'പിന്നില്‍ ഈര്‍ക്കില്‍ സംഘടന, മാധ്യമശ്രദ്ധ കിട്ടിയതോടെ ഹരം കയറി'; ആശ വര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് എളമരം കരീം

'ആരോഗ്യമേഖലയെ പൂര്‍ണമായി സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തെ അനുകൂലിക്കാനാകില്ല'
asha worker's strike
എളമരം കരീം, ആശ വര്‍ക്കര്‍മാരുടെ സമരം ഫെയ്‌സ്ബുക്ക്/ ബി പി ദീപു-എക്സ്പ്രസ്
Updated on
1 min read

കൊച്ചി: ആശ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സിപിഎം നേതാവ് എളമരം കരീം വീണ്ടും. സമരം നടത്തുന്നത് ഏതോ ഈര്‍ക്കില്‍ സംഘടനയാണ്. അവരുടെ സംഘടനാശക്തി കൊണ്ടൊന്നുമല്ല ഇത് സംഭവിക്കുന്നത്. അവര്‍ക്ക് പിന്നില്‍ ആരോ ഉണ്ടാകാം. മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടിയതോടെ അവര്‍ക്ക് ഒരു ഹരമായി. മഹിളാ കോണ്‍ഗ്രസ് മന്ത്രിയുടെ വീട്ടിലേക്ക് തള്ളിക്കയറുന്നു. എല്ലാ ദിവസവും വാര്‍ത്ത വരുന്നു. അങ്ങനെ ശ്രദ്ധ പിടിച്ചുപറ്റിയതിന്റെ ആവേശത്തിലാണ് സമരം തുടരുന്നത്. അതല്ലാതെ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കല്‍ ഈ വിധത്തിലല്ല എന്നും എളമരം കരീം പറഞ്ഞു.

ആരോഗ്യമേഖലയെ പൂര്‍ണമായി സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തെ അനുകൂലിക്കാനാകില്ല. മുമ്പ് സിഐടിയു നിരവധി സമരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാര്‍ലമെന്റിനും മുന്നില്‍ നടത്തി. കേന്ദ്ര തൊഴില്‍ വകുപ്പുമായും ആരോഗ്യവകുപ്പുമായും ചര്‍ച്ച നടത്തിയപ്പോഴും ഇവര്‍ തൊഴിലാളികളല്ല, വൊളണ്ടിയേഴ്‌സ് ആണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. അതിനാല്‍ ഇന്‍സെന്റീവ് മാത്രമേ നല്‍കാനാകൂ എന്നാണ് പറഞ്ഞത്.

ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന് കഴിയാവുന്നത് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ആശ വര്‍ക്കര്‍മാര്‍ക്ക് 7000 രൂപ വരെ ഓണറേറിയം നല്‍കുന്നത് കേരള സര്‍ക്കാര്‍ കൂടി ചേര്‍ന്നിട്ടാണ്. കൂടാതെ, അവര്‍ ചെയ്യുന്ന ഓരോ ജോലിക്കും പ്രത്യേക ഇന്‍സെന്റീവുകളുണ്ട്. ആശ വര്‍ക്കര്‍മാരുടെ ജോലിഭാരം കുറയ്ക്കണമെന്ന ആവശ്യത്തില്‍, എന്‍എച്ച്എം ഡയറക്ടര്‍ ഇടപെട്ട് കുറയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

ദേശീയ തലത്തില്‍ എന്‍എച്ച്എം എംപ്ലോയീസ് ഫെഡറേഷന്‍, അങ്കണവാടി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍, ആശ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എന്നിവരെല്ലാം ചേര്‍ന്ന് ഡല്‍ഹിയില്‍ ശക്തമായ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യാരാജ്യത്ത് കേരളത്തില്‍ പരിഗണിക്കുന്നതുപോലെ ഒരു സ്ഥലത്തും ഈ വിഭാഗത്തെ പരിഗണിക്കുന്നില്ല എന്നതാണ് സത്യമെന്ന് എളമരം കരീം പറഞ്ഞു.

എന്‍എച്ച്എമ്മിന് കീഴില്‍ ജോലി ചെയ്യുന്നവര്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ആരോഗ്യമേഖലയില്‍ വളരെ കരുതലോടെയാണ് സിഐടിയു സമരം ചെയ്യുന്നത്. ആരോഗ്യമേഖലയെ സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ഒരിക്കലും ട്രേഡ് യൂണിയനുകള്‍ പോകാറില്ല. എന്നാല്‍ ഈ സമരം ചെയ്യുന്നവര്‍ക്ക് അതൊന്നും അറിയില്ല. അവര്‍ എന്തോ ചെയ്യുന്നുവെന്ന് എളമരം കരീം പറഞ്ഞു.

ആരോഗ്യമേഖലയിലെ സര്‍വേകള്‍, കണക്കെടുപ്പുകള്‍ തുടങ്ങിയവ നടത്തുന്നുണ്ട്. കുഷ്ടരോഗികളുടെ സര്‍വേ, ജീവിതശൈലീ രോഗങ്ങളുടെ സര്‍വേ തുടങ്ങിയവ കേരളത്തില്‍ നടക്കുന്നുണ്ട്. ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളാണ്. കൃത്യമായ സമയത്ത് സര്‍വേ റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ രോഗനിര്‍മ്മാര്‍ജ്ജനത്തിനുള്ള ഫണ്ട് സംസ്ഥാനത്തിന് നഷ്ടമാകുമെന്ന് എളമരം കരീം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com