അർധ രാത്രി, ഒറ്റയ്ക്ക് ഒരു കൊച്ചു പെൺകുട്ടി ​സൈക്കിൾ ഓടിച്ച് ​ഗോശ്രീ പാലത്തിൽ! ജോർജിന്റെ ആ സംശയം വഴിത്തിരിവ്

കൊച്ചിയിൽ കാണാതായ 12കാരിയ്ക്ക് രക്ഷകനായി യുവാവ്
DP World employee’s timely act helps
ജോർജ് ജോയ് എക്സ്പ്രസ്
Updated on
1 min read

കൊച്ചി: കാണാതായ 12കാരിയായ സ്കൂൾ വിദ്യാർഥിനിയെ അർധ രാത്രി കണ്ടെത്തുന്നതിൽ നിർണായകമായത് നായരമ്പലം സ്വദേശി ജോർജ് ജോയ് എന്ന യുവാവിന്റെ ഇടപെടൽ. സ്കൂൾ അധികൃതർ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയതിനെ തുടർന്നു കുട്ടി മാനസിക സംഘർഷത്തിലായിരുന്നു. സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്തിയില്ല. ഇതോടെ വീട്ടുകാർ പരിഭ്രാന്തരായി പൊലീസിൽ പരാതി നൽകുകയായിരുന്നു. 7 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി വല്ലാർപാടം ​ഗോശ്രീ പാലത്തിനു മുകളിൽ വച്ചാണ് ജോർജ് കുട്ടിയെ കണ്ടത്. സംഭവത്തെ കുറിച്ച് ജോർജ് ജോയ് പറയുന്നത് ഇങ്ങനെ-

'രാത്രി 11 മണിയോടെ ഞാനും എന്റെ സുഹൃത്തും ബൈക്കിൽ റോഡിലൂടെ പോകുമ്പോഴാണ് കുട്ടിയെ കണ്ടത്. അർധ രാത്രി റോഡിലൂടെ ഒരു കൊച്ചു പെൺകുട്ടി ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടി പോകുന്നത് വിചിത്രമായി തോന്നി. അതും സ്കൂൾ യൂണഫോമിൽ. എന്റെ അമ്മ വൈകീട്ട് വിളിച്ചപ്പോൾ കൊച്ചിയിൽ ഒരു പെൺകുട്ടിയെ കാണാതായെന്ന വാർത്ത പറഞ്ഞിരുന്നു. ഇക്കാര്യം ഓർത്തതോടെ ഞാനും സുഹൃത്തും ബൈക്ക് തിരിച്ച് കുട്ടിയുടെ സമീപം എത്തി.'

'സ്കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിൽ പോകാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അവളോട് ചോദിച്ചു. ഏതാണ്ട് 15 മിനിറ്റോളം അവൾ കരഞ്ഞു. അവൾ ആകെ പേടിച്ച അവസ്ഥയിലായിരുന്നു. ഞാൻ അവളെ സമാധാനിപ്പിച്ചു. സ്കൂളിൽ നടന്ന ചില സംഭവങ്ങളെക്കുറിച്ചു അവൾ പറഞ്ഞു. ടീച്ചർ അവളെ എന്തോ കാര്യത്തിന് ശാസിച്ചിരുന്നു. വീട്ടിലേക്ക് പോകാൻ അവൾക്ക് ഭയമായിരുന്നു. അവളുടെ മാതാപിതാക്കളും വഴക്കു പറയുമെന്നു അവൾ ഭയപ്പെട്ടു.'

'പിന്നീട് ഞങ്ങൾ പൊലീസിൽ വിളിച്ച് വിവരം പറഞ്ഞു. മണിക്കൂറുകൾക്കു മുൻപ് കാണാതായ കുട്ടിയുടെ പേര് പൊലീസുകാർ പറഞ്ഞു. അത് ഈ പെൺകുട്ടി തന്നെയെന്നു ഉറപ്പാക്കി'- ജോർജ് വ്യക്തമാക്കി.

വല്ലാർപാടത്തെ ഡിപി വേൾഡിൽ ഫയർമാനായി ജോലി ചെയ്യുകയാണ് ജോർജ്. യുവാവിന്റെ സമയോചിതവും ഔചിത്യ ബോധത്തോടെയുള്ള ഇടപെടലുമാണ് കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കൾക്ക് തിരികെ ലഭിക്കാൻ ഇടയാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com