

കൊച്ചി: തിരുവനന്തപുരം മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വെറും രാഷ്ട്രീയം കളിക്കരുത്. സാങ്കേതികതയുടെ കാര്യം പറഞ്ഞ് വോട്ടവകാശം നിഷേധിക്കപ്പെടുന്നു. എന്നു മാത്രമല്ല സ്ഥാനാര്‍ത്ഥിത്വവും അനിശ്ചിതത്വത്തിലായിരിക്കുന്നു. ഇതു ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. വൈഷ്ണയുടെ അപ്പീലില്‍ രണ്ടു ദിവസത്തിനുള്ളില്‍ ജില്ലാ കലക്ടര്‍ തീരുമാനം കൈക്കൊള്ളണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വൈഷ്ണ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
സാങ്കേതിക കാരണങ്ങളായി പറയുന്നത് തന്റെ ഭാഗത്തു നിന്നുള്ള പിഴവല്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിഴവാണെന്നും വൈഷ്ണ കോടതിയില്‍ വാദിച്ചു. ഇതിന് താന്‍ ഉത്തരവാദിയല്ല. ഹിയറിങ്ങിന് വിളിച്ചപ്പോള്‍ തന്റെ കൈവശമുള്ള ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളെല്ലാം ഹാജരാക്കിയിരുന്നു. ഈ രേഖകളൊന്നും പരിശോധിച്ചില്ല. എന്നു മാത്രമല്ല, പരാതി നല്‍കിയ ആള്‍ ഹിയറിങ്ങില്‍ ഹാജരായിരുന്നുമില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്നും വൈഷ്ണ സുരേഷ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയത് അനീതിയാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. 24 വയസ്സുള്ള പെണ്‍കുട്ടി മത്സരിക്കാനായി ഇറങ്ങിയപ്പോള്‍, രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അവകാശം നിഷേധിക്കരുത്. കേസില്‍ വീണ്ടും ഹിയറിങ്ങ് നടത്താന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. ഹിയറിങ്ങില്‍ പരാതിക്കാരനായ സിപിഎം പ്രവര്‍ത്തകന്‍ ഹാജരാകണം. ഹിയറിങ്ങിനു ശേഷം തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അല്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരും. അസാധാരണ അധികാരം കോടതിക്ക് ഉപയോഗിക്കേണ്ടി വരുമെന്നുംഹൈക്കോടതി വ്യക്തമാക്കി.
വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമാണ് വോട്ടര്‍പട്ടികയില്‍നിന്ന് പേര് വെട്ടിപോകുന്നതെന്ന് കോടതി നിരീക്ഷിച്ചു. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ നല്‍കിയ വിലാസത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയാണ് വൈഷ്ണക്കെതിരേ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് കുമാർ കഴിഞ്ഞദിവസം കമ്മിഷന് പരാതി നല്‍കിയത്. വോട്ടര്‍പട്ടികയില്‍ അച്ചടിച്ചുവന്ന മേല്‍വിലാസത്തിലെ വീട്ടുനമ്പര്‍ തെറ്റായിരുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പേര് നീക്കിയത്. അന്തിമ വോട്ടര്‍പട്ടികയിലും, സപ്ലിമെന്ററി ലിസ്റ്റിലും വൈഷ്ണയുടെ പേരുണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫീസറുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് വൈഷ്ണ അപ്പീലും സമര്‍പ്പിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates