

കേരളത്തിൽ നിന്നും രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തത് ആർ എസ് എസിന്റെ കണ്ണൂർ ജില്ലയിലെ മുൻ സഹകാര്യവാഹ് ആയിരുന്ന ബി ജെ പി നേതാവ് സി. സദാനന്ദൻ എന്ന സദാനന്ദൻ മാസ്റ്ററെയാണ്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒമ്പതാമത്തെ മലയാളിയാണ് അദ്ദേഹം. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റായി പാർട്ടി അദ്ദേഹത്തെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതിയുടെ നാമനിർദ്ദേശം വന്നത്.
ഇന്ത്യയുടെ പാർലമെന്റിലെ ഉപരിസഭയായ രാജ്യസഭയിലേക്ക് ജനപ്രതിനിധികൾ തെരഞ്ഞെടുക്കുന്ന അംഗങ്ങൾക്ക് പുറമെ ഭരണഘടനാപരമായി രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന 12 പേരും അംഗങ്ങളായിരിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 80 ലെ ഉപവകുപ്പ് പ്രകാരമാണ് നാമനിർദ്ദേശം . ശാസ്ത്രം, സാഹിത്യം കല, സാമൂഹിക സേവനം എന്നിങ്ങനെ ഏതെങ്കിലും മേഖലകളിൽ പ്രത്യേകജ്ഞാനമോ വിശിഷ്ട അനുഭവ പരിചയമോ ഉള്ളവരെയാണ് ഇങ്ങനെ നാമനിർദ്ദേശം ചെയ്യുന്നത്.
രാജ്യസഭയിലേക്ക് ഇതുവരെ ഒമ്പത് മലയാളികളെയാണ് നാമനിർദ്ദേശം ചെയ്തിട്ടുള്ളത് . അതിൽ ബിക്കാനീർ മുൻ പ്രധാനമന്ത്രി ( ദിവാൻ) മുതൽ രാജ്യസഭാംഗമായിരിക്കെ തന്നെ സർക്കാരിന്റെ ജനാധിപത്യധ്വംസനത്തെ അതിനിശിതമായി വിമർശിച്ച കാർട്ടൂണിസ്റ്റ് വരെയുണ്ട്. ഇതിൽ എട്ട് പേരുടെ നാമനിർദ്ദേശം നടന്നപ്പോഴും സംഭവിക്കാത്ത ഒന്നാണ് ഒമ്പതാമത്തെ അംഗത്തെ നിയമിച്ചപ്പോൾ സംഭവിച്ചത്. ആദ്യ എട്ടുപേരും അന്നും ഇന്നും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ പ്രമുഖരാണ്.1959 മുതൽ 2025 വരെ യുള്ള കാലയളവിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളികളെ കുറിച്ച് അറിയാം.
രാജ്യസഭയിലേക്ക് ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പട്ട മലയാളി ലോകപ്രശസ്തനായിരുന്നു , ബ്രിട്ടീഷ് ഇന്ത്യയിലെ ബിക്കാനീർ രാജ്യത്തെ വിദേശ മന്ത്രി, പ്രധാനമന്ത്രി (ദിവാൻ) എന്നീ സ്ഥാനങ്ങൾ വഹിച്ച പ്രമുഖനായിരുന്നു. 1953 സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ ( സ്റ്റേറ്റ് റീ ഓർഗനൈസേഷൻ കമ്മിറ്റി)അംഗം എന്ന നിലയിൽ പ്രശസ്തനായ സർദാർ കെ എം പണിക്കർ എന്ന കാവാലം മാധവ പണിക്കർ. മാധ്യമ പ്രവർത്തകൻ, ചരിത്രകാരൻ, ഗ്രന്ഥകർത്താവ്, ഡിപ്ലമാറ്റ് എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.
മൈസൂർ സർവകലാശാലയുടെ വൈസ്ചാൻസലർ, ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ചതും കെഎം പണിക്കർ ആയിരുന്നു. സാഹിത്യഅക്കാദമിയുടെ ആദ്യ അധ്യക്ഷൻ, കാശ്മീർ രാജാവിന്റെ ഉപദേശകനായിരുന്ന മലയാളി, ചൈന, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. 1959-1966 വരെയയായിരുന്നു രാജ്യസഭയിൽ അദ്ദേഹത്തിന്റെ കാലാവധി.
സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനും വിദ്യാഭ്യാസ വിചക്ഷണനും, പത്രപ്രവർത്തകുമായിരുന്ന ജി രാമചന്ദ്രനാണ് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത രണ്ടാമത്തെ മലയാളി. 1964 മുതൽ 1970 വരെ രാജ്യസഭാംഗമായിരുന്ന അദ്ദേഹവും ഭാര്യ ടി എസ് സൗന്ദ്രവും ചേർന്നായിരുന്നു തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപം അംബാത്തുറയിൽ ഗാന്ധിഗ്രാം സർവ്വകലാശാല സ്ഥാപിച്ചത് . തിരുവനന്തപുരം മെഡിക്കൽ കോളജ് യാഥാർഥ്യമാക്കിയതിന് പിന്നിൽ അദ്ദേഹത്തിന്റെ അക്ഷീണമായ പ്രവർത്തനങ്ങളുണ്ട്. . ഗാന്ധി പീസ് ഫൗണ്ടേഷൻ സ്ഥാപിച്ചു. ഗാന്ധി സ്മാരക നിധി സെക്രട്ടറി, അഖില ഭാരത ഗ്രാമീണ വ്യവസായത്തിന്റെ ജനറൽ സെക്രട്ടറി, അഖില ഭാരത ഖാദി വ്യവസായത്തിന്റെയും ഗ്രാമീണ വ്യവസായ കമ്മിഷന്റെയും ചെയർമാൻ എന്നീ പദവികളിൽ പ്രവർത്തിച്ചു.മദ്രാസ് സ്റ്റേറ്റിലെ രാജാജി ഗവൺമെന്റ് രൂപം നൽകിയ ബേസിക് എഡ്യൂക്കേഷൻ അസസ്‌മെന്റ് കമ്മിറ്റിയുടെ ചെയർമാനായും 1948-ൽ കുറച്ചുകാലം തിരുവിതാംകൂറിൽ പട്ടം താണുപിള്ള മന്ത്രിസഭയിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പു മന്ത്രയായിരുന്നു.
ആദ്യത്തെ ജ്ഞാനപീഠ ജേതാവും കവിയും അധ്യാപകനുമായിരുന്ന ജി ശങ്കരക്കുറുപ്പാണ് രാജ്യസഭയിലേക്ക്  മൂന്നാമതായി നാമനിർദ്ദേശം ചെയപ്പെട്ട മലയാളി. 1968 മുതൽ 1972 വരെയുള്ള കാലയളവിലായിരുന്നു അദ്ദേഹം രാജ്യസഭാംഗമായത്. കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി എന്നി പുരസ്ക്കാരങ്ങൾ നേടിയ അദ്ദേഹത്തിന്റെ 19 കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാളിദാസന്റെ മേഘദൂത്, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി, ഒമർഖയ്യാമിന്റെ റൂബ്ബായാത്ത് എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ഹൈദരാലി, ടിപ്പു സുൽത്താൻ എന്നിവരുടെ ജീവചരിത്രങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ലോകപ്രശസ്തനായ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് അബു എബ്രഹമാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത നാലാമത്തെ മലയാളി. 1972 മുതൽ 1978 വരെയുള്ള കാലയളവിലായിരുന്നു അദ്ദേഹം രാജ്യസഭാഗംമായത്. രാജ്യസഭാംഗമായിരിക്കെ അദ്ദേഹം വരച്ച കാർട്ടൂണുകൾ ഭരണകൂടത്തെ നിശിതമായി വിമർശിക്കുന്നവയായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനകാലത്ത് അതിനെ വിമർശിച്ചുകൊണ്ട് അബു എബ്രഹാം വരച്ച കാർട്ടൂണുകൾ അദ്ദേഹത്തിന്റെ ജനാധിപത്യത്തോടുള്ള ഉറച്ച വിശ്വാസം പ്രകടിപ്പിക്കുന്നതായിരുന്നു.
അബു എബ്രഹാമിന്റെ കാലവധി കഴിഞ്ഞ ശേഷം നീണ്ട 25 വർഷം മലയാളികളാരും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടില്ല. ആദ്യത്തെ നാല് പേരെയും നാമനിർദ്ദേശം ചെയ്തത് കോൺഗ്രസ് ഭരണകൂടങ്ങളുടെ കാലത്തായിരന്നു. എന്നാൽ, നീണ്ട ഇടവേളയ്ക്ക് ശേഷം 2003 ൽ കെ കസ്തൂരിരംഗനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത് അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ കാലത്താണ്. അന്ന് രാഷ്ട്രപതിയായിരുന്നത് പ്രധാന പ്രതിപക്ഷമായ കോൺഗ്രസും ബിജെ പിയും പിന്തുണച്ച എ പി ജെ അബ്ദുൾകലാമായിരുന്നു. 2009 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു.
ഐ എസ് ആർ ഒ ചെയർമാനും, ഐ എസ് ആർ ഒ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു, പുതിയ തലമുറ ബഹിരാകാശ പേടകങ്ങളായ ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റം (INSAT-2), ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങൾ (IRS-1A, -1B), എന്നിവയുടെ വികസനത്തിന് മേൽനോട്ടം വഹിച്ചു. ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്കര-I, I എന്നിവയുടെ പ്രോജക്ട് ഡയറക്ടറും അദ്ദേഹമായിരുന്നു.2012-ൽ, പശ്ചിമഘട്ട മേഖലകളെക്കുറിച്ചുള്ള ഗാഡ്ഗിൽ കമ്മിറ്റിയുടെ ശുപാർശകൾ പുനപരിശോധിക്കുന്നതിനായി കേരളം,കസ്തൂരിരംഗൻ അധ്യക്ഷനായ സമിതി രൂപീകരിച്ചു ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കാൻ 2020 ൽ ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. 2021 സെപ്റ്റംബറിൽ, ഒരു പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കുന്നതിന് 12 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചു.
നാമനിർദ്ദേശം ചെയ്യപ്പെട്ട അഞ്ചാമത്തെ രാജ്യസഭാംഗമായ മലയാളി ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്ന വിശേഷിപ്പിക്കപ്പെട്ട മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം എസ് സ്വാമിനാഥനാണ്. 2007 മുതൽ 2013 വരെയുള്ള കാലയളവിലാണ് അദ്ദേഹം രാജ്യസഭാംഗമായിരുന്നത്. ഭാരതരത്നം (മരണാന്തരം) , മഗ്സസെ, പദ്മശ്രീ, പദ്മഭൂഷൺ, വേൾഡ് ഫുഡ് പ്രൈസ്, ഫ്രാങ്ക്ലിൻ റൂസ് വെൽറ്റ് പുരസ്ക്കാരം എന്നിങ്ങനെ വിവിധ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അത്യുൽപ്പാദനശേഷിയുള്ള വിത്തുകൾ ഉൽപ്പാദിപ്പിച്ചകൊണ്ട് ഇന്ത്യയിലെ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളുടെ വഴികാട്ടിയായിരുന്നു. ഇതിലൂടെ ലോകശ്രദ്ധ നേടി., ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിലും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകി ശാസ്ത്രവും സാങ്കേതികവിദ്യയും വിനിയോഗിക്കുന്നതിനുമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ സ്ഥാപിച്ചു. കുട്ടനാട്ടിലെ കാർഷിക മേഖല നേരിടാൻ സംസ്ഥാന സർക്കാർ നിയോഗിച്ചത് സ്വാമിനാഥൻ അധ്യക്ഷനായ സമിതിയെയായിരുന്നു.
കലാവിഭാഗത്തിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി സിനിമാ നടനായ സുരേഷ് ഗോപിയാണ്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഏഴാമത്തെ മലയാളി ആദ്ദേഹം. 2016 ലാണ് അദ്ദേഹം രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. മലയാള സിനിമയിൽ നാല് ദശകത്തിലേറെയായി അഭിനയിക്കുന്ന നടനാണ്. ദേശീയ സംസ്ഥാന അവാർഡുകൾ ലഭിച്ച അദ്ദേഹത്തെ ആദ്യ നരേന്ദ്രമോദി സർക്കാരിന്റെ കാലത്താണ് നാമനിർദ്ദേശം ചെയ്തത്. രാജ്യസഭാംഗമായിരിക്കെ അദ്ദേഹം ബി ജെ പി സ്ഥാനാർത്ഥിയായി ലോകസഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. രാജ്യസഭാംഗമായിരിക്കെ 2019ൽ തൃശൂർ ലോകസഭയിലേക്ക് മത്സരിച്ചുവെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2021 ൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് അദ്ദേഹം വീണ്ടും മത്സരിച്ചു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. 2024ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് ജയിച്ച് ബിജെപിക്ക് കേരളത്തിൽ നിന്നുള്ള ആദ്യ ലോകസഭാ ജയം സമ്മാനിക്കുകയും ചെയ്തു. മൂന്നാം നരേന്ദ്രമോദി സർക്കാരിൽ സഹമന്ത്രിയാണ് അദ്ദേഹം.
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്പ്പെട്ട മലയാളികളിലെ ആദ്യത്തെ കായികതാരവും ആദ്യവനിതയുമാണ് പി ടി ഉഷ. 2022ലാണ് ഉഷയെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യുന്നത്. ഇന്ത്യയിലെ എക്കാലത്തെയും മികച്ച് അതല്റ്റുകളിലൊരാളാണ് പി ടി ഉഷ. ലോസ് ആഞ്ചലസ് ഒളിംപിക്സിൽ തലനാരിഴയ്ക്കാണ് ഉഷയ്ക്ക് മെഡൽ നേട്ടം നഷ്ടമായത്. അർജുന അവാർഡ്, പദ്മ പുരസ്ക്കാരം എന്നിവയൊക്കെ ഉഷയെ തേടി എത്തിയിട്ടുണ്ട്.1987,1985,1986,1987,1989 എന്നീ വർഷങ്ങളിൽ ഏറ്റവും മികച്ച കായികതാരത്തിനുള്ള ഇന്ത്യാസർക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഏഷ്യാഡ് ഉൾപ്പടെയുള്ള വിവിധ രാജ്യാന്തര മത്സരങ്ങളിൽ 33 ലേറെ മെഡലുകൾ നേടി.അത്‌ലറ്റിക്സിൽ ഭാവി വാഗ്ദാനങ്ങളെ വളർത്തിയെടുക്കാൻ ഉഷ ആരംഭിച്ച പദ്ധതിയാണ് ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ്. 2022 പി ടി ഉഷയെ ഇന്ത്യൻ ഒളിംപ്ക്സ് അസോസിയേഷൻ ആദ്യ വനിതാ പ്രസിഡന്റായി തെരഞ്ഞെടുത്തു.  ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് ബി ജെ പി നേതാവും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധിച്ച ഗുസ്തിതാരങ്ങൾ രാജ്യത്തിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചിരിക്കുന്നുവെന്നായിരുന്നഎം പിയും ഇന്ത്യൻ ഒളിംപ്ക് അസോസിയേഷൻ അധ്യക്ഷയുമായ പി ടി ഉഷയുടെ നിലപാട് വിവാദമായി.
നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത രണ്ട് പേരും അവരവരുടെ മേഖലകളിൽ നിന്ന് ആദ്യമായിട്ടുള്ള മലയാളികളായിരുന്നു. മൂന്നാം തവണ നാമനിർദ്ദേശം ചെയ്പ്പെട്ട വ്യക്തിയുടെ കാര്യത്തിലും ഇതിൽ വ്യത്യാസമുണ്ടായില്ല. സാമൂഹികസേവനം എന്ന കാറ്റഗറിയിലാണ് ഇത്തവണ കേരളത്തിൽ നിന്നുള്ള നാമനിർദ്ദേശം നടത്തിയിട്ടുള്ളത്. ആർ എസ് എസിന്റെ കണ്ണൂർ ജില്ലയിലെ മുൻ സഹകാര്യവാഹ് ആയിരുന്ന ബി ജെ പി നേതാവ് സി. സദാനന്ദൻ എന്ന സദാനന്ദൻ മാസ്റ്ററെയാണ് ഇത്തവണ തെരഞ്ഞെടുത്തത്. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റായി പാർട്ടി അദ്ദേഹത്തെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതിയുടെ നാമനിർദ്ദേശം വന്നത്.
കണ്ണൂർജില്ലയിൽ 1990 കളിൽ നടന്ന ആർ എസ് എസ് , ബി ജെ പി- സി പി എം സംഘർഷത്തിൽ ഇദ്ദേഹത്തിന് നേരെയും ആക്രമണമുണ്ടായി. സി പി എം പ്രാദേശിക നേതാവായ പെരിഞ്ചേരി ജനാർദ്ദനൻ 1993 സെപ്തംബർ 21 ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ അരയ്ക്ക് താഴെ അടിച്ചു തകർത്തു. ഈ കേസിൽ ജനാർദ്ദനന്റെ ബന്ധും ആർ എസ് എസ് നേതാവുമായ സദാനന്ദൻ മാസ്റ്ററുടെ പേരും പ്രതിസ്ഥാനത്ത് വന്നു. കോടതി ഈ കേസിലെ പ്രതികളെ വെറുതെ വിട്ടു. എന്നാൽ, അടുത്തവർഷം സദാനന്ദൻ മാസ്റ്റർക്ക് നേരെ സിപി എം ആക്രമണം നടത്തുകയും രണ്ടുകാലുകളിലും വെട്ടിപരുക്കേൽപ്പിച്ചു. പിന്നീട് ഈ കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു. ഇതേ തുടർന്ന് വെയ്പുകാലിലായി അദ്ദേഹത്തിന്റെ ജീവിതം. തൃശൂരിൽ സ്കൂൾ അധ്യാപകനായിരുന്ന സദാനന്ദൻമാസ്റ്റർ വിരമിച്ച ശേഷം വീണ്ടും രാഷ്ട്രീയത്തിൽ സജീവമായി. രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
