

പത്തനംതിട്ട : തിരക്ക് വര്‍ധിച്ചതോടെ, ശബരിമലപാതയില്‍ ഇന്നും ഗതാഗത നിയന്ത്രണം. ഇലവുംങ്കലില്‍ നിന്ന് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ശബരിമല ദര്‍ശനത്തിനായി ഇന്ന് ഓണ്‍ലൈന്‍ വഴി 90620 തീര്‍ഥാടകരാണ് ബുക്ക് ചെയ്തിട്ടുള്ളത്.
തീര്‍ഥാടകരുടെ വരവ് ഉയര്‍ന്നതോടെ, ഇലവുംങ്കല്‍- എരുമേലി പാതയില്‍ ഒന്നര കിലോമീറ്റര്‍ ഗതാഗത കുരുക്ക് ഉണ്ട്. ഇലവുംങ്കല്‍- പത്തനംതിട്ട റോഡില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്.
തിരക്കൊഴിവാക്കാന്‍ ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങള്‍ പമ്പ മുതല്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണവിധേയമായി മാത്രമേ തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ. നിലവിലെ നിയന്ത്രണങ്ങള്‍ ശബരിമല എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തി.
അതിനിടെ, ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ദര്‍ശന സമയം വര്‍ധിപ്പിച്ച 19 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ഭക്തരെ സോപാനത്തിന് മുന്നില്‍ എത്തിക്കാനുള്ള സാധ്യത തേടുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നട തുറന്നിരിക്കുന്ന 19 മണിക്കൂറില്‍ പരമാവധി ദര്‍ശനത്തിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.ഒരു ദിവസത്തെ നാല് പൂജാ സമയങ്ങളില്‍ നട അടച്ചിടുന്ന ദൈര്‍ഘ്യം കുറച്ച് പരമാവധി ദര്‍ശനം സാധ്യമാക്കാനാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്.
തന്ത്രിയുടെ അനുമതിയോടെ സമയം ചുരുക്കുന്നതാണ് പരിശോധിക്കുന്നത്. ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ, ദീപാരാധാന സമയങ്ങളില്‍ 20 മിനിറ്റ് വീതം നട അടയ്ക്കാറുണ്ട്.ഒരു മിനിറ്റില്‍ നാലുവരിയിലൂടെ 240 പേര്‍ക്കാണ് സോപാനത്തില്‍ ശരാശരി ദര്‍ശനം ലഭിക്കുന്നത്. പൂജാ സമയങ്ങളില്‍ നട അടച്ചിടുന്ന ദൈര്‍ഘ്യം കുറച്ചാല്‍ കൂടുതല്‍ പേര്‍ക്ക് ദര്‍ശനം സാധ്യമാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീര്‍ഥാടകര്‍ക്ക് തൃപ്തികരമായ ദര്‍ശനം ഉറപ്പാക്കാന്‍ പ്രതിദിന ദര്‍ശനം 90,000 പേര്‍ക്കായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിക്കുകയും ചെയ്തു. ദര്‍ശനസമയം ദിവസം 19 മണിക്കൂറായി വര്‍ധിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് അവസരമൊരുക്കാനാണ് യോഗം തീരുമാനിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates