കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

യുഡിഎഫ് സര്‍ക്കാരിന്റെ ആശയപരമായ നിലപാടുകള്‍ കേന്ദ്രത്തെ അറിയിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോ​ഗിച്ചു
Chief Minister VD Satheesan
Chief Minister VD Satheesanഫയൽ
Edited By:
Updated on
1 min read

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കഴിഞ്ഞ ഇടതുസര്‍ക്കാരാണ് പദ്ധതിയില്‍ ഒപ്പിട്ടത്. ഫിനാന്‍സിന്റെ എല്ലാം അനുമതിയോടെ 2024 ല്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഒപ്പുവെച്ച് പണം വാങ്ങിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ പദ്ധതി തുടരാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി കാബിനറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കി. സര്‍ക്കാരിനുള്ള അവകാശങ്ങള്‍ ബലി കഴിക്കാതെ എന്തു ചെയ്യാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Chief Minister VD Satheesan
പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം 99 കോടി രൂപ കേന്ദ്രത്തില്‍ നിന്നും വാങ്ങിച്ചിട്ടുണ്ട്. തടഞ്ഞുവെച്ച പണം തന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശയപരമായ എതിര്‍പ്പ് എന്താണെന്ന് വെച്ചാല്‍ കരിക്കുലം സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുത് എന്നതാണ്. നടപ്പാക്കുന്ന സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം കേരള സര്‍ക്കാരിന് നല്‍കണം എന്നതാണ്. കരിക്കുലം തീരുമാനിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. സ്‌കൂള്‍ സെലക്ഷന്‍ സംസ്ഥാനം തന്നെ തീരുമാനിക്കും.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട യുഡിഎഫ് സര്‍ക്കാരിന്റെ ആശയപരമായ നിലപാടുകള്‍ കേന്ദ്രത്തെ അറിയിക്കാനുള്ള കാര്യങ്ങള്‍ തയ്യാറാക്കാനായി പൊതു വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെട്ട മറ്റ് മന്ത്രിമാര്‍. പദ്ധതിയില്‍ ഒപ്പുവെച്ച ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെ ബാധിക്കാത്ത തരത്തില്‍ തീരുമാനമെടുക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Chief Minister VD Satheesan
മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

പദ്ധതിയില്‍ ഒരു കാരണവശാലും ഒപ്പുവെക്കില്ലെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ മന്ത്രിസഭാംഗങ്ങളെപ്പോലും അറിയിക്കാതെ ഒപ്പുവെക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും മാത്രമാണ് ഒപ്പുവെച്ചത് അറിയാമായിരുന്നത്. മന്ത്രിമാരെ ഇരുട്ടില്‍ നിര്‍ത്തിയാണ് തീരുമാനമെടുത്തത്. കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന പണം നമ്മുടെ അവകാശമാണ്, അല്ലാതെ ഔദാര്യമല്ല. ഒരു കാരണവശാലും വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ അനുവദിക്കാതെ, കരിക്കുലത്തിന് പൂര്‍ണ സ്വാതന്ത്ര്യത്തോടെ മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറാനുള്ള ഒരു കത്തും സംസ്ഥാനത്തു നിന്നും പോയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സർക്കാരിനെതിരെ കള്ളപ്രചാരണമാണ് നടക്കുന്നത്. വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ വിമർശിച്ചിരുന്നു. സംഘപരിവാർ പരിപാടിയിൽ ശരിയല്ലെന്ന് പറഞ്ഞപ്പോൾ, വിമർശനം മാത്രം പോരെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനം നടത്തി പറഞ്ഞത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ കേരളത്തിലെ നാലു വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു. അത് തെറ്റാണെന്ന് പോലും പിണറായി വിജയൻ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ കുറ്റപ്പെടുത്തി.

Summary

PM Shri Scheme: Four-member cabinet sub-committee formed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com