തിരുവനന്തപുരം: സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്നുദിവസം വിദ്യാർഥികളുടെ ഹാജർനില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം രണ്ടാഴ്ച അടച്ചിടും. അത്തരം സ്ഥാപനങ്ങളെ ക്ലസ്റ്റർ ആയി കണക്കാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.
അടച്ചിടുന്ന ദിവസങ്ങളിൽ ഓൺലൈനായി ക്ലാസ് നടത്തും. സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളെ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുമതി നൽകും. കുട്ടികളുടെ വാക്‌സിനേഷൻ, രണ്ടാം ഡോസ് വാക്‌സിനേഷൻ എന്നിവ സംസ്‌ഥാന ശരാശരിയേക്കാൾ കുറഞ്ഞ ജില്ലകൾ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് നടത്തണമെന്നും അവലോകനയോഗം നിർദേശം നൽകി.
ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കാൻ സ്വീകരിച്ച എ, ബി, സി വർഗീകരണം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് കോവിഡ് വ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിക്കുന്നതായി യോഗം വിലയിരുത്തി. കോവിഡ് നിർണയപരിശോധന പരമാവധി ലാബുകളിൽ ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഡയാലിസിസ് ആവശ്യമുള്ള കോവിഡ് രോഗികൾക്ക് എല്ലാ ജില്ലകളിലും സൗകര്യങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates