'ചക്കരക്കുടം കണ്ടാല്‍ കയ്യിട്ടു നക്കും', ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചു വിടണം; ജി സുധാകരന്‍ സംശുദ്ധനായ നേതാവ്: വെള്ളാപ്പള്ളി

ദേവസ്വം ബോര്‍ഡ് സംവിധാനം അഴിച്ചു പണിയാത്തിടത്തോളം കാലം അഴിമതി ലോകാവസാനം വരെ അനുസ്യൂതമായി നടക്കും
 Vellappally Natesan
വെള്ളാപ്പള്ളി നടേശൻ ( Vellappally Natesan ) ഫയൽ
Updated on
2 min read

ആലപ്പുഴ: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പലരുടേയും കാലത്തെ അഴിമതികള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നാലഞ്ച് ദേവസ്വം ബോര്‍ഡ് ഉണ്ടാക്കി കുറേ രാഷ്ട്രീയക്കാര്‍ക്ക് ഇരിക്കാന്‍ അവസരമുണ്ടാക്കി കൊടുത്തിരിക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വേണ്ട. എല്ലാം ഒഴിവാക്കണം. ഇതെല്ലാം പിരിച്ചു വിട്ട് ഒറ്റ കുടക്കീഴിലാക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.

 Vellappally Natesan
'വധശിക്ഷ നല്‍കണം', രാജീവ് ഗാന്ധി കേസ് ഉദ്ധരിച്ച് പ്രോസിക്യൂഷന്‍; ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍

ഇന്നത്തെ ദേവസ്വം ഭരണ സംവിധാനത്തിലെ ബോര്‍ഡ് സംവിധാനം അഴിച്ചു പണിയാത്തിടത്തോളം കാലം ഈ അഴിമതി ആരു വന്നാലും ലോകാവസാനം വരെ അനുസ്യൂതമായി നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡേ വേണ്ട. എല്ലാം പിരിച്ചുവിട്ട് ഒറ്റ ബോര്‍ഡ് ഉണ്ടാക്കിക്കൂടേ. നല്ല ഐഎഎസുകാരനെ തലപ്പത്തു നിയമിച്ച്, അയാള്‍ക്ക് എക്‌സിക്യൂഷന്‍ അധികാരം നല്‍കുകയാണ് വേണ്ടത്. വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തിലെ സമ്പത്തുള്ള എല്ലാ ദേവസ്വം ബോര്‍ഡ് അമ്പലങ്ങളിലും മോഷണമാണ്. ഇന്നുള്ള ഭരണസംവിധാനം ഈ നിലയില്‍ പോയാല്‍, തീര്‍ച്ചയായും 'ചക്കരക്കുടം കണ്ടാല്‍ കയ്യിട്ടു നക്കു'മെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. മുമ്പുണ്ടായിരുന്ന പത്തനംതിട്ടക്കാരന്‍ വലിയ കുഴപ്പക്കാരനാണെന്ന് മുമ്പേ താന്‍ പറഞ്ഞിട്ടുള്ളതാണ്. പത്മകുമാര്‍ ഭയങ്കര കുഴപ്പക്കാരനാണ്. അതിന്റെ പേരില്‍ രാജ്യത്ത് മുഴുവന്‍ പ്രക്ഷോഭമാണ്. അതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സ്വര്‍ണം മോഷണവുമായി ബന്ധപ്പെട്ട് നമ്പൂതിരിമാരും പോറ്റിമാര്‍ക്കുമെതിരായ പ്രസ്താവനയില്‍ ബ്രാഹ്മണ സഭയോട് വെള്ളാപ്പള്ളി ക്ഷമ ചോദിച്ചു. മേല്‍ശാന്തിയെ ചീത്തപറഞ്ഞു, ബ്രാഹ്മണരെ ചീത്ത പറഞ്ഞു എന്നൊന്നും വ്യാഖ്യാനിക്കരുത്. ബ്രാഹ്മണ സഭയ്ക്ക് എതിരെ താനൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ അവര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമ

ജി സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായ വ്യക്തിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇന്നും കുറേ ജനങ്ങളുടെ ഹൃദയത്തില്‍ സുധാകരന് സ്ഥാനമുണ്ട്. അദ്ദേഹത്തിന് പ്രായമായി, അധികാരത്തില്‍ നിന്നും മാറി നില്‍ക്കുന്നു എന്നത് ശരിയാണ്. എന്നാല്‍ത്തന്നെയും ആലപ്പുഴക്കാരെ സംബന്ധിച്ചിടത്തോളം അത്ര പെട്ടെന്ന് അവഗണിക്കാന്‍ പറ്റുന്ന വ്യക്തിത്വമല്ല ജി സുധാകരന്‍. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഒരുപാട് സംവാദങ്ങള്‍ ഉണ്ടാക്കാതെ യോജിച്ച് പോകുന്നതാണ് നല്ലതെന്നാണ് തനിക്ക് തോന്നുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 Vellappally Natesan
'വെല്ലുവിളിയൊന്നും വേണ്ട, നിയമം നിയമത്തിന്‍റെ വഴിക്കു പോവും', ഹിജാബ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

ജി സുധാകരന്‍ മന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിന് ഒരു പൊതുമരാമത്ത് മന്ത്രി ഉണ്ടെന്ന് കേരളം അറിഞ്ഞത്. ഒട്ടേറെ വികസനം കൊണ്ടുവന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സുധാകരനെ ഭയമായിരുന്നു. ചില പരിപാടികളില്‍ അദ്ദേഹത്തെ ഒഴിവാക്കി എന്നു പറയുമ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന് വിഷമം ഉണ്ടാകും. അതൊക്കെ പരിഹരിച്ചു കൊണ്ടുപോകണം. സജി ചെറിയാന്റെയും നാസറിന്റെയും വളര്‍ച്ച ഉള്‍ക്കൊള്ളാന്‍ സുധാകരന്‍ തയ്യാറാണ്. അദ്ദേഹത്തിന്റെ പ്രായവും പരിജ്ഞാനവും അവര്‍ക്ക് കൂടി പകര്‍ന്നുകൊടുത്ത് നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടു പോകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Summary

SNDP Yogam General Secretary Vellappally Natesan demands a thorough investigation into the Sabarimala gold theft

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com