

പത്തനംതിട്ട: ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന വെർച്ച്വൽ ക്യൂ സംവിധാനം അശാസ്ത്രീയമെന്ന് ദേവസ്വംബോർഡ്. അനാവശ്യ നിയന്ത്രണങ്ങൾ കാരണമാണ് ഭക്തർ എത്താത്തതെന്ന് ബോർഡ് സർക്കാരിനെ അറിയിക്കും. കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ പതിനാറിനാണ് ഇനി ശബരിമലനട തുറക്കുക.
ചിങ്ങമാസ പൂജകൾക്കായി നടതുറന്നപ്പോഴും ശബരിമലയിൽ തിരക്ക് വളരെ കുറവായിരുന്നു. പ്രതിദിനം പതിനയ്യായിരം പേപർക്ക് ദർശനം അനുദവിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ മൂന്നിൽ ഒന്നു പോലും എത്തിയില്ല. നിറപുത്തരിക്കും ചിങ്ങമാസ പൂജകൾക്കുമായി എട്ടു ദിവസം നടതുറന്നപ്പോൾ ദർശനം നടത്തിയത് പതിനയ്യായിരത്തിൽ താഴെ തീർത്ഥാടകർ മാത്രമായിരുന്നു എന്നും ബോർഡ് വിലയിരുത്തി.
മാസപൂജ സമയത്തും വെർച്ച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനമുള്ളു. രണ്ട് ഡോസ് വാക്സീനോ, നാൽപത്തിയെട്ട് മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധവുമാണ്. വെർച്ച്വൽ ക്യുവിൽ പലപ്പോഴും ബുക്ക് ചെയ്യാൻ പറ്റുന്നില്ലെന്ന് ദേവസ്വം ബോർഡിന് ധാരാളം പരാതി ലഭിച്ചിട്ടുണ്ട്. ഓൺലൈൻ ബുക്കിങ്ങിന് അയൽ സംസ്ഥാനങ്ങളിൽ ഇടനിലക്കാർ തീർത്ഥാടകരെ ചൂഷണം ചെയ്യുന്നുവെന്നും ആക്ഷേപമുണ്ട്. അതുകൊണ്ട് അടുത്ത മാസ പൂജസമയത്ത് ഇളവുകൾ വേണമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates