

തിരുവനന്തപുരം: രാജ്യ തലസ്ഥാനത്തെ ഉഗ്ര സ്ഫോടനത്തിനു പിന്നാലെ കേരളത്തിലും ജാഗ്രതാ നിർദ്ദേശമെന്നു ഡിജിപി റവാഡ ചന്ദ്രശേഖർ. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് സുരക്ഷ വർധിപ്പിച്ചു. സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടക്കുന്നുണ്ട്. ബസ് സ്റ്റാൻഡുകളിലും പരിശോധനയുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ നിന്നു ദൃശ്യങ്ങൾ പകർത്തരുതെന്നു ആർപിഎഫ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ആൾക്കൂട്ടമുള്ള ഇടങ്ങളിലെല്ലാം വലിയ രീതിയിൽ പരിശോധിക്കുന്നുണ്ട്. ആശങ്ക വേണ്ടെന്നും സുരക്ഷയുടെ ഭാഗമായാണ് നടപടികളെന്നും ഡിജിപി കൂട്ടിച്ചേർത്തു. കേരളം- കർണാടക അതിർത്തി പ്രദേശങ്ങളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്.
ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപം വൈകീട്ട് 6.52 ഓടെയാണ് സ്ഫോടനമുണ്ടായത്. ട്രാഫിക്ക് സിഗ്നലിൽ നിർത്തിയ കാറിലാണ് ആദ്യമായി പൊട്ടിത്തെറിയുണ്ടായത്. രണ്ട് വാഹനങ്ങളിൽ ഒരേസമയം സ്ഫോടനം ഉണ്ടായെന്നും വിവരങ്ങളുണ്ട്. സ്ഫോടനത്തിനു പിന്നാലെ സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു.
സ്ഫോടനത്തിന്റെ ശബ്ദം രണ്ടര കിലോമീറ്ററോളം അകലെ വരെ ഉയർന്നു. പ്രകമ്പനത്തിൽ സമീപത്തെ തെരുവു വിളക്കുകൾ തകർന്നു. സ്ഫോടനമുണ്ടായപ്പോൾ സമീപത്തെ വാഹനങ്ങൾ 150 മീറ്റർ അകലേയ്ക്ക് തെറിച്ചു പോയതായി ദൃക്സാക്ഷികൾ പറയുന്നു. കുറച്ച് അകലെ നിർത്തിയിട്ടിരുന്ന പല വാഹനങ്ങളുടെയും ഗ്ലാസുകളടക്കവും തകർന്നിട്ടുണ്ട്. 20 ഫയർ എഞ്ചിനുകൾ എത്തിച്ചാണ് തീ കെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates