

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും തട്ടകമായ കണ്ണൂരിലും നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. ചരിത്രത്തിലാദ്യമായാണ് കണ്ണൂരില്‍ പാര്‍ട്ടി പി ബി അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ തുറന്ന വിമര്‍ശനമുയരുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കൂട്ടുത്തരവാദിത്വം കാണിക്കുന്നില്ലെന്നും തളിപ്പറമ്പ്, പയ്യന്നൂര്‍ വിഷയങ്ങളില്‍ അപക്വമായി ഇടപെട്ട് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും ആരോപണം ഉയര്‍ന്നു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്വീകരിക്കുന്നത് ഏകാധിപത്യ ശൈലിയും ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ധാര്‍ഷ്ട്യവുമാണെന്നാണ് പ്രധാന വിമര്‍ശനം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഹങ്കാരവും തോല്‍വിക്കിടയാക്കിയെന്ന വിമര്‍ശനവും മറയില്ലാതെ പുറത്തുവന്നു. ഇന്നലെ അഴീക്കോടന്‍ മന്ദിരത്തില്‍ ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പ് അവലോകന യോഗം ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്നു. നേതൃത്വത്തിനെതിരെ അതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഭരണവിരുദ്ധ വികാരമല്ല, പിണറായി വിജയന്റേയും എംവി ഗോവിന്ദന്റെയും ശൈലിയാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് പ്രധാന വിമര്‍ശനം. പയ്യന്നൂരില്‍ അമിത ആത്മവിശ്വാസം ഉണ്ടായെന്നും തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയ ശൈലിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. പയ്യന്നൂരില്‍ അമിത ആത്മവിശ്വാസം ഉണ്ടായി. അടിയൊഴുക്ക് മനസ്സിലാക്കാന്‍ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും പാര്‍ട്ടി അംഗങ്ങള്‍ ആരോപിച്ചു.
വി കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. തളിപ്പറമ്പിലും ഞെട്ടിക്കുന്ന വോട്ട് ചോര്‍ച്ചയുണ്ടായി. അമിത ആത്മവിശ്വാസമാണ് ഇവിടെയും തിരിച്ചടിയായത്. പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കുമെന്ന് വ്യക്തമായതായും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ആന്തൂര്‍, മലപ്പട്ടം, മയ്യില്‍ പോലുള്ള മേഖലകളില്‍ കണ്ടത് ഇതാണ്. മാറില്ല എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു പിണറായി വിജയന്റെ പെരുമാറ്റം. തെരഞ്ഞെടുപ്പ് സമയത്ത് വീട്ടില്‍ പോയി ചോദിക്ക് എന്ന് പിണറായി വിജയന്‍ പറഞ്ഞത് ചൂണ്ടിക്കാണിച്ചായിരുന്നു അംഗങ്ങളുടെ വിമര്‍ശനം. പാര്‍ട്ടി പ്രവര്‍ത്തകന്‍ വിളിച്ചു ചോദിച്ചത് കേട്ടില്ലെന്ന് വെച്ചാല്‍ എന്തായിരുന്നു കുഴപ്പം എന്നിങ്ങനെയായിരുന്നു വിമര്‍ശനം. എം വി ഗോവിന്ദന്‍ പങ്കെടുത്ത കമ്മിറ്റിയിലാണ് വിമര്‍ശനം ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ മുഴുവന്‍ ക്ഷമയോടെ നിശബ്ദമായി കേട്ടിരിക്കുകയായിരുന്നു ഗോവിന്ദന്‍. ആരെയും കൂടുതല്‍ സമയമെടുത്ത് സംസാരിക്കുന്നതിലോ വിമര്‍ശനം കടുപ്പിക്കുന്നതിലോ വിലക്കിയില്ല.
മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിടുമെന്ന് നേരത്തെ ചില നേതാക്കള്‍ക്ക് അറിയാമായിരുന്നു. ഇപി ജയരാജന്‍, എം വി ജയരാജന്‍ എന്നിവരെ സന്ദര്‍ശിച്ചു തന്റെ അതൃപ്തി വ്യക്തമാക്കിയിട്ടും തടഞ്ഞു നിര്‍ത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല .കെ കെ രാഗേഷ് ഈ കാര്യത്തില്‍ നിഷ്‌ക്രിയനായി നിന്നു. പിണറായി വിളിച്ചിരുന്നുവെങ്കില്‍ താന്‍ പാര്‍ട്ടി വിടില്ലെന്ന് ടി കെ ഗോവിന്ദന്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
ഇവിടെ മൊട്ടുസൂചി വീണാല്‍ പോലും മുഖ്യമന്ത്രിയെ അറിയിക്കുന്ന ജില്ലാ സെക്രട്ടറി എന്തേ ഈ കാര്യം അറിയിച്ചില്ലെന്ന ചോദ്യവും ചില അംഗങ്ങള്‍ ഉയര്‍ത്തി. അയാള്‍ പോകുന്നെങ്കില്‍ പോകട്ടെയെന്ന നിലപാടാണ് ഈ കാര്യത്തില്‍ സ്വീകരിച്ചത്. തളിപ്പറമ്പില്‍ എന്‍ സുകന്യയുടെ പേര് കൂടി സ്ഥാനാര്‍ഥി പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറിയും സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന സെക്രട്ടറിക്ക് കൈമാറിയ ലിസ്റ്റില്‍ പി കെ ശ്യാമളയുടെ പേര് മാത്രമേയുണ്ടായിരുന്നുള്ളു. ഇതു പാര്‍ട്ടി അണികള്‍ക്കിടയില്‍ ആശയക്കുഴപ്പവും അതൃപ്തിയും ഉണ്ടാക്കി. മോറാഴയിലും ആന്തൂരിലും മല പട്ടത്തും ടികെ ഗോവിന്ദന് പാര്‍ട്ടി, ലോക്കല്‍ നേതാക്കളും ബ്രാഞ്ച് സെക്രട്ടറിമാരും വോട്ടു ചെയ്തിട്ടുണ്ട.് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കേണ്ട ഓപ്പണ്‍ വോട്ടും എതിര്‍ സ്ഥാനാര്‍ഥിക്ക് പോയി.
പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ ജയിക്കുമെന്ന് പാര്‍ട്ടി അമിതമായി വിശ്വസിച്ചു. അന്‍പതിനായിരത്തിന് ജയിച്ച മണ്ഡലത്തിലാണ് ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് തോറ്റത്. ബി ജെ പി യുടെ പതിനായിരം വോട്ടു മറിച്ചുവെന്ന് വാദിച്ചാലും തോല്‍വിയെ ന്യായീകരിക്കാനാവില്ല. ധര്‍മ്മടത്ത് ആറാം റൗണ്ട് വരെ പിണറായി പിന്നിലായത് നെഞ്ചിടിപ്പ് കൂട്ടിയെന്ന് ഒരംഗം ചൂണ്ടികാട്ടി. മട്ടന്നൂരും കല്യാശേരിയും അഴിക്കോടും വോട്ടുകള്‍ ഗണ്യമായി കുറഞ്ഞത് പരിശോധിക്കണം. കണ്ണൂര്‍ മണ്ഡലം നഷ്ടമായി. കൂത്തുപറമ്പ് നേരിയ വ്യത്യാസത്തിനാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥി ജയിച്ചു കയറിയത് .തങ്ങളെ വിശ്വാസത്തിലെടുക്കാതെ മുന്‍പോട്ടു പോയ നേതൃത്വത്തെ അണികള്‍ തിരുത്തിയെന്ന് സെക്രട്ടേറിയറ്റ് അംഗങ്ങളിലൊരാള്‍ വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലെ തലവാചകം കടമെടുത്തു കൊണ്ട് പറഞ്ഞു. എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍, പി കെ ശ്രീമതി , എം വി ജയരാജന്‍, പി കെ ശ്രീമതി തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates