Fact Check|പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ? കേന്ദ്രത്തിന് കത്ത് നൽകിയെന്ന വാദത്തിന് പിന്നിലെ യാഥാർത്ഥ്യം എന്ത്?

മുഖ്യമന്ത്രി മുന്നോട്ടുവെച്ച രണ്ട് പ്രധാന ഇളവുകളും നിലവിലെ കേന്ദ്ര ചട്ടങ്ങൾക്ക് ഉള്ളിൽ തന്നെ സാധാരണ രീതിയിൽ സാധ്യമായവയാണ് എന്നതാണ് യാഥാർത്ഥ്യം.
PM Shree Fact Check
PM Shree Fact Check
Edited By:
Updated on
3 min read

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ  ഭാഗമായി രാജ്യത്തെ സർക്കാർ വിദ്യാലയങ്ങളെ മികച്ച മാതൃകാ സ്കൂളുകളായി ഉയർത്താൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പിഎം ശ്രീ. ഈ പദ്ധതിക്കായി കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടുന്ന സംസ്ഥാനങ്ങൾക്ക് പിന്നീട് അതിൽ നിന്നും സ്വതന്ത്രമായി പിന്മാറാൻ സാധിക്കുമോ എന്നതു സംബന്ധിച്ച ചർച്ചകൾ കൊഴുക്കുകയാണ്. ഈ സാഹചര്യത്തിൽ ഇതുസംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകൾ എന്താണെന്ന് പരിശോധിക്കാം.

ഏകപക്ഷീയമായ പിന്മാറ്റത്തിന് നിയമപരമായ വ്യവസ്ഥകളില്ല

കേന്ദ്ര സർക്കാരിന്റെ നയങ്ങളും കരാർ വ്യവസ്ഥകളും അനുസരിച്ച് പി.എം. ശ്രീ ധാരണാപത്രം  എന്നത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒരു സംയുക്ത നിയമ പ്രതിബദ്ധതയാണ്. ഇതിൽ സംസ്ഥാനങ്ങൾക്ക് തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം ഏകപക്ഷീയമായി  കരാർ റദ്ദാക്കി പദ്ധതിയിൽ നിന്നും പിന്മാറാൻ അനുവാദം നൽകുന്ന ഒരൊറ്റ വ്യവസ്ഥയോ അല്ലെങ്കിൽ പ്രത്യേക 'ഗ്രേസ് പിരീഡോ'  ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

MoU PM Shree
MoU PM Shree

ഒരു സംസ്ഥാനത്തിന് പദ്ധതിയിൽ നിന്നും പിന്മാറണമെങ്കിൽ അല്ലെങ്കിൽ നടപ്പിലാക്കുന്നത് താല്കാലികമായി മരവിപ്പിക്കണമെങ്കിൽ അത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പരസ്പര സമ്മതത്തോടെയാകണം. കരാർ നിയമപരമായി റദ്ദാക്കിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുള്ള അറിയിപ്പും വേണം. ചുരുക്കത്തിൽ സംസ്ഥാനം തീരുമാനിച്ചാലും ഇതിന് കേന്ദ്രത്തിൻറെ സമ്മതം കൂടി അനിവാര്യമാണ്. പിൻമാറുന്നതായി ചൂണ്ടിക്കാട്ടി സംസ്ഥാനം കത്ത് നൽകിയാലും ഇതിൻറെ നിയമസാധുത സംബന്ധിച്ച് എവിടെയും പ്രതിപാദിച്ചിട്ടില്ല. പൊതുതാത്പര്യം മുൻനിർത്തി, 30 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിക്കൊണ്ട് ഈ കരാർ റദ്ദാക്കാനോ അല്ലെങ്കിൽ അവസാനിപ്പിക്കാനോ ഉള്ള പൂർണ്ണ അധികാരം ഭാരത സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പിൽ (DOSE&L, MoE, GoI) നിക്ഷിപ്തമാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

PM Shree Fact Check
കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

പഞ്ചാബിന്റെ പിന്മാറ്റ ശ്രമവും കേന്ദ്രത്തിന്റെ ഫണ്ട് തടയലും

ധാരണാപത്രം ഒപ്പിട്ട ശേഷം കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഒരു സംസ്ഥാനം ഏകപക്ഷീയമായി പിന്മാറാൻ ശ്രമിച്ചാൽ, അത് കടുത്ത ഭരണഘടനാ-സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ഇതിന് മുൻപ് പഞ്ചാബ് സർക്കാർ പദ്ധതിയിൽ നിന്നും പിന്മാറാൻ ഔദ്യോഗികമായി ആലോചിച്ചപ്പോൾ, കരാറിന്റെ നിബന്ധനകൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനത്തിനുള്ള സമഗ്ര ശിക്ഷാ അഭിയാൻ ഗ്രാന്റുകൾ പൂർണ്ണമായി തടഞ്ഞുവെക്കുകയുണ്ടായി.

പഞ്ചാബിന് ലഭിക്കേണ്ടിയിരുന്ന 515 കോടിയോളം രൂപയുടെ വിദ്യാഭ്യാസ ഫണ്ടാണ് അന്ന് കേന്ദ്രം മരവിപ്പിച്ചത്. ഇതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പഞ്ചാബ് സർക്കാരിന് പിന്നീട് തങ്ങളുടെ പിന്മാറ്റ തീരുമാനം പുനഃപരിശോധിക്കേണ്ടി വരികയും പദ്ധതിയുമായി വീണ്ടും സഹകരിക്കാൻ തയ്യാറാണെന്ന് കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കേണ്ടി വരികയും ചെയ്തു.

PM Shree Fact Check
'പിഎം ശ്രീയിൽ ഇടതു സർക്കാർ ഒരു പൈസപോലും വാങ്ങിയിട്ടില്ല; മുഖ്യമന്ത്രി വസ്തുതകൾ മൂടിവെക്കുന്നു': വി. ശിവൻകുട്ടി

വിദ്യാഭ്യാസ ഫണ്ടുകൾ തടയാനുള്ള കേന്ദ്രത്തിന്റെ അധികാരം

പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിടാൻ മടിക്കുകയോ അല്ലെങ്കിൽ ഒപ്പിട്ട ശേഷം പിന്മാറാൻ ശ്രമിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്കെതിരെ മറ്റ് പൊതു വിദ്യാഭ്യാസ ഫണ്ടുകൾ തടഞ്ഞുവെക്കാൻ കേന്ദ്രത്തിന് നിയമപരമായ അധികാരമുണ്ട്. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി ഇപ്പോൾ ദേശീയ വിദ്യാഭ്യാസ നയവുമായിപൂർണ്ണമായി ലയിപ്പിച്ചിട്ടുള്ളതിനാലാണ് പി.എം. ശ്രീ നടപ്പിലാക്കാത്ത സംസ്ഥാനങ്ങളുടെ പൊതു വിദ്യാഭ്യാസ ഫണ്ടുകൾ തടയാൻ കേന്ദ്രത്തിന് സാധിക്കുന്നത്. ഡൽഹി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കും ഇതേ പശ്ചാത്തലത്തിൽ മുൻപ് കേന്ദ്ര ഫണ്ടുകൾ നിഷേധിക്കപ്പെട്ടിരുന്നു.

Kerala letter of Withdrawal
Kerala letter of Withdrawal

കേരളത്തിന്റെ ഔദ്യോഗിക നിലപാടും പുതിയ മന്ത്രിസഭാ ഉപസമിതിയും

കേരളത്തിന്റെ പശ്ചാത്തലം പരിശോധിച്ചാൽ, മുൻ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് (2025 ഒക്ടോബർ 16) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ഈ ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേന്ദ്രം തടഞ്ഞുവെച്ചിരുന്ന സമഗ്ര ശിക്ഷാ ഫണ്ടുകൾ ലഭ്യമാക്കുന്നതിനായുള്ള ഒരു തന്ത്രപരമായ നീക്കമായിരുന്നു അത്. തുടർന്ന് സഖ്യകക്ഷികൾക്കിടയിലെ രാഷ്ട്രീയ വിയോജിപ്പുകൾ കാരണം 2025 നവംബറിൽ ഈ ധാരണാപത്രം താല്കാലികമായി മരവിപ്പിക്കാൻ കത്ത് നൽകിരുന്നു. എന്നാൽ പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറാനുള്ള ഒരു കത്തും സംസ്ഥാനത്തു നിന്നും പോയിട്ടില്ലെന്നാണ് ഇന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്.

നിലവിലെ യുഡിഎഫ് സർക്കാർ വ്യക്തമാക്കുന്നത് മുൻ സർക്കാർ ധാരണാപത്രത്തിൽ ഒപ്പിടുകയും പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ 99 കോടി രൂപയോളം കേന്ദ്ര ഫണ്ട് കൈപ്പറ്റുകയും, 106 കോടി രൂപയുടെ പുതിയ ഫണ്ട് അനുവദിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തിന് പദ്ധതിയിൽ നിന്നും ഇനി എളുപ്പത്തിൽ പിന്മാറാൻ സാധിക്കില്ല എന്നാണ്. അതുകൊണ്ട് തന്നെ പദ്ധതിയുമായി മുന്നോട്ട് പോകാൻ പുതിയ സർക്കാർ നിർബന്ധിതരായിരിക്കുകയാണെന്നുമാണ്.എന്നാൽ വാദം തികച്ചും കള്ളമാണെന്നാണ് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ആരോപണം പി എം ശ്രീ ഫണ്ട് വാങ്ങുന്നത് പോയിട്ട്, ഏതൊക്കെ സ്കൂളുകൾ ആണ് ഈ പദ്ധതിയിൽ വരേണ്ടത് എന്നുള്ള കാര്യം പോലും ഇടതു സർക്കാർ ആലോചിച്ചിട്ടു പോലുമില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നിരുന്നാലും, വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രിസഭാ യോഗം നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറായുള്ള ഈ സമിതി പദ്ധതിയുടെ വിവിധ വശങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകും. ഇതിൻറെ അടിസ്ഥാനത്തിലാകും ഭാവി തീരുമാനം. ഇളവുകൾ തേടുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മുന്നോട്ട് വച്ച രണ്ടു കാര്യങ്ങളും നിലവിലെ കേന്ദ്ര ചട്ടങ്ങൾക്ക് ഉള്ളിൽ തന്നെ സാധ്യമായവയാണ്. ആദ്യത്തേത്, സ്കൂളുകളെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ്. പി.എം. ശ്രീ പദ്ധതിയുടെ ചട്ടപ്രകാരം, സംസ്ഥാനങ്ങളാണ് തങ്ങളുടെ പരിധിയിൽ പദ്ധതി നടപ്പിലാക്കേണ്ട സ്കൂളുകളുടെ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടത്. ഇതിന് ശേഷമാണ് കേന്ദ്രത്തിന്റെ 'ചലഞ്ച് മോഡ്' മത്സര പ്രക്രിയയിലൂടെ സ്കൂളുകൾ തിരഞ്ഞെടുക്കപ്പെടുന്നത്. അതുകൊണ്ട് സംസ്ഥാനത്തിന് സ്കൂളുകളെ നിർദ്ദേശിക്കാനുള്ള പ്രാഥമിക സ്വാതന്ത്ര്യം നിലവിലുണ്ട്.

രണ്ടാമത്തേത്, പാഠ്യപദ്ധതി സ്വാതന്ത്ര്യമാണ് . വിദ്യാലയങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പൊതു ചട്ടക്കൂട് പാലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നുണ്ടെങ്കിലും, സംസ്ഥാനങ്ങൾക്ക് തങ്ങളുടെ സ്വന്തം സിലബസും പാഠ്യപദ്ധതിയും തുടർന്നും ഈ സ്കൂളുകളിൽ നിലനിർത്താൻ പദ്ധതി പൂർണ്ണമായി അനുവദിക്കുന്നുണ്ട്. തങ്ങളുടെ പാഠ്യപദ്ധതി സ്വാതന്ത്ര്യത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ ഇതിനോടു ചേർത്തുവേണം വായിക്കാൻ.

അന്തിമ വിലയിരുത്തൽ

ചുരുക്കത്തിൽ, പി.എം. ശ്രീ ധാരണാപത്രം എന്നത് നിയമപരമായി ഇരുപക്ഷത്തെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയും ഔദ്യോഗികമായ റദ്ദാക്കൽ പ്രക്രിയയും ഇല്ലാതെ കേരളത്തിന് ഇതിൽ നിന്നും ഏകപക്ഷീയമായി പിന്മാറുന്നത് പ്രായോഗികമല്ല. അത്തരം ശ്രമങ്ങൾ സംസ്ഥാനത്തിന്റെ വലിയ സാമ്പത്തിക പ്രതിസന്ധികൾക്കും കേന്ദ്ര വിദ്യാഭ്യാസ ഫണ്ടുകൾ പൂർണ്ണമായി നഷ്ടപ്പെടുന്നതിനും കാരണമായേക്കും.

Summary

This comprehensive educational fact check evaluates the structural and contractual dimensions of the central government's flagship school-modernization scheme, PM SHRI (Pradhan Mantri Schools for Rising India), focusing on whether states can unilaterally withdraw from the project and analyzing Kerala's current executive positioning.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com