

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് സുരക്ഷിതമായ ദര്‍ശനത്തിനാവശ്യമായ മുഴുവന്‍ ക്രമീകരണങ്ങളും എര്‍പ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. മണ്ഡല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 52 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം മണ്ഡല മകരവിളക്ക് കാലയളവില്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്. ഇത് ഓരോ വര്‍ഷവും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ക്കിടക മാസം ഒന്നിന് പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ശബരിമല ദര്‍ശനം നടത്തിയത്.
പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമാവശ്യമായ ടെന്‍ഡര്‍ നടപടികളടക്കം അതിവേഗം പൂര്‍ത്തീകരിക്കും. ബിഎംബിസി നിലവാരത്തിലുള്ള മികച്ച റോഡുകളാണെങ്കിലും ചാലക്കയം ഭാഗത്ത് ശ്രദ്ധയില്‍പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കും. നിലവില്‍ നിലക്കലില്‍ 8000 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്ങാണ് അനുവദിക്കുന്നത്. ഇവിടെ പതിനായിരത്തിനു മുകളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും എരുമേലിയില്‍ 1100 വാഹനങ്ങളുടെ പാര്‍ക്കിംഗ് എന്നുള്ളത് രണ്ടായിരമായി വര്‍ധിപ്പിക്കും. ആവശ്യമായ ആറേക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികള്‍ ജില്ലാ കളക്ടര്‍ സ്വീകരിച്ചു വരികയാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തില്‍ മുഴുവന്‍ ഇടത്താവളങ്ങളും സമയബന്ധിതവായി ക്രമീകരിക്കും. ഭക്തരുടെ അടിയന്തിര ആരോഗ്യ പരിപാലനത്തിന് ആക്സിഡന്റ് ട്രോമാകെയര്‍ സംവിധാനം ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഒരുക്കും. സന്നിധാനത്ത് ഇസിജി, എക്കോ, ടി എം ടി അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. ക്യൂവില്‍ നില്‍ക്കുന്ന ഭക്തരുടെ അടിയന്തിര ചികിത്സാര്‍ത്ഥം വോളണ്ടിയര്‍മാര്‍ക്ക് സി പി ആര്‍ പരിശീലനം നല്‍കും. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം, കോന്നി തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക സെല്‍ ആരംഭിക്കും. നിലവില്‍ മൂന്ന് ആംബുലന്‍സ് എന്നുള്ളത് നാലായി ഉയര്‍ത്തുകയും നാലാമത്തെ ആംബുലന്‍സ് മരക്കൂട്ടം ഭാഗത്ത് സേവനം നല്‍കുകയും ചെയ്യും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭക്തര്‍ക്ക് ശുദ്ധമായ ദാഹജലം നല്‍കുന്നതിനുള്ള 4000 ലിറ്റര്‍ പ്ലാന്റിന്റെ ശേഷി പതിനായിരമാക്കി ഉയര്‍ത്തുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. കടകളില്‍ വില്‍ക്കുന്ന കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കും. മാലിന്യ നിര്‍മാര്‍ജനം സമയബന്ധിതമായി നടത്തും. മാലിന്യം തരംതിരിച്ച് കൈമാറുന്നതിനാവശ്യമായ നടപടി ശുചിത്വമിഷന്‍ സ്വീകരിക്കും.
വന്യമൃഗ ശല്യമില്ലാതെ ദര്‍ശനം നടത്തുന്നതിന് ഭക്തരെ സഹായിക്കാന്‍ വനം വകുപ്പ് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. നിലവില്‍ പ്രതിദിനം 80000 ഭക്തജനങ്ങളെയായിരിക്കും വിര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനത്തിനനുവദിക്കുക. സന്നിധാനത്തും പമ്പയിലും എത്തുന്ന ഭക്തര്‍ക്ക് വെയിലും മഴയും ഏല്‍ക്കാതിരിക്കുന്നതിനാവശ്യമായ മേല്‍ക്കൂരകളുടെ നിര്‍മാണ പ്രവര്‍ത്തനം ദേവസ്വം ബോര്‍ഡ് ഉടന്‍ ആരംഭിക്കും. ശബരിമലയിലെ റോപ് വേ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതവും സന്തോഷകരവുമായ മണ്ഡല മകരവിളക്ക് കാലത്തിന് എല്ലാവരുടെയും സഹായ സഹകരണമുണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates