

കേരളത്തിൽ ഇനി സിപിഎമ്മിനു പ്രസക്തിയില്ലെന്നും തകർച്ച നേരിട്ട ഒരു സംസ്ഥാനത്തും ആ പാർട്ടി ഇതുവരെ തിരിച്ചു വന്നിട്ടില്ലെന്നും ചാത്തന്നൂർ നിയുക്ത എംഎൽഎയും ബിജെപി നേതാവുമായ ബി ബി ഗോപകുമാർ. ഭാവിയിൽ സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് വരാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിലാണ് അദ്ദേഹം തൻറെ നിലപാടും ബിജെപിയുടെ ഭാവി സംബന്ധിച്ചും മനസ് തുറന്നത്.
കോൺഗ്രസിന് ശക്തമായ സംഘടനാ സംവിധാനം ഉണ്ടായിട്ടല്ല ഇത്തവണ വലിയ വിജയം നേടിയത്. പിണറായി സർക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം പ്രതിപക്ഷമെന്ന നിലയിൽ യുഡിഎഫിന് അനുകൂലമായി മാറുകയായിരുന്നു. ഭരണവിരുദ്ധ വികാരം മനസിലാക്കാൻ സിപിഎമ്മിന് സാധിച്ചില്ല. ചാത്തന്നൂരിൽ എൽഡിഎഫ് വിജയിക്കുമെന്ന തെറ്റായ റിപ്പോർട്ടാണ് അവരുടെ പ്രാദേശിക കമ്മിറ്റികൾ നൽകിയത്. മുഖ്യമന്ത്രിയുടെ ചിത്രം വച്ചുള്ള നോട്ടീസുകൾ പോലും പലയിടത്തും വിതരണം ചെയ്തില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
'ബംഗാളിലും ത്രിപുരയിലും സംഭവിച്ചതു പോലെ സിപിഎമ്മിന് ഇനി കേരളത്തിലും ഒരു തിരിച്ചുവരവ് സാധ്യമല്ല. കേരളത്തിൽ ഇനി മത്സരം കോൺഗ്രസും ബിജെപിയും തമ്മിലായിരിക്കും. തകർച്ച നേരിട്ട ഒരു സംസ്ഥാനത്തും സിപിഎം ഇതുവരെ തിരിച്ചുവന്നിട്ടില്ല. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള രഹസ്യ ധാരണകൾ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് വലിയ തോതിൽ അണികൾ ബിജെപിയിലേക്ക് വരുന്നുണ്ട്. കൂടാതെ യുഡിഎഫിൽ മുസ്‌ലിം ലീഗാണ് ഭരണം നിയന്ത്രിക്കുന്നത് എന്ന കോൺഗ്രസ് അണികൾക്കിടയിലെ അതൃപ്തിയും ആളുകളെ ബിജെപിയിലേക്ക് ആകർഷിക്കാൻ കാരണമാകുന്നു.'
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റുകളുടെ എണ്ണം 3 ൽ നിന്ന് 73 ആയി ഉയരുമെന്നും പാർട്ടി കേരളത്തിൽ ഭരണം പിടിക്കുമെന്നും ബി ബി ഗോപകുമാർ പ്രത്യാശ പ്രകടിപ്പിക്കുന്നു. എൽഡിഎഫിലെയും യുഡിഎഫിലെയും അതൃപ്തരായ നേതാക്കളുടെ വരവും ജനങ്ങളുടെ ചിന്താഗതിയിലെ മാറ്റവും ഇതിന് വഴിയൊരുക്കും.
കേരളം ബിജെപിക്ക് അപ്രാപ്യമല്ല
'കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനും യുഡിഎഫിനും ബദലായി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തെ കാണാൻ തുടങ്ങിയിരിക്കുന്നു. എൽഡിഎഫ് കോട്ടകളായിരുന്ന മൂന്ന് സീറ്റുകളിലാണ് ഇത്തവണ ബിജെപി വിജയിച്ചത്. ഈ വോട്ട് ശതമാനത്തിലെ മാറ്റം സൂചിപ്പിക്കുന്നത് കേരളം ഇപ്പോൾ വ്യത്യസ്തമായി ചിന്തിക്കാൻ തുടങ്ങി എന്നാണ്.'
ചാത്തന്നൂരിൽ ബിജെപിയുടെ വോട്ട് വിഹിതം വർഷങ്ങൾക്കൊണ്ട് വലിയ രീതിയിൽ വർധിച്ചു. 2011ൽ കേവലം 3,388 വോട്ടുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിന്ന് 2016ൽ അത് 33,000 ആയും, 2021ൽ 43,000 ആയും ഉയർന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 52,000 വോട്ടുകളിൽ എത്തിച്ചാണ് ചരിത്രത്തിലാദ്യമായി ബിജെപി ചാത്തന്നൂർ മണ്ഡലം പിടിച്ചെടുത്തത്.
തിരുവനന്തപുരം ജില്ലയ്ക്കു പുറത്ത് ബിജെപി വിജയിക്കുന്ന ചരിത്രത്തിലെ ആദ്യ നിയമസഭാ മണ്ഡലമെന്ന നേട്ടവും ഈ വിജയത്തിനുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ബിജെപി ചാത്തന്നൂരിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അവിടെ നിന്നാണ് ഇപ്പോഴത്തെ ശ്രദ്ധേയ വിജയം.
മുൻപ് കോൺഗ്രസ് നേതാവായിരുന്നു ഗോപകുമാർ. 2016ലെ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കോൺഗ്രസിനുള്ളിൽ നേരിട്ട അവഗണനയും, അയൽക്കാരനായ ഒരു സംഘ പ്രചാരകന്റെ നിരന്തരമായ നിർബന്ധവുമാണ് പാർട്ടി മാറാൻ കാരണമായതെന്നു ഗോപകുമാർ പറയുന്നു. ഒരു മിസ്ഡ് കോളിലൂടെയാണ് അദ്ദേഹം ബിജെപി അംഗത്വം എടുത്തതെന്നും അഭിമുഖത്തിൽ വ്യക്തമാക്കി.
'ബിജെപിയുടെ വളർച്ചയ്ക്ക് കാരണം വെറും ഹിന്ദുത്വ രാഷ്ട്രീയമല്ല, മറിച്ച് ദേശീയതയാണ്. ദേശീയതയും ഹിന്ദുത്വവും പരസ്പരം വേർതിരിക്കാനാവാത്തതാണ്. രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷം വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് പകരം 'വികസിത് കേരളം' (വികസിത കേരളം), നരേന്ദ്ര മോദി സർക്കാരിന്റെ 'വികസിത ഭാരതം 2047' എന്നീ ആശയങ്ങളൂന്നിയുള്ള വികസന രാഷ്ട്രീയമാണ് മുന്നോട്ട് വെച്ചത്.'
നിലവിലെ യുഡിഎഫ്- എൽഡിഎഫ് സംവിധാനം എല്ലാവരെയും ഉൾക്കൊള്ളുന്ന ഒന്നല്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
'മുൻപ് പശ്ചിമ ബംഗാളിൽ മൂന്ന് സീറ്റുകളിൽ നിന്ന് ബിജെപി വളർന്നതുപോലെ കേരളവും ബിജെപിക്ക് അപ്രാപ്യമല്ല. എൽഡിഎഫും യുഡിഎഫും ചേർന്നുണ്ടാക്കിയ തെറ്റായ പ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഗോവ പോലുള്ള മറ്റ് സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ ബിജെപിയെ സ്വീകരിക്കുന്നത് പോലെ കേരളത്തിലും മാറ്റമുണ്ടാകും. ക്രൈസ്തവ മേഖലകളിൽ തത്കാലം വലിയ മുന്നേറ്റം ഉണ്ടായില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പോടെ ഈ അവസ്ഥ മാറും.'
കൊല്ലത്തു നിന്നൊരു കേന്ദ്രമന്ത്രി
'വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി കൊല്ലം സീറ്റ് വിജയിക്കും. അവിടെ നിന്നുള്ള അംഗം നരേന്ദ്ര മോദി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയാകും'- ഗോപകുമാർ അവകാശപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates