

നിർമ്മാണം പൂർത്തിയാകാൻ 11 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ മാസം 19 ന് ആറ് വരി ദേശീയ പാത 66 (National Highway- 66) ലെ മലപ്പുറം കൂരിയാട് ഭാഗത്തെ റോഡ് തകർന്നു. ഹൈദരാബാദ് ആസ്ഥാനമായ കെ എൻ ആർ സി എൽ എന്ന നിർമ്മാണ കമ്പനിയാണ് ദേശീയ പാതയിലെ ഈ തകർന്ന ഭാഗം നിർമ്മിക്കാനുള്ള ചുമതല ഏറ്റെടുത്തിരുന്നത്. ദേശീയപാത തകർന്നതോടെ വിവാദത്തിലാവുകയും തുടർന്ന് ഉപരിതല ഗതാഗത മന്ത്രാലയം വിലക്കേർപ്പെടുത്തുകയും ചെയ്ത കമ്പനിക്ക് കേരള ചരിത്രത്തിലെ അത്യപൂർവ്വമായൊരു രാഷ്ട്രീയ സംഭവവുമായും ബന്ധമുണ്ട്. കേരളത്തിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ജില്ലാഭരണാധികാരിയെ മണിക്കൂറുകളോളം ബന്ദിയാക്കുകയും കേരളം മുള്‍മുനയിയാവുകയും ചെയ്ത ചരിത്രമാണ് അത്.
എൻഎച്ച്-66 വീതി കൂട്ടലിന്റെ ആകെയുള്ള 22 റീച്ചുകളിൽ 39.68 കിലോമീറ്റർ ദൂരം വരുന്ന രാമനാട്ടുകര-വളാഞ്ചേരി റീച്ചിലാണ് ഈ അപകടം സംഭവിച്ചത്. ഈ മാസം 19 നാണ് ദേശീയ പാതയിലെ രാമനാട്ടുകാര- വളാഞ്ചേരി റീച്ചിലെ കോട്ടയ്ക്കലിനും തേഞ്ഞിപ്പാലത്തിനുമിയിലുള്ള കക്കാട് കൂരിയാട് വയലിലൂടെ കടന്നുപോകുന്ന പാതയുടെ 250 മീറ്ററോളം തകർന്നത്. ഉച്ചയ്ക്ക് 2.15 ഓടെ ഇതിലെ സർവീസ് റോഡ് വഴി പോകുകയായിരുന്ന കാറിന് മുകളിൽ ഇന്റർലോക്ക് കട്ടകൾ ഇളകി വീണു. പിന്നാലെ വന്ന രണ്ട് കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. എട്ടുപേർക്ക് പരുക്കേറ്റു. നിർമ്മാണം അവസാനഘട്ടത്തിലിരിക്കുന്ന ഭാഗത്താണ് ഈ അപകടം സംഭവിച്ചത്.
എൻ എച്ച് 66 ൽ ആറ് വരി പാതയാക്കുന്ന രാമനാട്ടുകര- വളാഞ്ചേരി ബൈപാസ് റീച്ചും അതിന് ശേഷം വരുന്ന വളാഞ്ചേരി ബൈപാസ് - കാപ്പിരിക്കാട് റീച്ചും നിർമ്മാണ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്ന കെ എൻ ആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡ് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ സ്ഥാപകനും നിലവിലെ മാനേജിങ് ഡയറ്കടറും കെ. നരസിംഹ റെഡ്ഢിയാണ് . അദ്ദേഹം 1979ൽ രൂപീകരിച്ച കെ നരസിംഹ റെഡ്ഢി ആൻഡ് കമ്പനിയാണ് കെ എൻ ആർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടുന്നത്. 1968ൽ നിർമ്മാണ കരാറുകാരനായ രംഗത്തു വന്ന നരംസിംഹ റെഡ്ഢിയാണ് 1979 ൽ ഈ കമ്പനി തുടങ്ങിയത്. അവരുടെ വെബ്സൈറ്റിലെ രേഖകൾ പ്രകാരം ഹൈവേ നിർമ്മാണ രംഗത്ത് ഈ കമ്പനിക്ക് 40 വർഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്നു. കേരളത്തിന് പുറമെ തെലങ്കാനയും ആന്ധ്രപ്രദേശും തമിഴ്നാടുമടക്കം വിവിധ സംസ്ഥാനങ്ങളിൽ റോഡുകൾ ഉൾപ്പടെയുള്ള നിർമ്മാണ കരാറുകൾ കിട്ടിയിട്ടുണ്ടെന്ന് അവരുടെ വെബ് സൈറ്റും വാർഷിക റിപ്പോർട്ടുകളും വാർത്തകളും വ്യക്തമാക്കുന്നു.
മൂന്ന് വർഷം മുമ്പ് മാർച്ച് 2022 ലാണ് കെ എൻ ആർ കൺസ്ട്രക്ഷൻ കമ്പനി പൊടുന്നനെ വാർത്തകളിൽ നിറഞ്ഞത്. മാർച്ചിൽ ആദായനികുതി വകുപ്പ് കമ്പനിയിൽ റെയിഡ് നടത്തി. ഇതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ ആദായനികുതി വകുപ്പ് 30ശതമാനം നികുതിയും പിഴയും ഈടാക്കാൻ തീരുമാനിച്ചതായും വാർത്ത പുറത്തുവന്നു. എന്നാൽ ഈ കമ്പനി ഉടമകൾ പ്രത്യക്ഷത്തിൽ ഏതെങ്കിലും രാഷ്ട്രീയപാർട്ടികളുമായി ബന്ധമുള്ളതായ ആരോപണങ്ങളുണ്ടായിട്ടില്ല. കോവിഡ് കാലത്ത് പലരും സർക്കാരിന് സംഭാവന നൽകുന്നതുപോലെ കെ എൻ ആർ സി എല്ലും അവരുടെ സംസ്ഥാനത്തെ സർക്കാരിന് വലിയൊരു തുക സംഭാവന നൽകിയിരുന്നു. ഇലക്ഷൻ ബോണ്ടിൽ പണം നൽകിയ കമ്പനികളുടെ കൂട്ടത്തിൽ കെ എൻ ആർ സി എൽ ഉണ്ടെന്ന് ആരോപണമുണ്ടെങ്കിലും സമകാലിക മലയാളത്തിന് സ്വതന്ത്രമായി അത് പരിശോധിച്ച് കണ്ടെത്താൻ സാധിച്ചിട്ടില്ല.
കമ്പനിയുടെ മാനേജിങ് ഡയറ്ക്ടർ കെ നരസിംഹറെഡ്ഢിക്ക് പുറമെ എക്സിക്യൂട്ടീവ് ഡയറക്ടർ എക്സിക്യൂട്ടീവ് ഡയറ്കടറും പ്രമോട്ടറുമായ കെ ജലന്ധർ റെഡ്ഢി, ഇൻഡിപെൻഡന്റ് ഡയറക്ടർ കെ . ഉദയ ഭാസ്കര റെഡ്ഢി, ഇൻഡിപെൻഡന്റ് ആൻഡ് നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി. ചന്ദ്രരേഖ, പ്രമോട്ടർ ആൻഡ് നോൺ - എക്സിക്യൂട്ടീവ് ഡയറക്ടർ കാമിഡി യശോദ എന്നിവരാണ്. ഡോ. വ്ദാരു രാംപുല്ല റെഡ്ഢിയാണ് കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ആൻഡ് ഇൻഡിപെൻഡന്റ് ചെയർമാൻ എന്നും അവരുടെ വെബ് സൈറ്റ് പറയുന്നു.
ഈ പേര് കേൾക്കുമ്പോൾ അന്തംവിട്ടു നിൽക്കണ്ട, മലയാളികളിൽ കുറച്ചുപേർക്കെങ്കിലും ഈ പേര് ചുരുക്കി പറഞ്ഞാൽ മനസ്സിലാകും. ഡോ. ഡബ്ല്യൂ ആർ റെഡ്ഢി. 33 വർഷം സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന ഡബ്ല്യു ആർ റെഡ്ഢിക്ക് കേരളത്തെയോ കേരളത്തിന് അദ്ദേഹത്തെയോ മറക്കാനാകില്ല. കേരള സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി, നികുതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, മിൽമ, കേരളാ വാട്ടർ അതോറിട്ടി മാനേജിങ് ഡയറക്ടർ എന്നീ നിലകളിലൊക്കെ സേവനമനുഷ്ഠിച്ച 1986 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ഡബ്യു ആർ റെഡ്ഢി കേരളത്തിലായിരുന്നപ്പോൾ ആദ്യകാലത്ത് ലഭിച്ച പോസ്റ്റിങ്ങിലൊന്ന് പാലക്കാട് കലക്ടർ ആയിട്ടായിരുന്നു. 1996ൽ അദ്ദേഹം പാലക്കാട് കലക്ടർ ആയിരിക്കെയാണ് നൂലുണ്ടയും ഏറുപടക്കവും കളിത്തോക്കുമൊക്കെയായി അയ്യങ്കാളിപട എന്ന മാവോയിസ്റ്റ് ഗ്രൂപ്പായ കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടന ബന്ദിയാക്കിയത്. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കൽ നിയമം (1975) നടപ്പാക്കണമെന്നും, അത് പിൻവലിക്കുന്നതിനായി ഭരണപ്രതിപക്ഷങ്ങൾ ഒന്നിച്ച് ( കെ ആർ ഗൗരിയമ്മ ഒഴികെ എല്ലാവരും അനുകൂലിച്ച ബിൽ) പാസാക്കിയ ബിൽ പിൻവലിക്കണമെന്നുമുള്ളതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് അന്ന് പാലക്കാട് കലക്ടറായിരുന്ന ഡബ്ല്യു ആർ റെഡ്ഢിയെ ബന്ദിയാക്കിയത്. രാവിലെ ആരംഭിച്ച സംഭവവികാസങ്ങൾ അന്ന് ഏറെ നേരം നീണ്ടു നിന്നു. 1996 ഒക്ടോബർ നാലിനായിരുന്നു ബന്ദിയാക്കൽ സംഭവം നടന്നത്. ഒമ്പത് മണിക്കൂർ നേരം ആണ് ബന്ദിയാക്കലും ഒത്തുതീർപ്പ് ചർച്ചയുമൊക്കെയായി നീണ്ടുനിന്നു.
അയ്യങ്കാളിപ്പട പ്രവർത്തകരായ അജയൻ മണ്ണൂർ, കല്ലറ ബാബു, വിളയോടി ശിവൻകുട്ടി, കാഞ്ഞങ്ങാട് രമേശൻ എന്നിവരാണ് അന്ന് പാലക്കാട് കലക്ടറേറ്റിലെത്തി കലക്ടറായിരുന്ന ഡബ്ല്യൂ ആർ റെഡ്ഢിയെ ബന്ദിയാക്കിയത്.
പാലക്കാട് കലക്ടറെ അയ്യങ്കാളിപ്പട ബന്ദിയാക്കിയ സംഭവം നടന്ന് 25 വർഷങ്ങൾ പിന്നിട്ടപ്പോൾ അത് സിനിമയായി. കെ എം കമൽ എന്ന സംവിധായകൻ ഈ സംഭവത്തെ ആസ്പദമാക്കി പട എന്ന സിനിമ ചെയ്തു. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, പ്രകാശ് രാജ്, ഇന്ദ്രൻസ്,അര്ജുൻ രാധാകൃഷ്ണൻ, വികെ ശ്രീരാമൻ, ജഗദീഷ്, എന്നിവർ അഭിനയിച്ചു. ഏറെ നിരൂപക പ്രശംസ നേടിയ ഈ സിനിമയ്ക്ക് വിവിധ അവാർഡുകളും ലഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates