

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ സിപിഎം ആഭ്യന്തര കലഹങ്ങളിലേക്കും അതൃപ്തിയിലേക്കും നീങ്ങുന്നതിനിടെ, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ മിന്നൽ പരിശോധനകൾ അദ്ദേഹത്തിന് പാർട്ടിയിൽ പുതിയ രാഷ്ട്രീയ ഊർജ്ജം നൽകുന്നു. പരാജയത്തിന്റെ പശ്ചാത്തലത്തിൽ താഴേത്തട്ടിലുള്ള പാർട്ടി കമ്മിറ്റികളിൽ പിണറായി വിജയനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഇഡി റെയ്ഡ്, അതുവരെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ പാർട്ടിയിൽ വില്ലൻ സ്ഥാനത്തുണ്ടായിരുന്ന പിണറായിയെ ഒറ്റയടിക്ക് സിപിഎ. പ്രവർത്തകരുടെ വികാരവും പോരാട്ട വീര്യവുമാക്കി മാറ്റിയിരിക്കുകയാണ്. റെയ്ഡിന് പിന്നാലെ പാർട്ടിക്കുള്ളിലെ രാഷ്ട്രീയ ചർച്ചകളുടെ സ്വഭാവം തന്നെ ആകെ മാറിമറിഞ്ഞു കഴിഞ്ഞു.
പാർട്ടിയെ സംബന്ധിച്ച് ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലാണ് ഈ റെയ്ഡ് നടന്നിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ചൂണ്ടിക്കാട്ടി. സ്വന്തം കോട്ടയായ കണ്ണൂരിൽ പോലും പരാജയപ്പെട്ടതോടെ പാർട്ടിയുടെ നേതൃത്വത്തിന്റെയും അണികളുടെയും ആത്മവിശ്വാസം പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. പാർട്ടി ഒരു പുതിയ പ്രതീക്ഷയ്ക്കായി കാത്തിരിക്കുമ്പോഴാണ് ഈ സംഭവം ഉണ്ടാകുന്നത്. വരാനിരിക്കുന്ന ജൂൺ 5 മുതൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും തെരഞ്ഞെടുപ്പ് ഫലം വിശദമായി അവലോകനം ചെയ്യാനിരിക്കെയാണ് താഴേത്തട്ടിലെ കമ്മിറ്റികളിൽ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ അഭൂതപൂർവ്വമായ വിമർശനങ്ങൾ ഉയർന്നത്. എന്നാൽ ഈ പരിശോധനകളോടെ ആത്മപരിശോധനയുടെയും പരസ്പരം പഴിചാരലിന്റെയും ഘട്ടം അവസാനിക്കുകയും പാർട്ടിയിൽ വലിയ തോതിലുള്ള രാഷ്ട്രീയ ഐക്യം രൂപപ്പെടുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പരാജയത്തോടെ നിരാശരായ അണികളെ വീണ്ടും ഒന്നിപ്പിക്കാൻ ഈ റെയ്ഡ് വഴി പുതിയൊരു രാഷ്ട്രീയ ആയുധം ലഭിച്ചെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. പിണറായി വിജയന്റെ നേതൃത്വം പാർട്ടിക്കുള്ളിൽ വലിയ ചോദ്യം ചെയ്യലുകൾ നേരിട്ട സമയത്ത്, കേന്ദ്ര ഏജൻസികളുടെ ഈ അടിയന്തിര നീക്കം പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ സഹായിച്ചതായി രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. റെയ്ഡ് ആസൂത്രണം ചെയ്തവർക്ക് ഇതിന്റെ ആഘാതത്തെക്കുറിച്ച് കൃത്യമായ കണക്കുകൂട്ടലുകൾ തെറ്റിപ്പോയെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പിണറായി വിജയനെയും സിപിഎം-നെയും കൂടുതൽ ദുർബലപ്പെടുത്താമെന്നാണ് അവർ കരുതിയത്, എന്നാൽ പാർട്ടിക്ക് നേരെയോ നേതൃത്വത്തിന് നേരെയോ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ സിപിഎം കൂടുതൽ ശക്തമായി ഒന്നിച്ച് പോരാടുമെന്ന കാര്യം അവർ മറന്നുപോയതായാണ് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഭരണവിരുദ്ധ വികാരവും പ്രാദേശികമായ വിഭാഗീയതകളും കാരണം ബുദ്ധിമുട്ടിയ സിപിഎം അണികൾക്കിടയിൽ ബിജെപി സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന പാർട്ടി നിലപാട് വേഗത്തിൽ സ്വാധീനം ചെലുത്തിക്കഴിഞ്ഞു. ദേശീയതലത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു എന്ന ആരോപണം അണികൾക്കിടയിൽ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. ഈ റെയ്ഡ് നാഷണൽ ലെവലിൽ ഡിഎംകെ, ആം ആദ്മി പാർട്ടി , ആർജെഡി തുടങ്ങിയ പ്രതിപക്ഷ കക്ഷികളെ സിപിഎം-നോട് കൂടുതൽ അടുപ്പിച്ചു. 'ഇന്ത്യ' (INDIA) സഖ്യത്തിനുള്ളിൽ ഭിന്നതകൾ നിലനിൽക്കുന്ന സമയത്താണ് ഈ പുതിയ നീക്കം. റെയ്ഡിനെ പ്രമുഖ പാർട്ടികൾ അപലപിച്ചപ്പോൾ, ഡിഎംകെ, ആം ആദ്മി പാർട്ടി തലവന്മാർ പിണറായി വിജയന്റെ അറസ്റ്റിനായി വാദിച്ച കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയതും ശ്രദ്ധേയമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates