

തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്റെ കത്ത്. കേരളത്തില്‍ ആപല്‍ക്കരമായ നിലയില്‍ വളര്‍ന്നുവരുന്ന സാമൂഹ്യ സംഘര്‍ഷം ഇല്ലാതാക്കാനും മത-സമുദായ സൗഹൃദം ഉറപ്പുവരുത്താനും ഉതകുന്ന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. സര്‍വ്വ രാഷ്ട്രീയ-മത-സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ, കേരളത്തിന്റെ മത സൗഹാര്‍ദവും സാമൂഹിക ഇഴയടുപ്പവും തകര്‍ക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന അഭ്യര്‍ഥനയോടെ മുഖ്യമന്ത്രി പിണറായി വിജയനുള്ള കത്തിലാണ് പ്രതിക്ഷ നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വലിയ രീതിയില്‍ ചേരിതിരിവ് ,സ്പര്‍ധ, അവിശ്വാസം ഇവ വിവിധ മതവിശ്വാസികള്‍ക്കിടയില്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വാട്ട്‌സ്ആപ്പ് ,ടെലിഗ്രാം തുടങ്ങിയ മെസേജിംഗ് ആപ്പുകള്‍ തുടങ്ങി ഫേസ്ബുക്കും യുട്യൂബുമെല്ലാം തെറ്റായ ആശയ പ്രചരണത്തിനായി ചിലര്‍ ദുരുപയോഗം ചെയ്യുകയാണ്. വര്‍ഗീയ വിഷം ചീറ്റുന്ന ഇവരില്‍ പലരും ഫേക്ക് ഐഡികളിലൂടെ ആസൂത്രിതമായി കേരളത്തിന്റെ മതമൈത്രി തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പൊലീസ് ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ സാമുദായിക സ്പര്‍ധ വളര്‍ത്തുന്നവരെ കണ്ടെത്തി കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കണം. കൂടാതെ സാമുദായിക സംഘടനകളോ സാമുദായിക നേതാക്കളോ ഏതെങ്കിലും പ്രത്യേക സംഭവങ്ങള്‍ മുന്‍നിര്‍ത്തി പരാതി ഉന്നയിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതും അന്വേഷണ പരിധിയില്‍ വരണം. കേരളത്തിന്റെ സമാധാന അന്തരീക്ഷവും മതമൈത്രിയും സാമൂഹിക ഇഴയടുപ്പവും സംരക്ഷിക്കാനുള്ള എല്ലാ നല്ല ശ്രമങ്ങള്‍ക്കും പിന്തുണയും അറിയിക്കുന്നുവെന്നും വി ഡി സതീശന്‍ കത്തില്‍ കുറിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates