

കൊച്ചി: അടിയന്തരഘട്ടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന് സിപിഎമ്മിന്റെ ചുമട്ടുതൊഴിലാളി യൂണിയനായ സിഐടിയു റെഡ് ബ്രിഗേഡ് സേനയെ രംഗത്തിറക്കുന്നു. സിപിആര്‍ ഉള്‍പ്പെടെ അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷാമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്ന പരിശീലനം ലഭിച്ച 5,000 വളണ്ടിയര്‍മാരെ സംസ്ഥാനത്ത് വിന്യസിക്കാനാണ് സിഐടിയു പദ്ധതിയിടുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടം ഡിസംബറോടെ ആരംഭിക്കും. അടുത്ത ഘട്ടത്തില്‍, സംസ്ഥാനത്തുടനീളമുള്ള 48,000 ചുമട്ടു തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനുമാണ് സിഐടിയു ലക്ഷ്യമിടുന്നത്. റോഡപകടങ്ങളിലും മറ്റ് ദുരന്തങ്ങളിലും സേവനങ്ങള്‍ നല്‍കാന്‍ ഫസ്റ്റ് റെസ്‌പോണ്‍സ് ടീമിന് രൂപം നല്‍കാന്‍ ഒരു വലിയ വളണ്ടിയര്‍ സേനയെ തയാറാക്കുകയാണ് ലക്ഷ്യം.
'പ്രഥമശുശ്രൂഷ നല്‍കുന്നതില്‍ ആദ്യ ഘട്ടത്തില്‍, 1,000 തൊഴിലാളികള്‍ക്ക് പരിശീലനം ലഭിച്ചു. റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് ചികിത്സ നല്‍കുന്നത്, ഹൃദയാഘാതം സംഭവിക്കുമ്പോള്‍ സിപിആര്‍ നല്‍കല്‍, തീപിടിത്തങ്ങളില്‍ അടിയന്തര ഇടപെടല്‍ എന്നിവയില്‍ ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. റെഡ് ബ്രിഗേഡ് വളണ്ടിയര്‍മാരെ നിയോഗിക്കുക വഴി, അപകങ്ങളില്‍പ്പെട്ടവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടാകാതിരിക്കാനും അവരുടെ ജീവനും ആസ്തികളും സംരക്ഷിക്കാനും കഴിയും,' ഹെഡ്ലോഡ് വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു) എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി സിഐടിയുവിലെ കെ എം അഷ്റഫ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
റോഡ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് പരിക്ക് സങ്കീര്‍ണ്ണമാക്കുകയും പിന്നീട് ഈ പരിക്കുകള്‍ ഗുരുതരമാക്കുന്നതിന് കാരണമാകുന്നു. ഉദാഹരണത്തിന്, നട്ടെല്ലിന് പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ സുരക്ഷിയാമായി കെട്ടി വേണം. അപകടത്തില്‍പ്പെട്ടവരെ ഓട്ടോറിക്ഷകളിലും മറ്റ് വാഹനങ്ങളിലും കൊണ്ടുപോകുന്നത് പരിക്കേറ്റയാളെ ജീവിതകാലം മുഴുവന്‍ പക്ഷാഘാത രോഗിയാക്കാനും ഇടവരുത്തും. എന്നാല്‍ അപകടത്തില്‍പ്പെട്ടവരെ പരിചരിക്കുമ്പോള്‍ പരിശീലനം നേടിയ ഫസ്റ്റ്-ലൈന്‍ റെസ്പോണ്ടര്‍മാര്‍ക്ക് ഇതില്‍ മാറ്റമുണ്ടാക്കാന്‍ കഴിയും. കൊച്ചി പള്ളുരുത്തിയിലെ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ ഇഎന്‍ടി സര്‍ജന്‍ ഡോ. ഹനീഷ് എം.എം പറഞ്ഞു.
ഐഎംഎ കൊച്ചിന്‍ ചാപ്റ്ററിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ ഹനീഷ്, മുമ്പ് നിരവധി സംരംഭങ്ങളില്‍ ട്രേഡ് യൂണിയന്‍ തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 'സിഐടിയു തൊഴിലാളികള്‍ 2015 ല്‍ എറണാകുളം ജനറല്‍ ആശുപത്രിക്ക് ഒരു ഐസിയു ആംബുലന്‍സ് സംഭാവന ചെയ്തു, ആവശ്യഘട്ടങ്ങളില്‍ ഞങ്ങളെ സഹായിക്കാന്‍ എപ്പോഴും ഉണ്ട്. കാലക്രമേണ ഈ ബന്ധം വികസിച്ചു, ഈ സംരംഭം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ തിരിച്ചറിഞ്ഞു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014ല്‍ എറണാകുളം ജനറല്‍ ആശുപത്രി കടുത്ത ജലക്ഷാമം നേരിട്ടപ്പോഴാണ് ചുമട്ടുതൊഴിലാളികളെ ആദ്യമായി സമീപിച്ചതെന്ന് കെ എം അഷ്റഫ് പറഞ്ഞു. 'ഞങ്ങള്‍ സഹായിച്ചു, 'കനിവ്' സംരംഭത്തിന് കീഴില്‍ ഒരു ഐസിയു ആംബുലന്‍സിനായി തൊഴിലാളികള്‍ 35 ലക്ഷം രൂപ സമാഹരിച്ചതോടെ ബന്ധം ദൃഢമായി.പരിശീലനം നേടിയവരെ നിയോഗിക്കുമ്പോള്‍ അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നത് ഫലവത്താകുമെന്നും മനസിലാക്കി. വ്യത്യസ്ത അപകടങ്ങളില്‍ രക്ഷപ്രവര്‍ത്തനം എങ്ങനെ നടത്തണമെന്ന് ബോധവാന്മാരാക്കും. ഇതിലൂടെ ഏത് ദുരന്തങ്ങളെയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു സന്നദ്ധസേനയെ സംസ്ഥാനത്ത് സൃഷ്ടിക്കാന്‍ സഹായിക്കും,' അദ്ദേഹം പറഞ്ഞു.
ആശുപത്രികള്‍, ഡോക്ടര്‍മാര്‍, വിരമിച്ച ഫയര്‍ ഓഫീസര്‍മാര്‍ എന്നിവര്‍ വളണ്ടിയര്‍മാരെ പരിശീലിപ്പിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഡിസംബറില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി കൊച്ചിയില്‍ പരിപാടി ഉദ്ഘാടനം ചെയ്യും, ഡോക്ടര്‍മാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പരിശീലനം നേടിയ റെഡ് ബ്രിഗേഡിലെ 5,000 വളണ്ടിയര്‍മാര്‍ക്ക് പാസൗട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates