Sabarimala
ശബരിമലഫയല്‍

സ്പോട്ട് ബുക്കിങ് ഉണ്ടാവില്ല, വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന് തീരുമാനിച്ചത് ഭക്തരുടെ സൗകര്യത്തിനെന്ന് മന്ത്രി വാസവന്‍

തീര്‍ത്ഥാടകരുടെ എണ്ണം പ്രതിദിനം 80,000 ആയി ക്രമപ്പെടുത്തിയത് സുഗമമായ തീര്‍ത്ഥാടനത്തിന് വേണ്ടിയെന്ന് മന്ത്രി
Published on

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം പ്രതിദിനം 80,000 ആയി ക്രമപ്പെടുത്തിയത് സുഗമമായ തീര്‍ത്ഥാടനത്തിന് വേണ്ടിയാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍. വെര്‍ചല്‍ ക്യൂ ബുക്കിങ് മാത്രം മതിയോ സ്‌പോട്ട് ബുക്കിങ് അനുവദിക്കണോ എന്നത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം ചര്‍ച്ച ചെയ്തിരുന്നു. സ്‌പോട്ട് ബുക്കിങ് അനുവദിച്ചാല്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം 80000 കവിഞ്ഞുപോകുമെന്നതാണ് മുന്‍കാല അനുഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

2023-24 തീര്‍ത്ഥാടന കാലത്ത് വെര്‍ച്വല്‍ ക്യൂം സ്‌പോട്ട് ബുക്കിങും വഴി 80,000 ലേറെ പേര്‍ വരുന്ന അവസ്ഥയുണ്ടായി. ഇങ്ങനെ വരുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക സൗകര്യം ഒരുക്കുന്നത് വലിയ പ്രശ്‌നമാകും. തിക്കും തിരക്കിനും ഇടയാക്കും. തിരക്ക് നിയന്ത്രിക്കുക, സുഗമമായ ദര്‍ശനം ഒരുക്കുക തുടങ്ങിയവ പരിഗണിച്ചാണ് ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന് അവലോകന യോഗം തീരുമാനമെടുത്തത്. സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ വഴി പ്രതിദിനം 80,000 തീര്‍ത്ഥാടകരെ ദര്‍ശനത്തിന് അനുവദിക്കും.

മുന്‍കൂട്ടി തിരക്കു നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുക കൂടി ലക്ഷ്യമിട്ട് തീര്‍ത്ഥാടകര്‍ ഏതു പാതയാണ് തെരഞ്ഞെടുക്കുന്നതെന്ന് വെര്‍ച്വല്‍ ക്യൂവില്‍ രേഖപ്പെടുത്താന്‍ സംവിധാനം ഒരുക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞു. ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു ദേവസ്വം മന്ത്രി.

ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിങ്ങ് മാത്രം സര്‍ക്കാര്‍ തീരുമാനം ഗുരുതര പ്രതിസന്ധിക്ക് വഴിവക്കും. കഴിഞ്ഞ വര്‍ഷം പ്രതിദിനം 90000 പേരെ ആയിരുന്നു ദര്‍ശനത്തിന് അനുവദിച്ചത്. സ്‌പോട്ട് ബുക്കിങ്ങ് സൗകര്യം ഒരുക്കിയേ തീരു. ഓണ്‍ലൈന്‍ ബുക്കിങ്ങ് നടത്തിയ 80000 പേര്‍ക്കു മാത്രം പ്രവേശനമെന്ന് സര്‍ക്കാര്‍ തീരുമാനം അപകടകരമായ നിലയിലേക്ക് പോകും. അതിനാല്‍ വിഷയത്തിന്റെ ഗൗരവം മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കറും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭക്തരുടെ സൗകര്യം കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com