

തൃശൂര്‍: ബാങ്ക് കവര്‍ച്ചയില്‍ പണയ സ്വര്‍ണം നഷ്ടപ്പെട്ട ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. ബാങ്കിലെ കവര്‍ച്ചയില്‍ പണയം വച്ച സ്വര്‍ണ്ണം നഷ്ടപ്പെട്ട 15 ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉപഭോക്തൃ കോടതി തൃശൂര്‍ മണലൂര്‍ സര്‍വീസ് സഹകരണ ബാങ്കിനോട് നിര്‍ദേശിച്ചത്.
സംസ്ഥാന കമ്മീഷന്റെ ഉത്തരവിനെതിരെ സഹകരണ ബാങ്ക് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് ഉത്തരവ്. 2006 മെയ് മാസത്തിലാണ് ബാങ്കില്‍ കവര്‍ച്ച നടന്നത്. തൃശൂര്‍ ജില്ലാ കമ്മീഷനില്‍ നിന്നും സംസ്ഥാന കമ്മീഷനില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് അനുകൂലമായ വിധിയാണുണ്ടായത്. വായ്പാ തുകയും പലിശയും കിഴിച്ച ശേഷം പണമടച്ച തീയതിയില്‍ സ്വര്‍ണത്തിന്റെ വിപണി മൂല്യം നല്‍കാന്‍ സംസ്ഥാന കമ്മീഷന്‍ ബാങ്കിനോട് നിര്‍ദേശിച്ചിരുന്നു. കൂടാതെ, ജില്ലാ കമ്മീഷന് മുമ്പാകെ പരാതി നല്‍കിയ തീയതിയില്‍ തന്നെ പലിശ ഈടാക്കാതെ വായ്പകള്‍ തീര്‍പ്പാക്കാനും ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കേരള സഹകരണ സൊസൈറ്റി ആക്ടിലെ സെക്ഷന്‍ 69 പ്രകാരം പരാതി നിലനില്‍ക്കില്ലെന്നാണ് ദേശീയ കമ്മീഷനില്‍ അപ്പീല്‍ പോയ ബാങ്കിന്റെ വാദം. ഉപയോക്താക്കള്‍ക്ക് കുറഞ്ഞ തുകയെ നല്‍കാനാവൂ എന്ന നിലപാടാണ് ബാങ്ക് സ്വീകരിച്ചത്. സ്വര്‍ണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് സംശയമുണ്ടെന്നും ബിഐഎസ് നിര്‍ബന്ധമല്ലാതിരുന്ന കാലത്ത് പണയം വെച്ച സ്വര്‍ണമായതു കൊണ്ട് ഗുണനിലവാരം ഉറപ്പിക്കാനാകില്ലെന്നും ആയതിനാല്‍ കുറഞ്ഞ തുകയെ നല്‍കാനാവൂ എന്നും ബാങ്ക് വാദിച്ചു. സ്വര്‍ണത്തിന്റെ തൂക്കവും ഗുണനിലവാരവും പരിശോധിക്കാതെ ഒരു ബാങ്കും പണയമെടുക്കില്ലെന്ന് പറഞ്ഞ് ദേശീയ കമ്മീഷന്‍ ബാങ്കിന്റെ വാദം തള്ളി. നടപ്പ് വിലയില്‍ നഷ്ടപരിഹാരം നല്കാന്‍ ഉത്തരവിടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates