കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ല?; മാസപ്പടി കേസില്‍ എസ്എഫ്ഐഒയോട് ഡല്‍ഹി ഹൈക്കോടതി

തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാനായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് കേസ് കൈമാറിയിട്ടുണ്ട്
exalogic, veena
Exalogic , Veenaഫയൽ ചിത്രം
Updated on
2 min read

ന്യൂഡല്‍ഹി: സിഎംആര്‍എല്‍- എക്‌സാലോജിക് ( CMRL - Exalogic ) മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കുറ്റപത്രം നല്‍കില്ലെന്ന ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. എസ്എഫ്‌ഐഒ ( SFIO ) അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് എന്ന സ്ഥാപനവുമായുള്ള സാമ്പത്തിക ഇടപാടില്‍ എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് കേന്ദ്രത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. കുറ്റപത്രം സമര്‍പ്പിക്കില്ല എന്നതടക്കമുള്ള വാക്കാലുള്ള ഉറപ്പ് എസ്എഫ്‌ഐഒ കോടതിയില്‍ നല്‍കിയിരുന്നു. അത് എന്തുകൊണ്ട് പാലിച്ചില്ലെന്നാണ് കോടതി ആരാഞ്ഞത്. തുടര്‍ന്ന് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാനായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് കേസ് കൈമാറിയിട്ടുണ്ട്.

നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന് മുന്നില്‍ എസ്എഫ്‌ഐഒയുടെ അഭിഭാഷകര്‍ ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്. ഇതിനിടെ ജഡ്ജിമാരുടെ സ്ഥലംമാറ്റത്തെത്തുടര്‍ന്ന് കേസ് ജസ്റ്റിസ് ഗിരീഷ് കട്പാലിയയുടെ ബെഞ്ചിലാണ് എത്തിയത്. ഇതിനിടെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐഒ കേരളത്തിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസ് ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇതിനിടെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ഗിരീഷ് കട്പാലിയ കേസ് പരിഗണിക്കുമ്പോള്‍, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന് മുന്നില്‍ എസ്എഫ്‌ഐഒ നല്‍കിയ ഉറപ്പ് സിഎംആര്‍എല്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്ന് ഇതില്‍ വ്യക്തത വരുത്തുന്നതിനായി കേസ് വീണ്ടും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് വിടുകയായിരുന്നു. സിഎംആര്‍എല്‍ അഭിഭാഷകന്‍ രാവിലെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന് മുമ്പാകെ ഈ കേസ് മെന്‍ഷന്‍ ചെയ്തപ്പോഴാണ് എസ്എഫ്‌ഐഒ ഉറപ്പ് ലംഘിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്.

അന്വേഷണം തുടരാമെങ്കിലും ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ പരാതി ഫയല്‍ ചെയ്യരുതെന്ന് വാക്കാല്‍ ധാരണയുണ്ടായിരുന്നുവെന്നാണ് സിഎംആര്‍എല്ലിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. ഇത്തരം വാക്കാലുള്ള ധാരണകള്‍ രേഖാമൂലം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ചിലപ്പോള്‍ കോടതികള്‍ അഭിഭാഷകരുടെ വാക്കുകള്‍ കണക്കിലെടുക്കാറുണ്ടെന്ന് ജസ്റ്റിസ് പ്രസാദ് അഭിപ്രായപ്പെട്ടു.

അന്വേഷണം തുടരാമെങ്കിലും ഈ ഹര്‍ജി പരിഗണിക്കുന്നതുവരെ ഒരു തുടര്‍നടപടിയും ഉണ്ടാകില്ലെന്ന് കോടതിക്ക് ഉറപ്പു നല്‍കിയിട്ടും എന്തിനാണ് കുറ്റപത്രം സമര്‍പ്പിച്ചത് എന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മയോട് ചോദിച്ചു. പരാതി ഇപ്പോള്‍ മറ്റൊരു ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പരാതിയെക്കുറിച്ചോ ഇപ്പോള്‍ വിഷയത്തെക്കുറിച്ചോ എന്തെങ്കിലും പറഞ്ഞാല്‍ അത് മറ്റൊരു കോടതിയുടെ പരിഗണനയിലുള്ള നടപടികളെ തടസ്സപ്പെടുത്തുമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു. തുടര്‍ന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിടുകയായിരുന്നു. മാസപ്പടി കേസില്‍ കേരള ഹൈക്കോടതി തുടര്‍നടപടിക്ക് താല്‍ക്കാലിക സ്റ്റേ അനുവദിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com