'ഈ മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കില്‍ ഒരു പോറല്‍ പോലുമില്ലാതെ ഞാന്‍ രക്ഷപ്പെട്ടേനെ'
തിരുവനന്തപുരം: സുരക്ഷിതമായ കാര്‍ യാത്രയ്ക്ക് സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ്, വാഹനാപകടത്തില്‍ പരിക്കേറ്റു വിശ്രമിക്കുന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. താന്‍ വേണ്ടത്ര ജാഗ്രതയില്ലാതെയാണ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്നും അതിനാലാണ് കൂടുതല്‍ പരിക്കു പറ്റിയതെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. മൂന്നാഴ്ചമുമ്പ് കായംകുളത്തു വച്ചുണ്ടായ അപകടത്തിലാണ്, ഡോ. വി വേണുവിനും ഭാര്യ തദ്ദേശ ഭരണ അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും പരിക്കേറ്റത്.
''ഞാന്‍ മാത്രം മേല്‍ഭാഗത്തെ ബെല്‍റ്റ് പിന്നിലേക്ക് മാറ്റി, കീഴ് ഭാഗത്തെ ബെല്‍റ്റ് മാത്രമാണ് ഉപയോഗിച്ചത്. അതുകൊണ്ടാണ് എനിക്കുമാത്രം ഇത്രയധികം പരിക്ക് പറ്റിയത്.
ഈ മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കില്‍ ഒരു പോറല്‍ പോലുമില്ലാതെ ഞാന്‍ രക്ഷപ്പെട്ടേനെ.
യാത്രക്കാര്‍ ഏത് സീറ്റില്‍ ആണെങ്കിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധപൂര്‍വ്വം ധരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. മുന്‍ സീറ്റില്‍ മാത്രമല്ല നടുവിലും പിന്‍ സീറ്റിലും ഉള്ള യാത്രക്കാര്‍ കൃത്യമായും ബെല്‍റ്റ് ധരിച്ചിരിക്കണം.
അതു പോലെ പ്രധാനമാണ് രാത്രികാലത്തെ അനാവശ്യ യാത്ര ഒഴിവാക്കുന്നതും''- ഡോ. വി വേണു കുറിപ്പില്‍ പറയുന്നു.
കുറിപ്പ്:
പ്രിയമുള്ളവരെ,
3 ആഴ്ച മുന്‍പ് കായംകുളത്തിനടുത്തു വച്ച് എനിക്കും കുടുംബത്തിനും അപകടമുണ്ടായ വിവരം അറിഞ്ഞു കാണുമല്ലോ. പലരും സന്ദേശങ്ങളിലൂടെയും നേരിട്ടും ഫോണ്‍ ചെയ്തും വിവരങ്ങള്‍ അന്വേഷിക്കുകയും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയും ചെയ്തു. നിങ്ങളുടെ എല്ലാം സ്‌നേഹത്തിനും ശ്രദ്ധയ്ക്കും ആശ്വാസ വാക്കുകള്‍ക്കും ഞാന്‍ ആദ്യമേ നന്ദി പറഞ്ഞുകൊള്ളട്ടെ.
ഞാനും ശാരദയും മകനും ഉള്‍പ്പെടെ ഞങ്ങള്‍ ഏഴ് പേരുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. ഗണ്‍ മാനും സുഹൃത്തുക്കളും യാതൊരു അപകടവും ഇല്ലാതെ രക്ഷപ്പെടുകയും ബാക്കി നാലുപേര്‍ക്കും ഏറിയും കുറഞ്ഞു അപകടം സംഭവിക്കുകയും ചെയ്തു.
ഞങ്ങളുടെ പരിക്കുകള്‍ അല്പം ഗുരുതരമാണെങ്കില്‍ തന്നെയും അവ ജീവനു ഭീഷണി ഉള്ളതല്ല എന്ന് അറിയിച്ചുകൊള്ളട്ടെ.
എന്റെ തലയോട്ടിയില്‍ സംഭവിച്ചിട്ടുള്ള പൊട്ടലുകളും മറ്റു പരിക്കുകളും അപകടത്തിന്റെ വ്യാപ്തി വച്ച് നോക്കുമ്പോള്‍ നിസ്സാരമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഞാനിപ്പോള്‍ ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലെത്തിയിട്ടുണ്ട്. സംസാരിക്കുവാന്‍ വിഷമമുണ്ട്, അതുകൊണ്ടാണ് ഫോണ്‍ കോളുകള്‍ക്ക് എനിക്ക് ഉത്തരം പറയാന്‍ കഴിയാത്തത്. വാരിയെല്ലുകള്‍ക്കുള്ള ഒടിവ് കാരണം ശാരദയ്ക്ക് പൂര്‍ണ വിശ്രമം ആവശ്യമാണ്. ഇന്‍ഫെക്ഷന്റെ ഭീതി നിലവിലുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് വിലക്കുമുണ്ട്.
എനിക്ക് സംഭവിച്ച അപകടം ഇത്ര വലുതായിരുന്നിട്ടും ആഘാതം ഇത്ര മാത്രമായി പരിമിതപ്പെട്ടത് സീറ്റ് ബെല്‍റ്റ് ധരിച്ചതുകൊണ്ടു മാത്രമാണ്. മുന്നിലിരുന്നവര്‍ക്ക് എയര്‍ബാഗിന്റെ പരിരക്ഷയും ലഭിച്ചു.
ഞാന്‍ മാത്രം മേല്‍ഭാഗത്തെ ബെല്‍റ്റ് പിന്നിലേക്ക് മാറ്റി, കീഴ് ഭാഗത്തെ ബെല്‍റ്റ് മാത്രമാണ് ഉപയോഗിച്ചത്. അതുകൊണ്ടാണ് എനിക്കുമാത്രം ഇത്രയധികം പരിക്ക് പറ്റിയത്.
ഈ മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കില്‍ ഒരു പോറല്‍ പോലുമില്ലാതെ ഞാന്‍ രക്ഷപ്പെട്ടേനെ.
യാത്രക്കാര്‍ ഏത് സീറ്റില്‍ ആണെങ്കിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധപൂര്‍വ്വം ധരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. മുന്‍ സീറ്റില്‍ മാത്രമല്ല നടുവിലും പിന്‍ സീറ്റിലും ഉള്ള യാത്രക്കാര്‍ കൃത്യമായും ബെല്‍റ്റ് ധരിച്ചിരിക്കണം.
അതു പോലെ പ്രധാനമാണ് രാത്രികാലത്തെ അനാവശ്യ യാത്ര ഒഴിവാക്കുന്നതും.
അപകടം നടന്ന സ്ഥലത്ത് ഓടിക്കൂടി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍, അസമയത്തും അടിസ്ഥാന ശുശ്രൂഷ നല്‍കിയ കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍, പരുമല മാര്‍ ഗ്രേഗോരിയസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഉൃ ശ്രീജിത്തും ടീം അംഗങ്ങളും, അവിടെയുള്ള എല്ലാ സ്‌പെഷ്യലിസ്‌റ് വിദഗ്ധരും , ഐസിയുവില്‍ സേവനമനുഷ്ടിക്കുന്ന സിസ്റ്റര്‍മാര്‍ , എല്ലാറ്റിനും ചുക്കാന്‍ പിടിക്കുന്ന റവ. ഫാദര്‍ പൗലോസ്... ഞങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ യത്‌നിച്ച ഓരോ വ്യക്തിയും ഞങ്ങളുടെ ഓര്‍മകളില്‍ ജ്വലിച്ചു നില്‍ക്കും.
മറ്റു തിരക്കുകള്‍ക്കിടയിലും ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ച ആദരണീയനായ ഗവര്‍ണര്‍, ബഹുമാന്യനായ മുഖ്യമന്ത്രി, അഭിവനധ്യ സഭാ തിരുമേനിമാര്‍ , ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോര്‍ജ്, ബഹുമാന്യരായ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആശാതോമസ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍,മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം, ജില്ലാ കളക്ടര്‍മാരായ ദിവ്യയും ജയശ്രീയും കൃഷ്ണതേജയുമടക്കം ഉദ്യോഗസ്ഥ സഹപ്രവര്‍ത്തകര്‍, ഞങ്ങളുടെ കുടുംബാംഗങ്ങള്‍...എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നും നന്ദി.. ആശ്വാസവചനങ്ങളും പ്രോത്സാഹനവും ഞങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

