

കൊച്ചി: ഫ്‌ലാറ്റ് നിര്‍മിച്ച് കൈമാറുന്നതില്‍ നാല് വര്‍ഷത്തോളം കാലതാമസം വരുത്തുകയും അധിക തുക ഈടാക്കുകയും ചെയ്‌തെന്ന പരാതിയില്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ഡിഎല്‍എഫ് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
കാക്കനാട് ഡിഎല്‍എഫ് ന്യൂ ടൗണ്‍ ഹൈറ്റ്‌സ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് സീനാ സൂസന്‍ കുരുവിളയും മകന്‍ മിഥുന്‍ കുരുവിളയും നല്‍കിയ പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്. 2010 മെയ് മാസം പരാതിക്കാര്‍ 34,29,880/ രൂപയ്ക്ക് കാക്കനാട്ടെ ഡി.എല്‍.എഫ് ന്യൂ ടൗണ്‍ ഹൈറ്റ്‌സില്‍ അപ്പാര്‍ട്ട്‌മെന്റ് ബുക്ക് ചെയ്തത്. 2013 ജനുവരി 19-നകം ഫ്‌ലാറ്റ് കൈമാറുമെന്നായിരുന്നു കരാര്‍. എന്നാല്‍, 95% തുകയും അടച്ചിട്ടും ഏകദേശം അഞ്ച് വര്‍ഷത്തോളം താമസിച്ച് 2017 സെപ്റ്റംബറിലാണ് ഫ്‌ലാറ്റ് കൈമാറിയത്. ഇതിനിടയില്‍ 10,22,063/രൂപ അധികമായി ആവശ്യപ്പെടുകയും സമ്മര്‍ദ്ദം കാരണം പരാതിക്കാര്‍ക്ക് അത് നല്‍കേണ്ടി വരികയും ചെയ്തു. കൂടാതെ, നിര്‍മ്മാണ കാലയളവില്‍ ഫ്‌ലാറ്റിന്റെ വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിച്ചു എന്ന പേരില്‍ 2,74,480/ രൂപ അധികമായി ഈടാക്കി. എന്നാല്‍, കൈമാറിക്കിട്ടിയ അപ്പാര്‍ട്ട്‌മെന്റ് നിലവാരം കുറഞ്ഞതായിരുന്നു എന്നും മതിയായ ജലവിതരണ സംവിധാനമോ, ശരിയായ ഇലക്ട്രിക്കല്‍ ജോലികളും ചെയ്തിരുന്നില്ല. പരാതിക്കാരുടെ വായ്പാ അക്കൗണ്ടില്‍ നിന്ന് അനധികൃതമായി പണം പിന്‍വലിച്ചതായും പരാതിയില്‍ പറയുന്നു.
കരാര്‍ പ്രകാരമുള്ള സമയത്ത് ഫ്‌ലാറ്റ് കൈമാറുന്നതില്‍ നിര്‍മ്മാതാവ് പരാജയപ്പെടുന്നത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന് സുപ്രീം കോടതിയുടെ മുന്‍കാല വിധികള്‍ ഉദ്ധരിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. ഫ്‌ലാറ്റ് ലഭിക്കുന്നതിനായി ഉപഭോക്താവിനെ അനന്തമായി കാത്തിരിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഡിഎല്‍എഫിന്റെ ഭാഗത്തുനിന്ന് സേവനത്തില്‍ ഗുരുതരമായ വീഴ്ചയും അനുചിതമായ വ്യാപാര രീതിയും ഉണ്ടായതായി കോടതി കണ്ടെത്തി.
ഫ്‌ലാറ്റ് കൈമാറുന്നതിലെ കാലതാമസത്തിന്, ഹാന്‍ഡ് ഓവര്‍ പറഞ്ഞ തീയതി മുതല്‍ ഫ്‌ലാറ്റ് കൈമാറിയ യഥാര്‍ത്ഥ തീയതി വരെയുള്ള 4 വര്‍ഷക്കാലയളവിന് ഫ്‌ലാറ്റിന്റെ വിലയായ 34,29,880/ രൂപയുടെ 12% തുക പലിശയായി നല്‍കണം. കാലതാമസം കാരണം പരാതിക്കാര്‍ക്ക് വാടകയിനത്തില്‍ ചിലവായ 5,76,000/ രൂപ തിരികെ നല്‍കണം. കൂടാതെ,പരാതിക്കാര്‍ക്ക് ഉണ്ടായ മാനസിക വിഷമത്തിനും ബുദ്ധിമുട്ടുകള്‍ക്കും കോടതി ചെലവിനും നഷ്ടപരിഹാരമായി 1,10,000 / രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി.പരാതിക്കാര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ബിനു മാത്യു കോടതിയില്‍ ഹാജരായി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
