

തൃശൂര്‍: ബ്യൂട്ടി സ്പായില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. തൃശൂര്‍ ശങ്കരയ്യ റോഡിലുള്ള ഡ്രീംസ് യൂണിസെക്‌സ് ബ്യൂട്ടി സലൂണ്‍ ബോഡി സ്പായില്‍ നിന്നുമാണ് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്. തൃശൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അഷ്‌റഫും സംഘവും നടത്തിയ പരിശോധനയിലാണ് 150 ഗ്രാം കഞ്ചാവും എംഡിഎംഎയും പിടികൂടിയത്.
പട്ടാമ്പി സ്വദേശിയായ അഭിലാഷ്, മൈലിപാടം സ്വദേശിനിയായ ഹസീന (35) എന്നിവരെ അറസ്റ്റ് ചെയ്തു. ഹസീനയും അഭിലാഷും ചേര്‍ന്ന് ബ്യൂട്ടി സ്പാ എന്ന പേരില്‍ സ്ഥാപനം നടത്തുകയും അവിടെ വരുന്ന ആളുകള്‍ക്ക് മയക്കുമരുന്നും സ്ത്രീകളെയും ഏര്‍പ്പാടാക്കി കൊടുക്കുകയും ചെയ്യുകയായിരുന്നുവെന്ന് എക്‌സൈസ് വ്യക്തമാക്കി. മയക്കുമരുന്നിനായി വരുന്ന ആളുകളുമായി സമീപത്തുള്ള വ്യാപാര സ്ഥാപനത്തിലെ ആളുകള്‍ വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ഇവിടെ വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെടുകയും ചെയ്തതിനെതുടര്‍ന്ന് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിവരമറിയിച്ചിരുന്നു.
സ്ഥാപനം കുറച്ചുനാളായി എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. റെയ്ഡ് നടക്കുന്ന സമയത്തും നിരവധി കോളുകളാണ് സ്ഥാപനത്തിലേക്ക് വന്നുകൊണ്ടിരുന്നത്. കോളുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. പട്ടാമ്പി സ്വദേശിയായ അഭിലാഷിനെ ഹസീന ഗള്‍ഫില്‍ വെച്ച് പരിചയപ്പെടുകയും കൂട്ടുകച്ചവടത്തില്‍ എത്തിക്കുകയായിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹസീന ഇടയ്ക്കിടെ അഭിലാഷുമായി പലയിടങ്ങളില്‍ കറങ്ങുകയും മയക്കുമരുന്ന് കൊണ്ടുവന്നു പാക്കറ്റുകളിലാക്കി വിതരണം നടത്തുകയുമായിരുന്നു ചെയ്തിരുന്നത്.
മയക്കുമരുന്ന് പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകളും എംഡിഎംഎ പാക്ക് ചെയ്യുന്ന ചെറിയ പ്ലാസ്റ്റിക് കവറുകളും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട് 47,000 രൂപയ്ക്ക് വാടകയ്ക്ക് എടുത്തിട്ടുള്ള കെട്ടിടത്തില്‍ 1000 സ്‌ക്വയര്‍ ഫീറ്റുനുള്ളില്‍ അഞ്ചോളം മുറികളാക്കി തിരിച്ചു ആവശ്യക്കാര്‍ക്ക് മുറി നല്‍കുകയും മയക്കുമരുന്നും സ്ത്രീകളെയും ഉപയോഗിക്കുന്നതിന് അവസരമുണ്ടാക്കി കൊടുക്കുകയുമാണ് ഇവരുടെ രീതി. ഇത്തരത്തില്‍ ഇവര്‍ ഒരാഴ്ചയില്‍ 80000 രൂപയോളം വരുമാനം ഉണ്ടാക്കിയിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്.
കൂടുതല്‍ പ്രതികളെ കുറിച്ചും മയക്കുമരുന്നിനായി വരുന്ന ആളുകളെ കുറിച്ചും ഇത് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ കുറിച്ചും കൂടുതല്‍ അറിയുന്നതിന് വേണ്ടി അന്വേഷണം വിപുലപ്പെടുത്തുമെന്ന് എക്‌സൈസ് അറിയിച്ചു. ഓണം അടുത്തതിനാല്‍ കൂടുതല്‍ റെയ്ഡുകളും പട്രോളിംഗും ശക്തമാക്കി മയക്കുമരുന്നിന് തടയിടുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഭാര്യയേയും മാതാപിതാക്കളെയും ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ചു; യുവാവ് കടന്നുകളഞ്ഞു, അന്വേഷണം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates