

തിരുവനന്തപുരം: മാന്യമായി പെരുമാറാന്‍ അറിയാത്തവരും മദ്യപാനികളുമായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയക്കരുതെന്ന് ഐജി പി പ്രകാശ്. നിലയ്ക്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊലീസുകാരന്റെ പെരുമാറ്റം അംഗീകരിക്കാനാവില്ല. പൊലീസിന് കളങ്കം വരുത്തുന്നവരെ ഡ്യൂട്ടിക്കായി അയക്കാതിരിക്കാന്‍ എസ്പിമാര്‍ ശ്രദ്ധിക്കണമെന്നും ഐജി കത്തില്‍ പറഞ്ഞു.
'ശബരിമല ഡ്യൂട്ടിയില്‍, മദ്യപാനശീലമുള്ളവരോ പ്രശ്‌നമുണ്ടാക്കുന്നവരോ ആയ ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും ഒരു കാരണവശാലും ഉള്‍പ്പെടുത്തരുതെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. 20.11.2026-ന് നിലയ്ക്കലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണ സംഭവം അതീവ ഗൗരവമുള്ള ഒന്നാണ്. ഇത്തരത്തിലുള്ള പെരുമാറ്റം ഒട്ടും അംഗീകരിക്കാനാവില്ല. ഇത് പൊലീസ് സേനയുടെ അച്ചടക്കത്തെ തകര്‍ക്കുന്നതും സേനയ്ക്ക് വലിയ അവമതിപ്പ് ഉണ്ടാക്കുന്നതുമാണ്.
നല്ല പെരുമാറ്റവും അച്ചടക്കവുമുള്ളവരും, മദ്യപാനശീലമോ മറ്റ് മോശം പെരുമാറ്റരീതികളോ ഇല്ലാത്തവരുമായ ഉദ്യോഗസ്ഥരെ മാത്രമേ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്നുള്ളൂ എന്ന് ബന്ധപ്പെട്ട മേല്‍നോട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തേണ്ടതാണ്' കത്തില്‍ പറയുന്നു.
നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകരുമായി വന്ന വാഹനത്തിന്റെ ഡ്രൈവറെ മര്‍ദിച്ച എഎസ്‌ഐ ജിജോയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ഒടുവില്‍ ആയിരുന്നു മര്‍ദ്ദനം. മുഖ്യമന്ത്രിയുടെ നാട്ടുകാരന്‍ എന്ന് പറഞ്ഞപ്പോ പ്രകോപിതനായി മര്‍ദിച്ചെന്നാണ് ഡ്രൈവറായ വടക്കന്‍ പറവൂര്‍ സ്വദേശി പ്രശാന്തിന്റെ പരാതി. സംഭവത്തില്‍ എറണാകുളത്ത് നിന്നും ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് എത്തിയ എഎസ്‌ഐ ജിജോയുടെ ഭാഗത്ത് ഗുരുതര വീഴ്ചപറ്റി എന്ന് രഹസ്യ അന്വേഷണം വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് ശക്തമായ നടപടിക്ക് ശബരിമല പൊലീസ് ചീഫ് കോഡിനേറ്റര്‍ പി വിജയന്‍ ഐപിഎസ് ഉടനടി നിര്‍ദ്ദേശം നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates