EXPLAINER| എന്താണ് മുനിസിപ്പല്‍ ബോണ്ട്?, വികസനത്തിന് ഫണ്ട് കണ്ടെത്താന്‍ പുതുവഴി തേടി കൊച്ചി കോര്‍പ്പറേഷന്‍, സംസ്ഥാനത്ത ആദ്യം

മുനിസിപ്പല്‍ ബോണ്ടുകള്‍ വഴി ഫണ്ട് സ്വരൂപിക്കുന്നതിനായി കൊച്ചി കോര്‍പ്പറേഷന്‍ ചര്‍ച്ചകള്‍ ആരംഭിച്ചതോടെ, കേരളത്തിന് വികസനത്തിന്റെ ഒരു പുതിയ അധ്യായം തുറക്കുകയാണ്
kochi corporation
പദ്ധതി വിജയിച്ചാൽ മുനിസിപ്പല്‍ ബോണ്ട് സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയായി കൊച്ചി മാറുംഫയല്‍
Updated on
2 min read

കൊച്ചി: മുനിസിപ്പല്‍ ബോണ്ടുകള്‍ വഴി ഫണ്ട് സ്വരൂപിക്കുന്നതിനായി കൊച്ചി കോര്‍പ്പറേഷന്‍ ചര്‍ച്ചകള്‍ ആരംഭിച്ചതോടെ, കേരളത്തില്‍ വികസനത്തിന്റെ ഒരു പുതിയ അധ്യായം തുറക്കുകയാണ്. വിജയിച്ചാല്‍, മുനിസിപ്പല്‍ ബോണ്ട് സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയായി കൊച്ചി മാറും.

ഐടി പാര്‍ക്കുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, റോഡുകള്‍, മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍, ജലവിതരണ പദ്ധതികള്‍ തുടങ്ങിയവയ്ക്കായി മുനിസിപ്പല്‍ ബോണ്ടുകള്‍ വഴി നഗരസഭകള്‍ക്ക് 1,000 കോടി രൂപ വരെ സമാഹരിക്കാന്‍ സംസ്ഥാന ബജറ്റ് 2025 - 26 നിര്‍ദ്ദേശം വെച്ചിരുന്നു. അതെ തുടര്‍ന്നാണ് ഈ നീക്കം.

മുനിസിപ്പല്‍ ബോണ്ടുകള്‍ എന്തൊക്കെയാണ്?

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വികസന പദ്ധതികള്‍ക്കും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ഡെബ്റ്റ് ഇന്‍സ്ട്രമെന്റാണ് മുനിസിപ്പല്‍ ബോണ്ടുകള്‍. ഈ ബോണ്ടുകള്‍ക്ക് സാധാരണയായി 1 മുതല്‍ 30 വര്‍ഷമാണ് കാലാവധി. ഒപ്പം ഒരു നിശ്ചിത പലിശ നിരക്ക് ഉറപ്പ് കൊടുക്കുകയും ചെയ്യുന്നു. നിക്ഷേപകര്‍ക്ക് പ്രതിവര്‍ഷം പലിശ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുതലും തിരിച്ച് നല്‍കും.

1997 ല്‍ ബംഗളൂരു നഗരസഭയാണ് ഇന്ത്യയില്‍ ആദ്യമായി മുനിസിപ്പല്‍ ബോണ്ട് പുറത്തിറക്കിയത്. അതിനുശേഷം അഹമ്മദാബാദ്, ഇന്‍ഡോര്‍, ലഖ്നൗ, വഡോദര തുടങ്ങിയ നഗരങ്ങളും ഇത് പിന്തുടര്‍ന്നു.

മുനിസിപ്പല്‍ ബോണ്ടുകള്‍ 2 തരം ഉണ്ട്. പൊതുബോണ്ടുകള്‍, റവന്യൂ ബോണ്ടുകള്‍. റവന്യൂ ബോണ്ടുകള്‍ വരുമാനം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന നിര്‍ദ്ദിഷ്ട പദ്ധതികളുമായി ബന്ധിപ്പിച്ചിരിക്കുന്നു.കൊച്ചി കോര്‍പ്പറേഷന്റെ നീക്കം റവന്യൂ ബോണ്ടുകള്‍ പുറത്തിറക്കാന്‍ ആണ്. അതായത് ഫണ്ട് ചെയ്ത പദ്ധതികളില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചിരിക്കും തിരിച്ചടവുകള്‍. വിജയകരമായ പദ്ധതികള്‍ക്ക് വളര്‍ച്ചയെ നയിക്കാന്‍ കഴിയും. എങ്കിലും കെടുകാര്യസ്ഥത വീഴ്ചകളിലേക്കും കടക്കെണികളിലേക്കും നയിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

'ലാഭകരമായി പ്രവര്‍ത്തിക്കുന്ന പ്രായോഗിക പദ്ധതികളില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. കെടുകാര്യസ്ഥത വീഴ്ചകളിലേക്കും കടക്കെണികളിലേക്കും നയിച്ചേക്കാം. അതേസമയം ഫലപ്രദമായ ഉപയോഗം സുസ്ഥിര വളര്‍ച്ചയ്ക്ക് സഹായിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയും ചെയ്യും. മുനിസിപ്പല്‍ ബോണ്ടുകളെ ഇന്ത്യയില്‍ വിജയകരമായ ഒരു സാമ്പത്തിക ഉപകരണമാക്കി മാറ്റുന്നതിന് ശരിയായ മേല്‍നോട്ടവും സുതാര്യമായ ഭരണവും അത്യന്താപേക്ഷിതമാണ്'- രാജഗിരി ബിസിനസ് സ്‌കൂളിലെ അസിസ്റ്റന്റ് പ്രൊഫസറായ റിന്റു ആന്റണി അഭിപ്രായപ്പെട്ടു.

മാനദണ്ഡങ്ങള്‍

മുനിസിപ്പല്‍ ബോണ്ട് ഇഷ്യൂവിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പ്രത്യേക മാനദണ്ഡങ്ങള്‍ ഇറക്കിയിട്ടുണ്ട്.

1. കഴിഞ്ഞ 365 ദിവസത്തിനുള്ളില്‍ കടം തിരിച്ചടവില്‍ വീഴ്ചകളൊന്നും ഉണ്ടാവാന്‍ പാടില്ല.

2. അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള അംഗീകാരം.

3. മെച്ചപ്പെട്ട ക്രെഡിറ്റ് റേറ്റിങ്.

നിലവില്‍, കൊച്ചി നഗരസഭക്ക് ഒരു മെച്ചപ്പെട്ട ക്രെഡിറ്റ് റേറ്റിങ് ഇല്ലാത്തതിനാല്‍ സാമ്പത്തിക ഓഡിറ്റുകള്‍ നടത്തുന്നതിനും റേറ്റിങ്ങുകള്‍ സുരക്ഷിതമാക്കുന്നതിനും കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളെ നിയമിക്കാന്‍ പദ്ധതിയിടുന്നു. ഇതു നിക്ഷേപകരുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

'ക്രെഡിറ്റ് റേറ്റിങ് കൃത്യമായിരിക്കണം. അക്കൗണ്ടുകള്‍ സുതാര്യമായിരിക്കണം. ഇതിന് പ്രൊഫഷണലായ അക്കൗണ്ടിങ് പിന്തുണ ആവശ്യമാണ്. ഇവക്കായി കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളെ നിയമിക്കാന്‍ കോര്‍പ്പറേഷന്‍ പദ്ധതിയിടുന്നു,'- കൊച്ചി മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.

കൊച്ചിയിലെ നിലവിലെ സ്ഥിതി

മുനിസിപ്പല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നതിനുള്ള നടപടിക്രമങ്ങളും ചട്ടങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി മേയര്‍ അനില്‍കുമാര്‍ അടുത്തിടെ സെബിയുടെ മുഴുവന്‍ സമയ അംഗമായ അശ്വിന്‍ ഭാട്ടിയയുമായി ചര്‍ച്ച നടത്തി.

'മുനിസിപ്പല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നതിന് കൊച്ചി കോര്‍പ്പറേഷന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ഭാട്ടിയ പറഞ്ഞിട്ടുണ്ട്. നടപടിക്രമങ്ങള്‍ എത്രയും വേഗം ആരംഭിക്കുമെന്ന് സെബി പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. ഈ കൗണ്‍സിലിന്റെ കാലാവധിയില്‍ ഞങ്ങള്‍ക്ക് ബോണ്ടുകള്‍ പുറത്തിറക്കാന്‍ കഴിഞ്ഞേക്കില്ല. എന്നിരുന്നാലും, ഈ കൗണ്‍സിലിന്റെ അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ അടുത്ത കൗണ്‍സിലില്‍ ഞങ്ങള്‍ക്ക് ബോണ്ടുകള്‍ പുറത്തിറക്കാന്‍ കഴിയും,'- മേയര്‍ പറഞ്ഞു.

മുനിസിപ്പല്‍ ബോണ്ടുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും കൊച്ചി ഉള്‍പ്പെടെയുള്ള കേരളത്തിലെ കോര്‍പ്പറേഷനുകള്‍ക്കായി രണ്ട് ദിവസത്തെ വർക് ഷോപ്പും സെബി ആസൂത്രണം ചെയ്യുന്നുണ്ട്.

എന്തുകൊണ്ട് മുനിസിപ്പല്‍ ബോണ്ട്?

പരമ്പരാഗതമായി, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നികുതികളിലൂടെയും സര്‍ക്കാര്‍ ഫണ്ടുകള്‍ വഴിയും ലഭിക്കുന്ന വരുമാനത്തെയാണ് ആശ്രയിച്ചിരുന്നത്. കേരള സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പരിമിതികള്‍ നേരിടുന്നതിനാല്‍ മുനിസിപ്പല്‍ ബോണ്ടുകള്‍ സുസ്ഥിരമായ ഒരു ധനസഹായ മാര്‍ഗമാണ്.

'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുനിസിപ്പല്‍ ബോണ്ടുകള്‍ പുറത്തിറക്കാന്‍ അനുവദിക്കുന്നതിനായി കേരള അര്‍ബന്‍ കമ്മീഷന്‍ നേരത്തെ സര്‍ക്കാരിന് ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു,'- കേരള അര്‍ബന്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായ അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

'പരമ്പരാഗതമായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നികുതി, ടോള്‍, തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെയാണ് ആശ്രയിക്കുന്നത്. ഫണ്ട് ക്ഷാമം ഉണ്ടാകുമ്പോള്‍, അവര്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളില്‍ നിന്നുള്ള വായ്പകള്‍ സ്വീകരിക്കും. എന്നിരുന്നാലും, സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍, അത്തരം വായ്പകള്‍ ലഭിക്കുക പ്രയാസമാണ്,'- റിന്റു പറയുന്നു. ധനസഹായത്തിനും സ്വയം-സുസ്ഥിരത ഉറപ്പാക്കുന്നതിനും മുനിസിപ്പല്‍ ബോണ്ടുകള്‍ കാര്യക്ഷമമായ ഒരു മാര്‍ഗമായിരിക്കും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com