

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുതിയ ആഭ്യന്തര മന്ത്രിയാകുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. സംസ്ഥാന പോലീസ് മേധാവി (ഡിജിപി) രവാദ ചന്ദ്രശേഖർ, എഡിജിപി എച്ച്. വെങ്കിടേഷ് എന്നിവരാണ് ഞായറാഴ്ച ചെന്നിത്തലയെ കണ്ടത്. പുതിയ ആഭ്യന്തര മന്ത്രിയാകാൻ പോകുന്ന നേതാവുമായുള്ള കൂടിക്കാഴ്ചയാണോ ഇതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇതൊരു സൌഹൃദ സന്ദർശനം മാത്രമാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിൽ ചെന്നിത്തലയെ അഭിനന്ദിക്കാനാണ് എത്തിയതെന്നും ഡിജിപി രവാദ ചന്ദ്രശേഖർ പ്രതികരിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ചർച്ചയായി
കൂടിക്കാഴ്ചയിൽ വരാനിരിക്കുന്ന സർക്കാരിന്റെ ക്രമസമാധാന പരിപാലനവുമായി ബന്ധപ്പെട്ട ചില നിർദ്ദേശങ്ങളും ഉപദേശങ്ങളും തേടിയതായി പോലീസ് മേധാവി വ്യക്തമാക്കി. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ സുരക്ഷാ ക്രമീകരണങ്ങളും അതിനായുള്ള ഒരുക്കങ്ങളും ചെന്നിത്തലയുമായി ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. ചടങ്ങിനാവശ്യമായ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും പോലീസ് വകുപ്പ് ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു. മറ്റ് അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി അവരുടെ ഓഫീസുകളുമായി പോലീസ് വകുപ്പ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വകുപ്പ് വിഭജനം അന്തിമഘട്ടത്തിൽ
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായി മികച്ച ട്രാക്ക് റെക്കോർഡുള്ള രമേശ് ചെന്നിത്തലയ്ക്ക് ഇത്തവണയും ആഭ്യന്തരവും വിജിലൻസും തന്നെ നൽകാനാണ് കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായിരിക്കുന്നത് എന്നാണ് സൂചന. മന്ത്രിമാരുടെ കാര്യത്തിലും വകുപ്പുകളുടെ കാര്യത്തിലും കോൺഗ്രസിലും യുഡിഎഫ് ഘടകകക്ഷികളിലും ഇപ്പോഴും ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ അന്തിമ മന്ത്രിപ്പട്ടിക തയ്യാറാക്കി ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കൈമാറുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates