;'കാവേരി കേസില്‍' സത്യം തെളിഞ്ഞെന്ന് പ്രിയങ്ക

നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടി പ്രിയങ്ക അനൂപ്
പ്രിയങ്ക,കാവേരി
പ്രിയങ്ക,കാവേരി
Updated on
2 min read

കൊച്ചി: നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടി പ്രിയങ്ക അനൂപ്. 
''20 വര്‍ഷം മുമ്പ്, സത്യം തെളിയിച്ചു തിരിച്ചു വരും എന്നു കണ്ണീരോടെ പറഞ്ഞാണ് ഇവിടെനിന്ന് ഇറങ്ങിപ്പോയത്. ഇന്ന് ഇവിടെയിരുന്നു കരയുമ്പോള്‍ ഇതു സങ്കടംകൊണ്ടല്ല, സന്തോഷം കൊണ്ടാണ്'' -പ്രിയങ്ക എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

2004 ഫെബ്രുവരി 10 നു തിരുവല്ല പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ 26നാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി വിധി പറഞ്ഞത്. കേസില്‍ പ്രിയങ്കയ്‌ക്കെതിരെ തെളിവില്ലെന്നാണു കോടതിയുടെ കണ്ടെത്തല്‍.

ഭീഷണിപ്പടുത്തി പണം തെട്ടാന്‍ ശ്രമിച്ചെന്ന പരാതി

കേരളത്തില്‍ അന്ന് ഏറെ പ്രചാരമുണ്ടായിരുന്ന, കുറ്റകൃത്യ വാര്‍ത്തകളുട പേരില്‍ പേരെടുത്ത ഒരു വാരികയില്‍ നടി കാവേരിയെപ്പറ്റി അപകീര്‍ത്തികരമായ വാര്‍ത്ത വരുമെന്നും അതു പ്രസിദ്ധീകരിക്കാതിരിക്കാന്‍ അഞ്ചു ലക്ഷം രൂപ നല്‍കണം എന്നും പ്രിയങ്ക തന്റെ അമ്മയോടു വിളിച്ചു പറഞ്ഞതായി കാവേരിയാണ് തിരുവല്ല പൊലീസില്‍ പരാതി നല്‍കിയത്. ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുന്നുണ്ടോ എന്നു കാവേരി മാസികയുടെ എഡിറ്ററെ വിളിച്ചു അന്വേഷിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു വാര്‍ത്തയും ഇല്ലെന്നായിരുന്നു മറുപടി.

പരാതിയില്‍ കേസെടുത്ത പൊലീസ്, അഞ്ചു ലക്ഷം പറ്റില്ലെന്നും മൂന്നു ലക്ഷം നല്‍കാമെന്നും കാവേരിയുടെ അമ്മയെക്കൊണ്ടു ഫോണില്‍ വിളിപ്പിച്ച് അറിയിച്ചു. ഇതിനായി ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ എത്താനായിരുന്നു നിര്‍ദേശം. ഈ പണം നല്‍കാന്‍ എന്ന പേരില്‍ ആലപ്പുഴയിലേക്കു വിളിച്ചു വരുത്തി, പണം കൈമാറുന്നതിനിടെ ഹോട്ടലിനു മുന്നില്‍ വച്ചാണ് പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ വാരികയുടെ പേര് ദുരുപയോഗം ചെയ്ത് തട്ടിപ്പിനു ശ്രമിച്ചെന്നു കാട്ടി വാരികയുടെ എഡിറ്ററും രംഗത്തെത്തിയിരുന്നു.

ആള്‍മാറാട്ടം, ഭീഷണി, പണം തട്ടിയെടുക്കാല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഐപിസി 384, 419, 420 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു പൊലീസ് കേസ്. 2012 ലാണ് തിരുവല്ല പൊലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2015 നവംബറില്‍ കേസിന്റെ വിചാരണ തുടങ്ങി. തുടര്‍ന്നാണ് കഴിഞ്ഞ മാസം 26 ന് കോടതി കേസില്‍ വിധി പറഞ്ഞത്. പ്രതിക്കെതിരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ നടിയെ നിരുപാധികം വെറുതെ വിട്ടുകൊണ്ടാണ് കോടതി ഉത്തരവ്. 

ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിരുന്നു

ചെയ്തിട്ടില്ലാത്ത ഒരു കാര്യത്തിന്റെ പേരില്‍ തന്റെ നല്ല സമയം മുഴുവന്‍ നഷ്ടമായെന്നും ഈ കേസിന്റെ പേരില്‍ പല പ്രധാന സിനിമകളില്‍നിന്നും കുറച്ചു പേരെങ്കിലും മാറ്റി നിര്‍ത്തിയെന്നും പ്രിയങ്ക പറഞ്ഞു. ഒരു ടെലിവിഷന്‍ പരിപാടിയില്‍നിന്നും മാറ്റി നിര്‍ത്തുന്ന സാഹചര്യമുണ്ടായി. ഇങ്ങനെയുള്ള കേസുകളില്‍ വിധി പറയാന്‍ കോടതി ഇത്രയും കാലതാമസം എടുക്കുന്നത് സങ്കടകരമാണെന്നും അവര്‍ പറഞ്ഞു.

'കോമഡികളിലൂടെ എല്ലാവരെയും ചിരിപ്പിച്ചിട്ടു ജീവിതത്തില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ ഒരുപാടു സങ്കടപ്പെട്ടു. ഇപ്പോള്‍ സന്തോഷത്തോടെയാണ് വന്നിരിക്കുന്നത്. കൂടെ കുടുംബമുണ്ടായിരുന്നു. ആശ്വസിപ്പിക്കാന്‍ പിന്തുണയുമായി കുറേ നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. ഇത്രയും വര്‍ഷം പിടിച്ചു നിന്നു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ എല്ലാ സ്ത്രീകളെയും പോലെ ഞാനും ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിരുന്നു. അന്നതു ചെയ്തിരുന്നെങ്കില്‍ ഈ സന്തോഷം പങ്കുവയ്ക്കാന്‍ ഞാനിവിടെ ഉണ്ടാകില്ലായിരുന്നു. ഇപ്പോള്‍ ഒരു വിഷമവുമില്ല. ജീവിതത്തില്‍ നല്ല പ്രായമാണ് പോയത്. എന്നാലും ഈ ഒരു വിധിയോടെ, 20 വര്‍ഷം തിരിച്ചു കിട്ടിയതു പോലെയാണ് ഇവിടെ ഇരിക്കുന്നത്.'-പ്രിയങ്ക പറഞ്ഞു. 

'അമ്മ അന്നും ഇന്നും എന്റെ കൂടെ നിന്നിട്ടുണ്ട്, കോടതി കയറിയിറങ്ങാന്‍ അമ്മയും ഭര്‍ത്താവും കൂടെ നിന്നു. ഭര്‍ത്താവിന്റെ കുടുംബവും ഏറെ സഹിച്ചിട്ടുണ്ട്. എല്ലാവരും അനുഭവിച്ച ഒരുപാടു വിഷമങ്ങള്‍ക്ക് ഇന്ന് അവര്‍ക്ക് സന്തോഷമുണ്ടാകും. ഞാന്‍ കാരണം അവര്‍ക്ക് ഒരുപാടു വിഷമങ്ങളുണ്ടായി. ഭര്‍ത്താവിന്റെ സഹോദരിയും കുടുംബവും പോലും ബുദ്ധിമുട്ടിയിട്ടുണ്ട്. അവര്‍ക്കൊപ്പം എവിടെയെങ്കിലും ചെന്നാല്‍ പരിചയപ്പെടുത്താന്‍ തന്നെ ബുദ്ധിമുട്ടാണ്. ഇത് മറ്റേ നടിയല്ലേ എന്നാണ് ആളുകള്‍ ചോദിക്കുക. സിനിമകളില്‍നിന്നു മാറ്റി നിര്‍ത്തിയപ്പോള്‍ നിശബ്ദയായി മാറി നിന്നിട്ടേ ഉള്ളൂ. പല ഡയറക്ടര്‍മാരും ചെറിയ സീനുകളാണെങ്കിലും നല്‍കിയിട്ടുണ്ട്. അവരോടെല്ലാം നന്ദിയുണ്ട്.'

കാവേരിയുമായി നല്ല അടുപ്പമായിരുന്നു

'അഭിനേതാക്കളുടെ സംഘടന അമ്മയും എനിക്കൊപ്പം നിന്നു. അവര്‍ എനിക്കെതിരെ സംഘടനയില്‍ പരാതി നല്‍കിയിരുന്നു. കേസിന്റെ കാര്യങ്ങളെല്ലാം അമ്മയില്‍ അറിയിക്കുന്നുണ്ടായിരുന്നു. എല്ലാവരെയും സഹായിക്കുന്ന മനസ്സാണ് എന്റേത്. ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രമാണ് ഇങ്ങനെ ഒരു കാര്യം അറിഞ്ഞപ്പോള്‍ വിളിച്ച് അറിയിച്ചത്. അങ്ങനെ പറഞ്ഞതു മാത്രമാണ് താന്‍ ചെയ്തത്. തെറ്റിദ്ധാരണയുടെ പുറത്താണ് താന്‍ കേസിലേക്കു വന്നത് എന്നാണ് കരുതുന്നത്. കാവേരിയുമായും കുടുംബവുമായും അത്ര അടുപ്പമുണ്ടായിരുന്നു. കേസ് വന്നതിനു ശേഷം അവരുമായി സംസാരിച്ചിട്ടില്ല'  പ്രിയങ്ക പറഞ്ഞു.

ലഭിച്ചത് അജ്ഞാത സന്ദേശം

തന്റെ ഫോണിലേക്ക് ആരുടേതെന്നു വ്യക്തമല്ലാത്ത നമ്പരില്‍നിന്നു വന്ന അജ്ഞാത ഫോണ്‍ സന്ദേശത്തിലാണ് കാവേരിക്കെതിരെ വാരികയില്‍ വാര്‍ത്ത വരുമെന്നു പറഞ്ഞത്. ഇക്കാര്യം അവരെ വിളിച്ചു പറയുകയായിരുന്നു. പിന്നീട് കാവേരിയുടെ അമ്മ തന്നോട് ആലപ്പുഴയിലേക്ക് ഒന്നു വരാമോ എന്നു ചോദിച്ചതിനെ തുടര്‍ന്നാണ് അവിടെ ചെന്നത്. പിന്നീടാണ് തന്നെ ട്രാപ്പിലാക്കുകയായിരുന്നു എന്നു തിരിച്ചറിഞ്ഞത്. തന്റെ ഫോണിലേക്കു വന്ന വിളിയുടെ വിവരങ്ങള്‍ ഉള്‍പ്പടെ പൊലീസിനു കൈമാറിയതാണ്.- പ്രിയങ്ക പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com