'നിപ ബാധിത ജില്ലകളില്‍ ഞാന്‍ ചുറ്റിത്തിരിയുന്നതിന്റെ പ്രധാന കാരണം വീണാ ജോര്‍ജ്ജ്' ; ഡോക്ടറുടെ കുറിപ്പ്

ആ ദിവസങ്ങളിലാണ് എനിക്ക് ശരിക്കും ശ്രീമതി വീണാ ജോര്‍ജ് ആരാണ് എന്ന് മനസിലായത്. നമ്മുടെ നാട്ടിലെ മുഖ്യധാര മാധ്യമങ്ങള്‍ പുറത്തു കൊടുക്കുന്ന ഒരു ചിത്രമല്ല അത്.
veena george
മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തിയ മന്ത്രി വീണാ ജോര്‍ജ്‌
Updated on
5 min read

കൊച്ചി: ആരോഗ്യമേഖലയില്‍ മന്ത്രിവീണ ജോര്‍ജിന്റെ പ്രവര്‍ത്തന മികവ് ചൂണ്ടിക്കാട്ടി ഡോക്ടറുടെ കുറിപ്പ്. നിപ, ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി തടയുന്നതില്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് നിര്‍ദേശങ്ങള്‍ നല്‍കി ഏകോപിപ്പിച്ചെന്നും ഡോ. അനീഷ് പറയുന്നു. കോവിഡ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയില്‍ അംഗമായി പ്രവര്‍ത്തിച്ചയാളാണ് ഡോ. അനീഷ് തെക്കുംകര

'2023ലെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ആ ദിവസങ്ങളിലാണ് എനിക്ക് ശരിക്കും വീണാ ജോര്‍ജ് ആരാണ് എന്ന് മനസിലായത്. നമ്മുടെ നാട്ടിലെ മുഖ്യധാര മാധ്യമങ്ങള്‍ പുറത്തു കൊടുക്കുന്ന ഒരു ചിത്രമല്ല അത്. കാര്യങ്ങള്‍ വ്യക്തമായി പഠിക്കുന്ന അപഗ്രഥിച്ച് തീരുമാനങ്ങള്‍ എടുക്കുന്ന, കൂടെ നില്‍ക്കുന്നവരുടെ മൊറയില്‍ ഉയര്‍ത്തുന്ന, അവരെ വിശ്വസിക്കുന്ന, അവരോടൊപ്പം നില്‍ക്കുന്ന, അതേസമയം തന്നെ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ആവശ്യമായ സമയത്ത് നല്‍കുന്ന, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതില്‍ യാതൊരുവിധ ഈഗോയും ഇല്ലാത്ത ഒരു ലീഡര്‍ ആണ് അവര്‍ എന്നാണ് എന്റെ ബോധ്യം' കുറിപ്പില്‍ പറയുന്നു.

veena george
'സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി'; വീണ്ടും വെട്ടിലായി സജി ചെറിയാന്‍

കുറിപ്പിന്റെ പൂര്‍ണരൂപം

മറ്റൊരു ഫേസ്ബുക്ക് വെളിപ്പെടുത്തല്‍ ....

എനിക്ക് പറയാനുള്ളത് ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണജോര്‍ജ്ജിനെനെപ്പറ്റിയാണ്. വീണജോര്‍ജ് എന്ന വ്യക്തിയെ അവര്‍ മന്ത്രിയാകുന്നതിനുമുമ്പ് എനിക്ക് വലിയ പരിചയമില്ല. പക്ഷേ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഞാന്‍ അവരോട് കൂടുതല്‍ അടുത്ത് ജോലിചെയ്യുന്നു, നാല് വര്‍ഷങ്ങളായി അവര്‍ കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രിയാണെങ്കിലും.

ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ അധ്യാപകനായി 2010 ലാണ് ഞാന്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. ആ വര്‍ഷം തന്നെ എന്റെ ഹോം സ്റ്റേഷന്‍ ആയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റവും കിട്ടി. അന്നുമുതല്‍ ഇങ്ങോട്ട് പകര്‍ച്ചവ്യാധികളുടെ രോഗവ്യാപനശാസ്ത്രം ആണ് എന്റെ ഇഷ്ടവിഷയം. മെഡിക്കല്‍കോളേജ് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുക, ഇടയ്ക്ക് ചില ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് പ്രധാനമായും ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. ഇതിനിടയില്‍ ചിക്കന്‍ഗുനിയ, ഡെങ്കി, നിപ, എലിപ്പനി, കരിമ്പനി തുടങ്ങി ഒട്ടേറെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഞാന്‍ പ്രാഥമികമായി ഒരു അധ്യാപകന്‍ മാത്രമായിരുന്നു. അതിന് ഒരു മാറ്റം വരുന്നത് 2020ല്‍ കോവിഡ് 19 വരുന്നതോടുകൂടിയാണ്. ഡോക്ടര്‍ ബി ഇക്ബാല്‍ ചെയര്‍മാനായ കോവിഡ് എക്‌സ്പര്‍ട്ട് കമ്മിറ്റിയില്‍ ഞാനും ഉള്‍പ്പെട്ടു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുകയും പഠിക്കുകയും കേരളത്തിലെ വ്യാപന രീതി മനസ്സിലാക്കാന്‍ ശ്രമിക്കുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്മറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുക എന്നതായിരുന്നു എന്റെ പ്രധാന കര്‍ത്തവ്യം. അതേസമയം തന്നെ കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയോട് ചേര്‍ന്നു അവരുടെ പൊതുജനാരോഗ്യ ഉപദേശകനായി പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചു. അങ്ങനെ 2020 ലാണ് പ്രാഥമികമായും ഒരു മെഡിക്കല്‍ കോളജ് അധ്യാപകന്‍ എന്നതില്‍ നിന്നും മഹാമാരി പ്രതിരോധിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്ന ഒരാളായി ഞാന്‍ രൂപാന്തരപ്പെടുന്നത്. ഇതൊക്കെ നടക്കുന്ന സമയത്ത് ശ്രീമതി ശൈലജ ടീച്ചര്‍ ആയിരുന്നു ആരോഗ്യവകുപ്പ് മന്ത്രി. പിന്നീട് സര്‍ക്കാര്‍ മാറി ശ്രീമതി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് മന്ത്രിയായി അധികാരമേറ്റു അതിനിടയില്‍ എനിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലംമാറ്റം കിട്ടുകയും ചെയ്തു. സാധാരണഗതിയില്‍ ഇത്ര ദൂരത്തിലേക്ക് പ്രമോഷന്‍ സ്ഥലം മാറ്റം അല്ലാതെ ഒരു ഒരു സ്ഥലംമാറ്റം അപൂര്‍വമാണ്. മാത്രമല്ല എന്നെക്കാള്‍ സീനിയര്‍ ആയ രണ്ടുപേരെ സ്റ്റേഷനില്‍ നിലനിര്‍ത്തി കൊണ്ടാണ് എന്നെ സ്ഥലം മാറ്റിയത്. കുറച്ചു സുഹൃത്തുക്കള്‍ പറഞ്ഞു നിങ്ങള്‍ കോവിഡ് വിദഗ്ധസമിതിയിലൊക്കെ ഉണ്ടായിരുന്ന ആളല്ലേ... എന്തുകൊണ്ടാണ് ഇത്രയും ദൂരത്തിലേക്ക് ന്യായമല്ലാത്ത ഒരു സ്ഥലം മാറ്റം. ഞാന്‍ ഡിഎംഇ ക്ക് ഒരു പരാതി കൊടുത്തു, എന്നെക്കാള്‍ സീനിയറായ ആളുകളെ സ്ഥലം മാറ്റിയതിനുശേഷം മാത്രമാണ് എനിക്ക് സ്ഥലംമാറ്റത്തിന് പരിഗണിക്കാവൂ എന്നതായിരുന്നു അതിന്റെ കാതല്‍. ചില സുഹൃത്തുക്കള്‍ പറഞ്ഞു മന്ത്രിയെ പോയി കാണാന്‍. എനിക്കാണെങ്കില്‍ മന്ത്രി വീണാ ജോര്‍ജിനെ പരിചയം ഇല്ല. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു, മന്ത്രിയെ കാണുന്നില്ല. ഇപ്പോഴുള്ള സ്ഥലംമാറ്റം നീട്ടി വച്ചാലും ഒന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടിവരും. അതിനാല്‍ പരാതി പിന്‍വലിച്ച് 2022 മെയ് മാസത്തില്‍ ഞാന്‍ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം എനിക്കൊരു ഫോണ്‍കോള്‍ വന്നു. അത് മന്ത്രി വീണാജോര്‍ജിന്റേതായിരുന്നു. ഡെങ്കിപ്പനിയുടെയോ, എലിപ്പനിയുടെയോ, പേവിഷബാധയുടെയോ പ്രതിരോധം സംബന്ധിച്ച എന്തോ കാര്യം ചര്‍ച്ച ചെയ്യാനാണ് മന്ത്രി വിളിച്ചത്. ശ്രീമതി വീണാ ജോര്‍ജ് ആണ് ഇപ്പോഴത്തെ ആരോഗ്യവകുപ്പ് മന്ത്രി എന്നതിനപ്പുറം അവരെപ്പറ്റി കാര്യമായി ഒന്നും എനിക്കറിയാമായിരുന്നില്ലെങ്കിലും അവര്‍ക്ക് എന്നെപ്പറ്റി എന്റെ അവസാനമുണ്ടായ ട്രാന്‍സ്ഫര്‍ ഒഴികെയുള്ള കാര്യങ്ങള്‍ അറിയാം എന്ന് എനിക്ക് ആ സംഭാഷണത്തില്‍ മനസ്സിലായി. പിന്നീട് ഒന്ന് രണ്ട് തവണ ആരോഗ്യവകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ചു. കേരളത്തില്‍ പേവിഷബാധ വര്‍ദ്ധിച്ചു വന്ന സാഹചര്യത്തില്‍ അത് നിയന്ത്രിക്കാനുള്ള ഒരു സമഗ്രമായ കര്‍മ്മപദ്ധതിയെപ്പറ്റി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചിന്തിക്കുകയും അത് ആരോഗ്യവകുപ്പ് മന്ത്രിക്ക് കൈമാറുകയും ചെയ്യുന്ന അവസരത്തില്‍ ഡോക്ടര്‍ കെ പി അരവിന്ദനോടൊപ്പമായിരുന്നു ഒരു യാത്ര. മറ്റൊരു തവണ ഇക്ബാല്‍ സാര്‍ പറഞ്ഞതനുസരിച്ച് കേരളത്തില്‍ വര്‍ദ്ധിച്ചു വരാന്‍ സാധ്യതയുള്ള അര്‍ബുദ ബാധകളെ മുന്‍നിര്‍ത്തി കാലേക്കൂട്ടി ഒരു പദ്ധതി എന്നതിനെപ്പറ്റി ഉള്ള ഒരു ലഘുചര്‍ച്ചയായിരുന്നു. അന്നൊക്കെ എങ്ങനെ തിരുവനന്തപുരത്ത് തിരിച്ചെത്താം എന്ന ചിന്തയിലായിരുന്നു ഞാന്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് റിമോട്ട് റൂറല്‍ സ്റ്റാറ്റസ് ഉള്ള മെഡിക്കല്‍ കോളേജ് ആണ്. അവിടെ രണ്ടു വര്‍ഷം ചെലവഴിച്ചാല്‍ നമുക്ക് ഹോം സ്റ്റേഷനിലേക്ക് തിരിച്ചെത്താനുള്ള അവകാശമുണ്ട്. സ്വാഭാവികമായും 2024 മെയ് മാസത്തോടുകൂടി തിരുവനന്തപുരത്ത് വീട്ടില്‍ തിരിച്ചെത്തേണ്ട ഞാന്‍ ഇപ്പോഴും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, പാലക്കാട് നിപ ബാധയുണ്ടാകാന്‍ സാധ്യതയുള്ള ജില്ലകളില്‍ ചുറ്റിത്തിരിയുന്നതിന്റെ പ്രധാന കാരണം ശ്രീമതി വീണാ ജോര്‍ജ്ജ് ആണ്.

veena george
മുംബൈ ഭീകരാക്രമണത്തില്‍ ഐഎസ്‌ഐക്ക് പങ്ക്, പാക് സൈന്യത്തിന്റെ വിശ്വസ്ത ഏജന്റ്; തുറന്ന് സമ്മതിച്ച് തഹാവൂര്‍ റാണ

നാം വീട്ടില്‍ നിന്നും വളരെ ദൂരത്തു മാറി ഒരിടത്ത് വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് ചില ആനുകൂല്യങ്ങള്‍ ലഭിക്കും. താമസിച്ചു വരാം, നേരത്തെ പോകാം, അധികമായി അവധികള്‍ എടുക്കാം, തുടങ്ങിയവയൊക്കെയാണ് ആ ആനുകൂല്യങ്ങള്‍. അങ്ങനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വലിയ അല്ലരില്ലാതെ ഞാന്‍ ജീവിക്കുന്ന സമയത്താണ് 2023 ഓണക്കാലത്ത് കോഴിക്കോട് മരുതോങ്കരയില്‍ നിപ ബാധയുണ്ടാകുന്നത്. പകര്‍ച്ചവ്യാധി വ്യാപന ശാസ്ത്രമാണ് (ഇന്‍ഫെക്ള്‍ഷ്യസ് ഡിസീസ് എപിഡെമിയോളജി) എന്റെ ഇഷ്ടവിഷയം എന്നതുകൊണ്ടും ആ വിഷയം പഠിക്കുന്ന ഒരാള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പഠന വിഷയങ്ങളില്‍ ഒന്ന് നിപയാണ് എന്നുള്ളതുകൊണ്ടും നിപ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകണമെന്നും ഈ ഔട്ട്‌ബ്രേക്കിനെ പറ്റി കൂടുതല്‍ മനസ്സിലാക്കണമെന്നും എനിക്കൊരു പൂതി തോന്നി. 2023 സെപ്റ്റംബര്‍ ആദ്യമാണ് സംഭവം. നിപ സംശയിക്കുന്നു, ഒന്നിലധികം രോഗികളുണ്ട് എന്നൊക്കെ പറഞ്ഞ് വാര്‍ത്തകള്‍ വന്നു തുടങ്ങുന്നതേയുള്ളൂ ഞാന്‍ വീണാ ജോര്‍ജ് മിനിസ്റ്ററുടെ നമ്പര്‍ തപ്പിയെടുത്തു നേരിട്ട് വിളിച്ചു. മിനിസ്റ്റര്‍ ഫോണ്‍ എടുത്തു. നിപ രോഗത്തെപ്പറ്റി കൂടുതല്‍ പഠിക്കാനായി എന്നെയും കൂടെ കൂട്ടണം എന്ന് എങ്ങനെയാണ് പറയുക? അതിനാല്‍ പറഞ്ഞത് ഇങ്ങനെയാണ്, ഞാന്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഉണ്ട്. ഏതെങ്കിലും രീതിയില്‍ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ എനിക്ക് കഴിയുകയാണെങ്കില്‍ എനിക്ക് അതിന് താല്പര്യമുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് റിവ്യൂ മീറ്റിംഗ് ഉണ്ട്, ഡോക്ടര്‍ വരികയാണെങ്കില്‍ നമുക്ക് സംസാരിക്കാം എന്നാണ് മിനിസ്റ്റര്‍ മറുപടി പറഞ്ഞത്. ഞാന്‍ ഈ കോള്‍ ചെയ്യുന്ന സമയത്ത് ഏതാണ്ട് ഒമ്പതര മണി കഴിഞ്ഞു. പതിനൊന്നു മണിക്ക് കോഴിക്കോട് എത്തുക അത്ര എളുപ്പമല്ല എങ്കിലും ഞാന്‍ ഓക്കേ പറഞ്ഞു. ഉടന്‍തന്നെ കുറച്ചു തുണികള്‍ ബാഗില്‍ കുത്തി തിരുകി നേരെ കോഴിക്കോട് വിട്ടു. പിന്നീട് തിരികെ വരുന്നത് പത്ത് പതിന്നാല് ദിവസം കഴിഞ്ഞാണ്. ഞാന്‍ കോഴിക്കോട് എത്തുമ്പോള്‍ കളക്ടറേറ്റില്‍ മീറ്റിംഗ് നടക്കുകയായിരുന്നു. അതിന്റെ ഒരു മൂലയ്ക്ക് സ്ഥലം പിടിച്ചു. 2023ലെ നിപ ബാധയ്ക്ക് പല പ്രത്യേകതകള്‍ ഉണ്ട്. കേരളത്തിലുണ്ടായ നിപ ഔട്ട്‌ബ്രേക്കുകളില്‍ ഏറ്റവും കുറച്ച് മരണനിരക്ക് രേഖപ്പെടുത്തി എന്നതും ആദ്യ രോഗിയില്‍ തന്നെ രോഗം സ്ഥിരീകരിച്ചു എന്നതും ഒക്കെ അവയില്‍ ചിലതാണ്. പ്രൈമറി കേസ് ഉള്‍പ്പെടെ ആറു പേര്‍ക്കാണ് രോഗം വന്നത് അതില്‍ രണ്ടുപേര്‍ ഒഴികെ ബാക്കി എല്ലാവരും രക്ഷപ്പെട്ടു. മരണത്തിന്റെ വക്കില്‍ നിന്നും ഒരു കുട്ടിയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നു. വീണ ജോര്‍ജ് മിനിസ്റ്റര്‍ കോഴിക്കോട് ക്യാമ്പ് ചെയ്തതാണ് 2023ലെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ആ ദിവസങ്ങളിലാണ് എനിക്ക് ശരിക്കും ശ്രീമതി വീണാ ജോര്‍ജ് ആരാണ് എന്ന് മനസിലായത്. നമ്മുടെ നാട്ടിലെ മുഖ്യധാര മാധ്യമങ്ങള്‍ പുറത്തു കൊടുക്കുന്ന ഒരു ചിത്രമല്ല അത്. കാര്യങ്ങള്‍ വ്യക്തമായി പഠിക്കുന്ന അപഗ്രഥിച്ച് തീരുമാനങ്ങള്‍ എടുക്കുന്ന, കൂടെ നില്‍ക്കുന്നവരുടെ മൊറയില്‍ ഉയര്‍ത്തുന്ന, അവരെ വിശ്വസിക്കുന്ന, അവരോടൊപ്പം നില്‍ക്കുന്ന, അതേസമയം തന്നെ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ആവശ്യമായ സമയത്ത് നല്‍കുന്ന, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതില്‍ യാതൊരുവിധ ഈഗോയും ഇല്ലാത്ത ഒരു ലീഡര്‍ ആണ് അവര്‍ എന്നാണ് എന്റെ ബോധ്യം. അല്ലെങ്കില്‍ മാധ്യമങ്ങള്‍ നല്‍കുന്ന നിറം പിടിപ്പിച്ച കണ്ണാടിയിലൂടെ അല്ലാതെ, അവരെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളവര്‍ പറയട്ടെ. 2024 തിരികെ പോകാന്‍ ഇരുന്ന ഞാന്‍ ഇപ്പോഴും മലബാറില്‍ താങ്ങാന്‍ ഒരൊറ്റ കാരണമേ ഉള്ളൂ. അത് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് ഒരു കേന്ദ്രം വേണം എന്നതും അതിന്റെ ചുമതല എറ്റെടുക്കാമോ എന്ന ഒരൊറ്റ ചോദ്യമാണ്. സത്യത്തില്‍ അവര്‍ ഉദ്ദേശിച്ച രീതിയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എനിക്ക് കഴിഞ്ഞോ എന്ന് സംശയമാണ്. പക്ഷേ ഈ നാടിന്റെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിന് അഹോരാത്രം പണിയെടുക്കുന്ന ഒരാളോടൊപ്പം അതില്‍പങ്കാളിയാവുക എന്നത് സത്യത്തില്‍ വളരെ നല്ല ഒരു അനുഭവമാണ്. നിപ പഠനത്തിനും ഗവേഷണത്തിനുമായുള്ള കേന്ദ്രം കോഴിക്കോട് തുടങ്ങിയ കാര്യമാണ് ഞാന്‍ പറഞ്ഞത്. അതുപോലെ കേരളത്തിന്റെ ആദ്യ ഏകീകൃത പൊതുജനാരോഗ്യ നിയമം, കാന്‍സര്‍ പ്രതിരോധത്തിനായി ആദ്യമായി ഒരു സംസ്ഥാനവിഷ്‌കൃത പരിപാടി, സംസ്ഥാനത്തുടനീളം ശാക്തീകരിക്കുകയും പുനര്‍ നിര്‍മ്മിക്കുകയും ചെയ്ത ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകള്‍ മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ വരെ, അതീവ സാമ്പത്തിക പ്രതിസന്ധിക്കിടയിലും കൂടുതല്‍ കൂടുതല്‍ തുകക്ക് നല്‍കുന്ന സൗജന്യ ചികിത്സ, ഇന്‍ഷുറന്‍സുകള്‍ സാധാരണ കവര്‍ ചെയ്യാത്തതും, എന്നാല്‍ ചെലവേറിയതുമായ അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള ചികിത്സ, കൊക്ലീയാര്‍ ഇമ്പ്‌ലാന്റും ജന്മനാ ഉള്ള ഹൃദ്രോഗങ്ങള്‍ക്കുമുള്ള ചികിത്സയുടെ പരാതികള്‍ ഇല്ലാത്ത തുടര്‍ച്ച, അങ്ങനെ നീളുന്നു....പക്ഷേ എന്തെല്ലാം പ്രാധാന്യത്തോടെ നമ്മുടെ മാധ്യമങ്ങള്‍ ഇതൊക്കെ പുറത്ത് പറഞ്ഞു? ഫേസ്ബുക്കിലൂടെ ആണല്ലോ ഇപ്പോള്‍ കാര്യങ്ങള്‍ പുറത്തറിയുന്നത്...ശ്രീമതി വീണ ജോര്‍ജ്ജ് ചെയ്ത കാര്യങ്ങളുടെ ബാഹുല്യവും പ്രാധാന്യവും മനസിലാക്കാന്‍ അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് നോക്കിയാല്‍ മതി. പറയുന്നത് ഊതിപ്പെരുപ്പിച്ചതോ കളവോ അല്ലെന്ന് ഉറപ്പ് വരുത്താന്‍ ഒരു ഫാക്ട് ചെക്കിങ് കൂടി നടത്തിക്കോളൂ. ഈ ഇടക്ക് ഒരു ടീവീ ചര്‍ച്ചയില്‍ ഒരാള്‍ പറയുന്നത് കേട്ടു, 'കേരളം കണ്ട ഏറ്റവും മോശം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ആണ്. അങ്ങനെ അല്ലെന്ന് സ്ഥാപിക്കാന്‍ നമ്മള്‍ എന്ത് പറഞ്ഞാലും അവര്‍ കുറെ ഡാറ്റയും പൊക്കിക്കൊണ്ട് വരും'. ഡാറ്റ എന്നത് ചീത്തവാക്കായ പതിഞ്ചോളം വര്‍ഷമായി സെന്‍സസ് പോലും നടക്കാത്ത രാജ്യമാണല്ലോ നമ്മുടേത്. സമൂഹത്തിന്റെ പൊതുവായ നേട്ടമാണ് ഡാറ്റ കാണിക്കുന്നത്, ഒറ്റപ്പെട്ട, ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അതില്‍ ഔട്‌ലെയറുകള്‍ ആയിരിക്കും.

ആദ്യമായി ഒരു MLA ആയി ഒരു മന്ത്രിയായതല്ല അവര്‍. എതിര്‍ കഷിയുടെ കോട്ടയില്‍ നിന്നും തുടര്‍ച്ചയായി രണ്ടാം തവണ ജയിച്ച് വന്നവര്‍. രണ്ട് മുന്നണികളിലുമായി വിരലില്‍ എണ്ണിയെടുക്കാവുന്ന വനിതാ മെമ്പര്‍മാരില്‍ ഒരാള്‍. അക്കാദമികവും പ്രൊഫെഷണലുമായ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ളയാള്‍. അങ്ങനെയൊരാള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നോക്കാന്‍ പോലും മെനക്കെടാതെ, തുടക്കം മുതല്‍, നേരത്തെ ആയുധങ്ങള്‍ തയ്യാറാക്കിവച്ച് മാധ്യമങ്ങള്‍ ആക്രമിക്കുന്നതിന് എന്തായിരിക്കും കാരണം? മാധ്യമരംഗത്ത് നിന്ന് തന്നെ വന്നതില്‍ അവിടെത്തന്നെ ഉള്ളവര്‍ക്കുള്ള അസൂയ എന്നൊക്കെ കേള്‍ക്കുന്നുണ്ട്. പക്ഷെ അതാണ് കാരണം എന്ന് എനിക്ക് തോന്നുന്നില്ല. ശ്രീമതി വീണ ജോര്‍ജ്ജ് മറ്റൊരു വകുപ്പിന്റെ മന്ത്രിയായിരുന്നെങ്കില്‍ മീഡിയ അവരെ വെറുതെ വിട്ടേനെ എന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തെ ഡാറ്റ വച്ച് ആക്രമിക്കാന്‍ പറ്റില്ല. കാരണം അത് ഉത്തരോത്തരം പുരോഗമിക്കുകയാണ്. അതിനാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉപയോഗിച്ച് മറ്റൊരു ലോകം നിര്‍മ്മിക്കാം എന്ന് അവര്‍ കണക്ക് കൂട്ടുന്നു...അവര്‍ എന്നാല്‍ കേരളത്തിന്റെ സര്‍ക്കാര്‍ ആശുപത്രികളെ കരിപ്പൂശിക്കാണിച്ചാല്‍ നേട്ടം ആര്‍ക്കാണോ, അവര്‍. കേരളത്തില്‍ എമ്പാടും രോഗങ്ങള്‍ ഉണ്ട്. ചെലവേറിയ രോഗനിര്‍ണയ രീതികളും ചികിത്സയും ആവശ്യമായ രോഗങ്ങള്‍....വേണ്ടപ്പെട്ടവര്‍ക്ക് രോഗം വന്നാല്‍, അത് വസ്തു വിറ്റിട്ടാണെങ്കിലും കെട്ടുതാലി പണയം വെച്ചിട്ടാണെങ്കിലും ചികില്‍സിക്കാന്‍ മനസുള്ള, വേണ്ടിവന്നാല്‍ ആ ചെലവ് വഹിക്കാന്‍ കഴിയുന്ന ഒരു വലിയ മധ്യവര്‍ത്തി സമൂഹം ഉണ്ട്....അങ്ങനെ ചില കച്ചവട സാദ്ധ്യതകള്‍ രൂപപ്പെട്ട് വരുന്ന സമയത്താണ് നമ്മുടെ നാട്ടില്‍ കോര്‍പറേറ്റ് ആശുപത്രികള്‍ കൂണുപോലെ പൊന്തിയത്. പക്ഷെ അന്ന് അതിന്റെ ഉടമകള്‍ നമ്മുടെ നാട്ടിലുള്ളവരോ പ്രവാസികളായ നമ്മുടെ നാട്ടുകാരോ ആയിരുന്നു...ആരോഗ്യം കച്ചവടമാക്കാനുള്ള സാദ്ധ്യതകള്‍ വര്‍ധിച്ച് വരുമ്പോഴാണ് 2005 ല്‍ ഒരു സ്ത്രീ ആരോഗ്യവകുപ്പ് മന്ത്രി സര്‍ക്കാര്‍ ആശുപത്രികള്‍ നവീകരിക്കുകയും, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജില്‍ മാത്രം ചികില്‍സിച്ചാല്‍ മതി എന്ന് പറയുകയും ചെയ്യുന്നത്, പോരാഞ്ഞതിന് ജീവിതശൈലി രോഗനിയന്ത്രണത്തിന് മാത്രമായി ഒരു സംസ്ഥാന ആവിഷ്‌കൃത പദ്ധതിയും. ആ കഷ്ടകാലം ഒന്ന് മാറിവന്നപ്പോള്‍ മറ്റൊരു സ്ത്രീ ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ ആശുപത്രികളുടെ ഉന്നമനത്തിന് മാത്രമായി ആര്‍ദ്രം എന്ന പേരില്‍ ഒരു ഫ്‌ലാഗ്ഷിപ് പരിപാടി തന്നെ തുടങ്ങുന്നത്. മഹാമാരിക്കാലത്തെങ്കിലും നല്ല മെച്ചം കിട്ടും എന്നായപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ, സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ബെഡുകളില്‍ സൗജന്യ ചികിത്സ. ഇനിയെങ്കിലും സ്വപനങ്ങള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പൂവണിയും എന്ന് മനപ്പായസം ഉണ്ട് അന്തര്‍ദേശീയ കുത്തകകള്‍ നമ്മുടെ നാട്ടിലെ മിക്ക കോര്പറേറ്റ് ആശുപത്രികളും വാങ്ങി കാത്തിരിക്കുമ്പോള്‍ അതാ തുടര്‍ഭരണം...വീണ്ടും ഒരു സ്ത്രീ.....കൈവച്ച മേഖലകളിലെല്ലാം കഴിവ് തെളിയിച്ചവള്‍...ഉറപ്പല്ലേ അവര്‍ അത് ഇനിയും മുന്നോട്ടുകൊണ്ടുപോകും എന്ന്....നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്‌സ് പറയുന്നത്, കേരളത്തില്‍ കിടത്തി ചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ ശരാശരി ചെലവ് ഏതാണ്ട് 2000 രൂപ. സ്വകാര്യആശുപത്രികളില്‍ 25000 രൂപ ഗുണനിലവാരമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ അടുത്തില്ലെങ്കില് ഇത് 25000 ല്‍ നില്‍ക്കുമോ?..ചുമ്മാ പറഞ്ഞു എന്നേയുള്ളു...

മറ്റേതൊരു ജനപ്രതിനിധിയെയും പോലെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെയും പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റ് ചെയ്യപ്പെടണം, പക്ഷേ അത് അവരുടെ പഴയ സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ അല്ലാ വേണ്ടത്....

Summary

Kerala News: Medical College Doctor's facebook post highlighting health minister Veena George's excellent performance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com