'മെറ്റീരിയല്‍ റൂമില്‍ കയറിയത് എന്റെ ഭര്‍ത്താവ് തന്നെ; നടന്നത് തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രശ്‌നങ്ങള്‍'; മറുപടിയുമായി ഫാത്തിമ തഹ്ലിയ

അദ്ദേഹം റൂമില്‍ കയറുന്നതിന് മുന്‍പ് എന്‍ട്രി ബുക്കില്‍ പേര് എഴുതി ഒപ്പിട്ടു നല്‍കിയതാണ് നിലവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Fathima Thahlia
ഫാത്തിമ തഹ്ലിയ
Updated on
2 min read

വെള്ളിമാടുകുന്ന് ജെഡിടിയിലെ മെറ്റീരിയല്‍ റൂം തുറന്നതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട വിവാദങ്ങള്‍ക്കു മറുപടിയുമായി പേരാമ്പ്ര യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ. തന്റെ ഭര്‍ത്താവായ ഷെഹ്സാദ് തന്നെയാണ് സ്ഥാനാര്‍ഥിയുടെ പ്രതിനിധിയായി മെറ്റീരിയല്‍ റൂമില്‍ കയറിയത് എന്ന് സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫാത്തിമ പറഞ്ഞു. ആശയക്കുഴപ്പവും ഔദ്യോഗിക നോട്ടീസ് ലഭിക്കുന്നതിലെ താമസവുമാണ് യുഡിഎഫ് നേതാക്കളെ വിവരങ്ങള്‍ അറിയക്കാന്‍ വൈകിയത് എന്നാണ് ഫാത്തിമ പറയുന്നത്. ജെഡിടി സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ മണ്ഡലം മാറി രേഖപ്പെടുത്തിയത് വിവാദത്തിന്റെ ആക്കം കൂട്ടിയെന്നും അവര്‍ പറയുന്നു.

Fathima Thahlia
'കനത്ത ചൂട് അപകട കാരണമല്ല', പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം

ഏപ്രില്‍ 20 തിങ്കളാഴ്ച ബാലറ്റ് ബോക്‌സുകള്‍ വെച്ചിട്ടുള്ള വെള്ളിമാടുകുന്ന് ജെ.ഡി.ടി.യിലെ പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം തുറന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള വിവാദങ്ങളാണല്ലോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിന്റെ പ്രധാന ആരോപണം മെറ്റീരിയല്‍ റൂം തുറന്ന കാര്യം സ്ഥാനാര്‍ഥിയെ അറിയിച്ചില്ല എന്നതാണ്. ഫാത്തിമ ഈ വിവരം അറിഞ്ഞിരുന്നോ? എന്താണ് അന്ന് സംഭവിച്ചത്?

തിങ്കളാഴ്ച രാവിലെ 8:30 ആയപ്പോഴേക്കും ഇലക്ഷന്‍ വരണാധികാരിയുടെ ഓഫീസില്‍ നിന്നും എന്റെ പ്രതിനിധിയും ഭര്‍ത്താവുമായ ഷെഹ്‌സാദിന് ഒരു ഫോണ്‍ കോള്‍ വന്നു. മെറ്റീരിയല്‍ റൂം ഉച്ചയ്ക്ക് മുന്‍പായി തുറക്കണമെന്നും അതിനായി സ്ഥാനാര്‍ഥിയുടെ പ്രതിനിധി എത്തിച്ചേരണമെന്നും അവര്‍ പറഞ്ഞു. ഒഫീഷ്യല്‍ ആയി നോട്ടീസ് തരാതെ എത്താന്‍ കഴിയില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ഉടനെ തന്നെ അദ്ദേഹം എന്നെ വിളിച്ച് ഫോണ്‍ കോള്‍ വന്ന കാര്യം പറഞ്ഞു. ആ സമയം തന്നെ ഞാന്‍ റിട്ടേണിങ് ഓഫീസറെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. അവരോടും നോട്ടീസ് നല്‍കാതെ ഹാജരാകാന്‍ കഴിയില്ല എന്ന് പറഞ്ഞു. നോട്ടീസ് മെയില്‍ വഴി അയക്കാം എന്ന് പറഞ്ഞിരുന്നെങ്കിലും അത് ലഭിക്കാത്തത് മൂലം ഞാന്‍ കോഴിക്കോട് യൂത്ത് ലീഗിന്റെ മീറ്റിങിനായി പോയി. വാഹനം ഓടിക്കുന്നതിനാല്‍ പിന്നീട് മെയില്‍ വന്നോ എന്ന് നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല. 10:30 ആയപ്പോഴേക്കും വരണാധികാരിയുടെ ഓഫീസില്‍ നിന്നും മെറ്റീരിയല്‍ റൂം 11 മണിക്ക് തുറക്കുമെന്ന് എന്റെ ഭര്‍ത്താവ് അറിഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം എന്നെ വിവരം അറിയിച്ച ശേഷം അവിടേക്ക് പോയി.

Fathima Thahlia
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്ന് എം വി ഗോവിന്ദന്‍

ഫാത്തിമയുടെ ഭര്‍ത്താവ് തന്നെയാണോ മെറ്റീരിയല്‍ റൂമില്‍ മറ്റ് ഉദ്യോഗസ്ഥരുടെ ഒപ്പം കയറിയത്?

അതെ, ഞാന്‍ വരാന്‍ വൈകുന്നത് കൊണ്ട് എന്റെ ഭര്‍ത്താവ് തന്നെയാണ് മെറ്റീരിയല്‍ റൂമില്‍ കയറിയത്. അദ്ദേഹം റൂമില്‍ കയറുന്നതിന് മുന്‍പ് എന്‍ട്രി ബുക്കില്‍ പേര് എഴുതി ഒപ്പിട്ടു നല്‍കിയതാണ് നിലവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പിന്നീട് ഫാത്തിമ എപ്പോഴാണ് അവിടേക്ക് എത്തുന്നത്?

11 മണിയായപ്പോഴേക്കും മെറ്റീരിയല്‍ റൂം തുറന്നിരുന്നു. ഞാന്‍ 11:30 ആയപ്പോഴേക്കും എത്തിയിട്ടുണ്ടാവും.

മെറ്റീരിയല്‍ റൂമിനുള്ളില്‍ എന്തെങ്കിലും അസ്വാഭാവികമായി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടോ?

ഉദ്യോഗസ്ഥര്‍ കുറച്ച് എന്‍വലപ്പുകള്‍ തുറന്ന് അതിലുള്ള വിവരങ്ങള്‍ ലാപ്‌ടോപ്പിലേക്ക് മാറ്റുന്നതായാണ് കണ്ടത്. എന്തിനാണ് അത് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷനില്‍ നിന്നുള്ള സര്‍ക്കുലര്‍ പ്രകാരമാണ് നടപടി എന്ന് പറഞ്ഞു. രണ്ടു പേജ് വരുന്ന ഒരു ഓര്‍ഡര്‍ എനിക്ക് കാണിച്ചു തന്നു. എനിക്ക് അത് മുഴുവനും വായിക്കാന്‍ കഴിഞ്ഞില്ല.

മെറ്റീരിയല്‍ റൂം തുറക്കുന്ന കാര്യം യുഡിഎഫ് നേതാക്കന്മാരെ ഫാത്തിമ നേരത്തെ അറിയിച്ചിരുന്നോ? എപ്പോഴാണ് അവര്‍ ഈ കാര്യങ്ങള്‍ അറിയുന്നത്?

കൃത്യമായ നോട്ടീസ് എനിക്ക് ലഭിച്ചിരുന്നില്ല. 11 മണിയായപ്പോഴേക്കും ആണ് എനിക്ക് മെയില്‍ വരുന്നത്. അപ്പോഴും അത് വന്നതായി ഞാന്‍ അറിഞ്ഞിരുന്നില്ല. മെറ്റീരിയല്‍ റൂം തുറന്നത് സിസിടിവിയിലൂടെ കണ്ട പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എംഎ റസാഖും എന്നെ വിളിച്ചിരുന്നു. അവരോട് ഞാന്‍ അവിടേക്ക് പോകുന്ന കാര്യവും പറഞ്ഞു. സ്വാഭാവികമായും ഞാനാണ് ജെഡിടിയില്‍ ആദ്യം എത്തിയത്. മെറ്റീരിയല്‍ റൂമില്‍ കയറിയപ്പോള്‍ ഫോണ്‍ കൈയ്യില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ യുഡിഎഫ് നേതാക്കന്മാരുമായി സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

ഫാത്തിമയും യുഡിഎഫ് നേതൃത്വവും തമ്മില്‍ കൃത്യമായ ആശയവിനിമയം ഇല്ലാത്തതുകൊണ്ടല്ലേ അവിടെ യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്?

അതില്‍ മറ്റൊരു കാരണം കൂടിയുണ്ട്. ജെഡിടിയിലെ സിസിടിവി ദൃശ്യങ്ങള്‍ സ്‌ക്രീന്‍ ചെയ്തപ്പോള്‍ 'കോഴിക്കോട് സൗത്ത് മണ്ഡലം' എന്ന് രേഖപ്പെടുത്തിയ ഭാഗത്താണ് മെറ്റീരിയല്‍ റൂം തുറക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചത്. അത് ആശയക്കുഴപ്പത്തിന് കാരണമായി. പുറത്തുള്ള നേതാക്കന്മാര്‍ വിചാരിച്ചത് കോഴിക്കോട് സൗത്തിന്റെ സ്‌ട്രോങ്ങ് റൂം തുറന്നു എന്നാണ്. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. എനിക്ക് ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാഞ്ഞത് കൊണ്ട് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിഞ്ഞതുമില്ല. സ്‌ട്രോങ്ങ് റൂമില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ഞാന്‍ വിവരങ്ങള്‍ വിശദീകരിച്ചതാണ്.

ഈ വിഷയത്തില്‍ യുഡിഎഫ് നേതാക്കന്മാര്‍ക്ക് ഫാത്തിമയോട് നീരസമുണ്ടോ?

നടന്നത് ആ സാഹചര്യങ്ങള്‍ മൂലം ഉണ്ടായ തെറ്റിദ്ധാരണകളും അതുമൂലമുണ്ടായ പ്രശ്‌നങ്ങളുമാണ്.

140 യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് എല്‍.ഡി.എഫ് ഫാത്തിമയെ മാത്രം ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാര്‍ത്ഥി എന്ന് ആരോപിക്കുന്നത്? ജമാഅത്തെ ഇസ്ലാമിയെ ഫാത്തിമ അംഗീകരിക്കുന്നുണ്ടോ?

ഞാന്‍ സ്ഥാനാര്‍ഥിയാകുന്നതിന് മുന്‍പ് തന്നെ ഇടതുപക്ഷം എനിക്ക് ജമാഅത്തെ ഇസ്ലാമി ചാപ്പ അടിച്ചു തന്നതാണ്. എന്നെ അറിയാവുന്നവര്‍ക്കെല്ലാം എന്റെ മുസ്ലിം ലീഗ് രാഷ്ട്രീയം വ്യക്തമായി അറിയാം. പേരാമ്പ്രയില്‍ കാലാകാലങ്ങളായി എല്‍ഡിഎഫ് വിജയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ കൂടെ വോട്ട് വാങ്ങിയിട്ടല്ലേ എന്ന് അവര്‍ പറയട്ടെ. ഞാന്‍ വോട്ട് ചോദിച്ചത് അവിടുത്തെ ജനങ്ങളോടാണ്. പിന്നെ, യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയോടുള്ള സമീപനം പ്രതിപക്ഷ നേതാവ് വിഡി സതീശനും മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി സാഹിബും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുതന്നെയാണ് എന്റെയും നിലപാട്.

Summary

Fathima Thahlia, UDF Candidate for Perambra, Clarifies Stand Amid Material Room Opening Row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com