

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കെഎസ്‌ഐഎന്‍സി ഇഎംസിസിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കിയേക്കും. ധാരണാപത്രം അടക്കം വിവാദ വിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായാണ് സൂചന. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ചട്ടലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ മുഖ്യമന്ത്രി കടുത്ത അമര്‍ഷം രേഖപ്പെടുത്തിയതായാണ് സൂചന. ആഴക്കടല്‍ മത്സ്യബന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുകയോ ധാരണാപത്രം ഒപ്പിടുകയോ ചെയ്തിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ ധാരണാപത്രം, ഭൂമി അനുവദിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് രണ്ടുരേഖകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുറത്തുവിട്ട പശ്ചാത്തലത്തിലാണ് വിവാദ വിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
അസന്റ് കേരളയില്‍ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ സ്വകാര്യ കമ്പനിയായ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടു എന്ന് കാണിച്ച് പ്രതിപക്ഷം രേഖകള്‍ ഉയര്‍ത്തിക്കാണിച്ചതോടെയാണ് വിഷയം വിവാദമായത്. ആലപ്പുഴയിലെ പള്ളിപ്പുറത്ത് കെഎസ്‌ഐഡിസി തുടങ്ങിയ മറൈന്‍ പാര്‍ക്കില്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍ സ്വകാര്യകമ്പനിക്ക് അനുമതി നല്‍കി എന്നതാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം. ഇരുവിഷയത്തിലും നയത്തിന് വിരുദ്ധമായ ഉപാധികള്‍ ഉണ്ടെങ്കില്‍ റദ്ദാക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates