

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം വൻ വാർത്തയായതിനു പിന്നാലെ സംഭവത്തിനു പിന്നിലെ തന്റെ പങ്കാളിത്തം നിഷേധിച്ചുകൊണ്ട് നടൻ ദിലീപ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. 2017 ഫെബ്രുവരി 22 നായിരുന്നു ദിലീപിന്റെ കുറിപ്പ്. ചില മാധ്യമങ്ങൾ തനിക്കെതിരെ ഇല്ലാക്കഥ മെനയുകയാണ്. മലയാള സിനിമാ മേഖലയില്‍ ഇങ്ങനെയൊരു കാര്യം ഒരിക്കലും സംഭവിക്കുമെന്ന് കരുതിയതല്ല. സഹപ്രവര്‍ത്തകയ്ക്ക് നേരിട്ട മോശം അനുഭവത്തില്‍ അമ്മയിലെ അംഗങ്ങളും ഒപ്പം ചലച്ചിത്ര മേഖല തന്നെ അപലപിക്കുകയും ഒരുമയോടെ മുന്നോട്ട് പോവുകയുമാണ് ചെയ്യുന്നത്. അതിനിടയില്‍ ചില മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചേര്‍ന്ന് തന്നെ കരിവാരി തേക്കുകയാണെന്നും ദിലീപ് കുറിപ്പിൽ ആരോപിച്ചിരുന്നു.
'കുടുംബ ബന്ധങ്ങളുടെ മൂല്യം നന്നായി അറിയുന്ന ഒരു വ്യക്തിയാണ് ഞാൻ. അമ്മയും ഭാര്യയും മകളും ഒക്കെയുള്ള ശരാശരി മനുഷ്യൻ. നിങ്ങളോരോരുത്തരും ആഗ്രഹിക്കുന്നത് പോലെ ഈ ദുഃഖകരമായ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരേണ്ടതും യഥാർത്ഥ കുറ്റവാളികൾ മുഴുവനും ശിക്ഷിക്കപ്പെടേണ്ടതും സമൂഹത്തിന്റെ എന്നപോലെ എന്റെയും കൂടി ആവശ്യമാണ്. മലയാള സിനിമ വ്യവസായത്തിന് മൊത്തം അപമാനകാരവും വേദനാജനകവും ആയ ഈ സംഭവത്തിൽ ഉൾപ്പെട്ട പ്രതികളിൽ ഒരാളുമായി പോലും നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധമോ പരിചയമോ ഇല്ല. ഈ സംഭവത്തെ സംബന്ധിച്ച് പൂർണവും സത്യസന്ധവുമായ അന്വേഷണം ഉണ്ടാകണം. പ്രതികൾക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും' കുറിപ്പിൽ ആവശ്യപ്പെടുന്നു.
ദിലീപിന്റെ കുറിപ്പിന്റെ പൂർണരൂപം:
പ്രിയപ്പെട്ടവരെ,
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ ഫേസ്ബുക്കിൽ സജീവം ആയിരുന്നില്ല. ജോലി തിരക്കുകളും അനുബന്ധ സംഭവങ്ങളും ആയിരുന്നു കാരണം.
എന്നാൽ കഴിഞ്ഞ ദിവസങ്ങളായി മലയാള സിനിമയിൽ ഒരിക്കലും സംഭവിക്കില്ല എന്ന് നമ്മളെല്ലാം കരുതിയതാണ് നടന്നത്. ഞങ്ങളുടെ ആ സഹപ്രവർത്തകക്ക് നേരിട്ട ദുരനുഭവത്തിൽ "അമ്മ"യിലെ എല്ലാ അംഗങ്ങളും, അതിനൊപ്പം ചലച്ചിത്ര രംഗം ഒന്നടങ്കം തന്നെ അതിദാരുണമായ ഈ സംഭവത്തെ അപലപിക്കുകയും, ഞങ്ങളെല്ലാം ഒത്തു ചേർന്ന് ഒരു കൂട്ടായ്മയോടെ ആണ് കാര്യങ്ങൾ മുന്നോട്ടു പോയിരുന്നത്.
എന്നാൽ അതിനു ശേഷം ഈ ദാരുണ സംഭവത്തിന്റെ പേരിൽ പേര് പറഞ്ഞും അല്ലാതെയും ആയി എന്നെ ലക്ഷ്യമാക്കി ചില ഓൺലൈൻ മാധ്യമങ്ങളും അവർക്കൊപ്പം "ചില" പത്രങ്ങളും ചേർന്ന് ഇല്ലാക്കഥകൾ പടച്ചു വിടുകയാണ്.
ഇന്ന് രാവിലെ ഇറങ്ങിയ ഏതാനും പത്രങ്ങളിലെ വാർത്തയാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. "ആലുവയിലെ ഒരു പ്രമുഖ നടനെ" ഈ കേസുമായി ബന്ധപെട്ടു പോലീസ് ചോദ്യം ചെയ്തുവത്രേ. തെറ്റിദ്ധാരണ പരത്തുന്നതും പുകമറ സൃഷ്ടിക്കുന്നതുമായ ഈ വാർത്ത വായിച്ചു അത് വിശ്വസിക്കുന്നവരോട് ആലുവയിലെ സ്ഥിര താമസ്സക്കാരൻ ആയ നടൻ എന്ന നിലയിൽ പറയട്ടെ, ആ നടൻ ഞാനല്ല. എന്റെ വീട്ടിൽ ഒരു പോലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല, ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല എന്റെ അറിവിൽ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും പോലീസ് ഇത് വരെ അന്വേഷിച്ചിട്ടില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. ഇനി ഈ വാർത്തയുടെ നിജസ്ഥിതി തെളിയിക്കേണ്ടത് വാർത്ത പടച്ചു വിട്ടവരാണ്.
കുടുംബ ബന്ധങ്ങളുടെ മൂല്യം നന്നായി അറിയുന്ന ഒരു വ്യക്തിയാണ് ഞാൻ. അമ്മയും ഭാര്യയും മകളും ഒക്കെയുള്ള ശരാശരി മനുഷ്യൻ. നിങ്ങളോരോരുത്തരും ആഗ്രഹിക്കുന്നത് പോലെ ഈ ദുഖകരമായ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരേണ്ടതും യഥാർത്ഥ കുറ്റവാളികൾ മുഴുവനും ശിക്ഷിക്കപ്പെടേണ്ടതും സമൂഹത്തിന്റെ എന്നപോലെ എന്റെയും കൂടി ആവശ്യമാണ്.
സമീപകാലത്തു മലയാള സിനിമയെ ഗ്രസിച്ച, ഈ വ്യവസായത്തെ തകർക്കാൻ ശ്രമിച്ചവർക്കു എതിരെ, എല്ലാ ചലച്ചിത്ര പ്രവർത്തകരുടെയും ആവശ്യപ്രകാരവും, സിനിമ സംഘടനകളുടെ പിന്തുണയോടെയും ഒരു പുതിയ സംഘടന രൂപീകരിക്കുകയും എല്ലാവരുടെയും നിർബന്ധപ്രകാരം അതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തത് ഈ വ്യവസായത്തിന്റെ എല്ലാവിധ ആനുകൂല്യങ്ങളും അനുഭവിക്കുന്ന ആളെന്ന നിലയിൽ അതെന്റെ കടമയാണെന്ന് കരുതിയാണ്. അതിന്റെ പേരിൽ "ചിലർ" എന്നെ ക്രൂശിക്കുകയാണ്.
മലയാള സിനിമ വ്യവസായത്തിന് മൊത്തം അപമാനകാരവും വേദനാജനകവും ആയ ഈ സംഭവത്തിൽ ഉൾപ്പെട്ട പ്രതികളിൽ ഒരാളുമായി പോലും എനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധമോ പരിചയമോ ഇല്ല. ഈ സംഭവത്തെ സംബന്ധിച്ച് പൂർണവും സത്യസന്ധവുമായ അന്വേഷണം ഉണ്ടാവേണ്ടതും മുഴുവൻ പ്രതികളെയും എത്രയും വേഗത്തിൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു അവർക്ക് അർഹിക്കുന്ന പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്ന് അധികാരികളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates