'രാജീവ്ജിയുടെ ശരീരഭാഗങ്ങള്‍ അടക്കംചെയ്ത ഒരു പെട്ടി മാത്രം, അന്ത്യചുംബനം പോലും നല്‍കാനായില്ല; വര്‍ത്തമാനകാല ഇന്ത്യ കണ്ട ഏറ്റവും ധീരയായ സ്ത്രീയുടെ ജീവിതം'

മാഡം എന്നും അങ്ങനെ തന്നെയായിരുന്നു. ഉപമിക്കാൻ കഴിയാത്ത വിധമുള്ള സഹാനുഭൂതിയും, വിമർശനങ്ങൾക്ക് നേരെയുള്ള പക്വമായ സമീപനവും അധികാര രാഷ്ട്രീയം ഭ്രമിപ്പിക്കാത്ത മനസ്സും അവരെ എന്നും വേറിട്ട്‌ നിർത്തി.
Belonging: A Journey of Love
Sonia Gandhi’s MemoirANI
Edited By:
Updated on: 
3 min read

കൊച്ചി: സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങിങ് എ ജേണി ഓഫ് ലവ്' ഇന്ത്യയെ ഇഷ്ടപ്പെടുന്ന ഓരോ മനുഷ്യനും വായിച്ചിരിക്കേണ്ട പുസ്തകമാണെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. വര്‍ത്തമാനകാല ഇന്ത്യ കണ്ട ഏറ്റവും ധീരയായ സ്ത്രീയുടെ ജീവിതമാണിതെന്നും കെസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'38 ല്‍ നില്‍ക്കെ ആദ്യ മുറിവായി ഭര്‍ത്താവിന്റെ അമ്മയുടെ കൊലപാതകം അധികമൊന്നും അകലെയല്ലാതെ അറിയേണ്ടിവന്ന വേദനയും അതില്‍നിന്നൊരതിജീവനം സാധ്യമാകും മുന്‍പേ ഭര്‍ത്താവിന്റെ തന്നെ ആക്സ്മിക മരണവും തെല്ലൊന്നുമാവില്ല ആ സ്ത്രീയെ തളര്‍ത്തിയിട്ടുണ്ടാവുക. രാജീവ് ജിയുടെ ചിതറിത്തെറിച്ച ശരീരഭാഗങ്ങള്‍ അടക്കം ചെയ്ത ഒരു പെട്ടി മാത്രമാണ് അവര്‍ക്ക് ശേഷിപ്പായി മുന്നിലുണ്ടായിരുന്നത്. അന്ത്യചുംബനം നല്‍കാന്‍ മുഖം പോലും ബാക്കിയാക്കാതെ ക്രൂരമായി ഭര്‍ത്താവിനെ കൊന്നുകളഞ്ഞ പ്രതികളോട് പില്‍ക്കാലത്ത് ക്ഷമിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ, ഒരേയൊരു സോണിയാജിക്ക്. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന പ്രസ്ഥാനം ബാക്കിയാക്കി ഇരുവരും കടന്നുപോയപ്പോള്‍, രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ച സോണിയാജി, അച്ഛനില്ലാത്ത തന്റെ മക്കളെ വളര്‍ത്തിയെടുക്കുന്നതിലേക്ക് മാത്രം മാറിനില്‍ക്കാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ, വിധി മറ്റൊന്നായിരുന്നു. പ്രസ്ഥാനവും ഈ രാജ്യത്തെ ജനാധിപത്യ, മതേതര വിശ്വാസികളും തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായി ഒടുവില്‍ അവര്‍ത്തന്നെ മാറ്റിനിര്‍ത്തിയ രാഷ്ട്രീയത്തെ പുണരാന്‍ തീരുമാനിക്കുകയായിരുന്നു, 1998 ല്‍. പിന്നീട്ടിങ്ങോട്ട് കണ്ടതൊക്കെയും ഞങ്ങളുടെ പ്രിയ നേതാവ് നടത്തിയ അതിജീവനത്തിന്റെ സമാനതകളില്ലാത്ത കാഴ്ചകളും അവര്‍ക്ക് മാത്രം വഴങ്ങുന്ന നിശ്ചയദാര്‍ഢ്യവുമാണ്' കെസി വേണുഗോപാല്‍ കുറിപ്പില്‍ പറയുന്നു

കെസി വേണുഗോപാലിന്റെ കുറിപ്പ്

"Belonging: A Journey of Love"

അനിതരസാധാരണമായ ഒരു ജീവിതമാണ് ഇവിടെ പുസ്തകമായിരിക്കുന്നത്. അതിൽ പ്രണയമുണ്ട്, ജീവിതമുണ്ട്, ദുരന്തമുണ്ട്, ത്യാഗമുണ്ട്, അതിജീവനവുമുണ്ട്. തികച്ചും സ്വകാര്യമായൊരു പ്രണയബന്ധം ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക അധ്യായങ്ങളിലൊന്നായി മാറിയത് അത്ര എളുപ്പമായിരുന്നില്ല.

38 ൽ നിൽക്കെ ആദ്യ മുറിവായി ഭർത്താവിന്റെ അമ്മയുടെ കൊലപാതകം അധികമൊന്നും അകലെയല്ലാതെ അറിയേണ്ടിവന്ന വേദനയും അതിൽനിന്നൊരതിജീവനം സാധ്യമാകും മുൻപേ ഭർത്താവിന്റെ തന്നെ ആക്‌സ്മിക മരണവും തെല്ലൊന്നുമാവില്ല ആ സ്ത്രീയെ തളർത്തിയിട്ടുണ്ടാവുക. രാജീവ് ജിയുടെ ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ അടക്കം ചെയ്ത ഒരു പെട്ടി മാത്രമാണ് അവർക്ക് ശേഷിപ്പായി മുന്നിലുണ്ടായിരുന്നത്. അന്ത്യചുംബനം നൽകാൻ മുഖം പോലും ബാക്കിയാക്കാതെ ക്രൂരമായി ഭർത്താവിനെ കൊന്നുകളഞ്ഞ പ്രതികളോട് പിൽക്കാലത്ത് ക്ഷമിക്കാൻ അവർക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ, ഒരേയൊരു സോണിയാജിക്ക്. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന പ്രസ്ഥാനം ബാക്കിയാക്കി ഇരുവരും കടന്നുപോയപ്പോൾ, രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിച്ച സോണിയാജി, അച്ഛനില്ലാത്ത തന്റെ മക്കളെ വളർത്തിയെടുക്കുന്നതിലേക്ക് മാത്രം മാറിനിൽക്കാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ, വിധി മറ്റൊന്നായിരുന്നു. പ്രസ്ഥാനവും ഈ രാജ്യത്തെ ജനാധിപത്യ, മതേതര വിശ്വാസികളും തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായി ഒടുവിൽ അവർത്തന്നെ മാറ്റിനിർത്തിയ രാഷ്ട്രീയത്തെ പുണരാൻ തീരുമാനിക്കുകയായിരുന്നു, 1998 ൽ. പിന്നീട്ടിങ്ങോട്ട് കണ്ടതൊക്കെയും ഞങ്ങളുടെ പ്രിയ നേതാവ് നടത്തിയ അതിജീവനത്തിന്റെ സമാനതകളില്ലാത്ത കാഴ്ചകളും അവർക്ക് മാത്രം വഴങ്ങുന്ന നിശ്ചയദാർഢ്യവുമാണ്.

പിന്നീട്, പ്രതിസന്ധികളിൽ തളരാതെ കോൺഗ്രസ് പ്രസ്ഥാനത്തെ ജനാധിപത്യ, മതേതര മൂല്യങ്ങൾ നഷ്ടപ്പെടാതെ അധികാര രാഷ്ട്രീയത്തിലേക്ക് സോണിയാജി നയിച്ചു. 2004 ൽ നിരന്തര സമ്മർദങ്ങൾ പ്രസ്ഥാനത്തിൽ നിന്നും അഭ്യുദയകാംകക്ഷികളിൽ നിന്നുമുണ്ടായിട്ടും പ്രധാനമന്ത്രി പദം വേണ്ടെന്ന് ഉറച്ച നിലപാടോടെ പ്രഖ്യാപിക്കാൻ അവർക്ക് കഴിഞ്ഞത്, ഇന്ത്യയുടെ അധികാര രാഷ്ട്രീയത്തിലെ നിഷേധിക്കാൻ കഴിയാത്ത ഏടായി എന്നും ഇവിടെ നിലനിൽക്കും.

മാഡം എന്നും അങ്ങനെ തന്നെയായിരുന്നു. ഉപമിക്കാൻ കഴിയാത്ത വിധമുള്ള സഹാനുഭൂതിയും, വിമർശനങ്ങൾക്ക് നേരെയുള്ള പക്വമായ സമീപനവും അധികാര രാഷ്ട്രീയം ഭ്രമിപ്പിക്കാത്ത മനസ്സും അവരെ എന്നും വേറിട്ട്‌ നിർത്തി. ഇന്ത്യയിൽ ഇത്രകാലം ജീവിച്ചിട്ടും, സ്വന്തം ഭർത്താവും അദ്ദേഹത്തിന്റെ അമ്മയും രാജ്യത്തിന്‌ വേണ്ടി ജീവന്‍ നല്‍കിയിട്ടും, ഏറ്റവും അരക്ഷിതമായ സ്വകാര്യജീവിതം നയിക്കേണ്ടി വന്നിട്ടും, തരം കിട്ടുമ്പോഴൊക്കെ രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും ആക്രമിച്ചിട്ടും വേട്ടയാടിയിട്ടും നിർമമമായി അതിനെയൊക്കെ അവഗണിക്കുകയായിരുന്നു, അവർ.

അധികാരത്തിലേക്കുള്ള കേവലയാത്രയായിരുന്നില്ല ആ ജീവിതം. വിദേശജന്മം രാഷ്ട്രീയായുധാമാക്കപ്പെട്ട ഒരു ജനാധിപത്യത്തിൽ അംഗീകാരത്തിനും വിശ്വാസത്തിനും വേണ്ടി നടത്തിയ പോരാട്ടം കൂടിയായിരുന്നു അത്. ഇറ്റലിയിലെ ബാല്യകാലത്തിന്റെ ലാളിത്യത്തിൽ നിന്ന് ഇന്ത്യയിലെ രാഷ്ട്രീയ ജീവിതത്തിന്റെ സങ്കീർണതകളിലേക്കുള്ള യാത്രയിൽ താൻ കടന്നുപോയ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഉറപ്പുള്ള പാലങ്ങളാണ് തിരിഞ്ഞുനോക്കുമ്പോൾ ആ ജീവിതത്തിലുടനീളം തെളിമയോടെ കാണാൻ കഴിയുക. ദുരന്തവും നഷ്ടവും തുടരെത്തുടരെ വന്നിട്ടും സ്വയം പുനർനിർമ്മിക്കാനും ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിച്ചുനിർത്താനും സോണിയാജി നടത്തിയ ശ്രമങ്ങൾ ഈ രാജ്യത്തിന് മറക്കാവുന്നതല്ല. അതുകൊണ്ടുതന്നെയാണ്, അനന്യമായ ആ ജീവിതം ഈ മഹാരാജ്യത്തിന്റെ അനുപമമായ ചരിത്രത്തിൽ സ്വന്തം ഇടം കണ്ടെത്തിയത്. ആർക്കും നിഷേധിക്കാനും താമസ്കരിക്കാനും കഴിയാത്ത ഇടം.

കുറേക്കാലം ഒന്നിച്ച് പ്രവർത്തിക്കേണ്ടി വന്നതിന്റെ ഓർമകളും അഭിമാനവുമുണ്ട് ഉള്ളിൽ. 2017 ൽ കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ അധ്യക്ഷ പദവിയൊഴിഞ്ഞ ശേഷം 2019 ൽ മാഡം പദവിയിൽ തിരികെയെത്തിയപ്പോഴാണ് ഏറെ അടുത്തുനിന്ന് ഒന്നിച്ചുപ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത്. 2022 വരെയുള്ള കാലം ഇന്ത്യയുടെ ആത്മാവറിഞ്ഞ രാഷ്ട്രീയ നേതൃത്വത്തെ, ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ ജനാധിപത്യവാദിയെ അറിയാൻ കൂടിയുള്ള അവസരമായിരുന്നു. തീരുമാനങ്ങളെടുക്കുമ്പോൾ പാലിക്കുന്ന നിതാന്ത ജാഗ്രതയും വാക്കുകളിൽ സൂക്ഷിക്കുന്ന കാർക്കശ്യവും നേരിൽക്കണ്ട നാളുകൾ. അപ്പോഴും സ്നേഹം നൽകേണ്ടപ്പോൾ അത് ആവോളം നൽകാനും ഒരമ്മയുടെയും സഹോദരിയുടെയുമൊക്കെ വാത്സല്യം നിറഞ്ഞ പെരുമാറ്റം അനുഭവവേദ്യമാക്കാനും മടിയില്ലാത്ത പ്രിയ നേതാവിനെ ഞാനറിഞ്ഞത് അക്കാലത്താണ്. ഇന്നും അത് നിർലോഭമായി തുടരുന്നുമുണ്ട്.

ഇന്ന് രാവിലെയാണ് രവി ഡി.സി വിളിക്കുന്നത്. മാഡത്തിന്റെ പുസ്തകം കൊടുത്തയക്കുന്നുവെന്ന് പറയാനായിരുന്നു ആ ഫോൺ കോൾ. ആ നിമിഷം മുതൽ അതിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. പലപ്പോഴും മാഡവും രാഹുൽജിയും പുസ്തകത്തേക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളും ഈ കാത്തിരിപ്പിന് ആക്കം കൂട്ടുന്നുണ്ടായിരുന്നു. അമ്മയുടെ ആറാം ചരമാവാർഷികവുമായി ബന്ധപ്പെട്ട് നാളെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കണ്ടോന്താറിലേക്കുള്ള യാത്രയിലാണിപ്പോൾ. യാത്രയിൽ പരമാവധി വായിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

അതെന്തുതന്നെയായാലും ഈ രാഷ്ട്രത്തിന്റെ ചരിത്രത്തെ വരച്ചിടുന്നൊരു ജീവിതം, എല്ലാ മതേതര, ജനാധിപത്യ വിശ്വാസികളും വായിക്കണം. ഇന്ത്യയെ ഇഷ്ടപ്പെടുന്ന ഓരോ മനുഷ്യനും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. വർത്തമാനകാല ഇന്ത്യ കണ്ട ഏറ്റവും ധീരയായ സ്ത്രീയുടെ ജീവിതം. ഇനിയും ചരിത്രത്തിലേക്ക് വഴി തുറക്കുന്ന ഒട്ടനവധി രചനകൾ ഉണ്ടാവട്ടെ. ഹൃദയത്തോട് ചേർത്തുനിർത്തുകയാണ്,

Summary

‘Every Indian Must Read Sonia Gandhi’s Memoir’: KC Venugopal Praises 'Belonging: A Journey of Love'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER