അപകട രേഖകൾ ഇനി സൗജന്യമല്ല, പണം നൽകണം; പൊലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു

കേസുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികൾക്ക് നൽകേണ്ട ജനറൽ ഡയറി, എഫ്ഐആർ, പോസ്റ്റുമോർട്ടം റിപ്പോർട്ട്, വൂണ്ട് സർട്ടിഫിക്കറ്റ് തുടങ്ങിയവ ഓരോന്നും ലഭിക്കാൻ 50 രൂപ വീതം ഇനി മുതൽ നൽകണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: പൊലീസിന്റെ സേവനങ്ങൾക്കുള്ള നിരക്കുകൾ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസിൽ നിന്നു ലഭിക്കേണ്ട രേഖകൾക്ക് ഒക്ടോബർ ഒന്ന് മുതൽ ഇനി പണം നൽകണം. നേരത്തെ ഈ സേവനങ്ങൾക്ക് പണം നൽകേണ്ടിയിരുന്നില്ല. 

കേസുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികൾക്ക് നൽകേണ്ട ജനറൽ ഡയറി, എഫ്ഐആർ, പോസ്റ്റുമോർട്ടം റിപ്പോർട്ട്, വൂണ്ട് സർട്ടിഫിക്കറ്റ് തുടങ്ങിയവ ഓരോന്നും ലഭിക്കാൻ 50 രൂപ വീതം ഇനി മുതൽ നൽകണം. പൊലീസ് നായയെ വാടകയ്ക്ക് ലഭിക്കാൻ 7280 രൂപ നൽകണം. വർലെസ് സെറ്റ് ഒന്നിനു 2425 രൂപ. 

പൊലീസ് സ്റ്റേഷൻ പരിധിയിൽ ജാഥ നടത്തുന്നതിനു അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2000 രൂപയാക്കി. സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാ തലത്തിൽ 10000 രൂപയായും ഫീസ് നിരക്ക് ഉയർത്തി. സർക്കാർ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾ, പബ്ലിക്ക് ലൈബ്രറികൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവയ്ക്ക്പണം നൽകേണ്ടതില്ലെന്നും ഉത്തരവിലുണ്ട്. 

സ്വകാര്യ സുരക്ഷാ ആവശ്യത്തിനു പൊലീസ് ഉദ്യോ​ഗസ്ഥരെ ഉപയോ​ഗിക്കുന്നതിനുള്ള ഫീസും വർധിപ്പിച്ചു. സിഐ വരെയുള്ള ഉദ്യോ​ഗസ്ഥരെ ഇത്തരത്തിൽ ലഭിക്കും. സിഐയെ നാല് മണിക്കൂർ വിട്ടുകിട്ടാൻ 3340 രൂപ. രാത്രിയാണെങ്കിൽ 4370 രൂപ. താഴെത്തട്ടിലുള്ള ഉദ്യോ​ഗസ്ഥർക്ക് ഇതിൽ കുറഞ്ഞ നിരക്കാണ്. റൈഫിൾ, കെയ്ൻ ഷീൽഡ്, മെറ്റൽ ക്യാപ് ഉൾപ്പെടെയാണ് ഈ തുക. 

ഫിം​ഗർപ്രിന്റ് ബ്യൂറോ, ഫൊറൻസിക് സയൻസ് ലാ​ബ് എന്നിവയിൽ നിന്നുള്ള സേവന നിരക്കും ഉയർത്തി. സ്വകാര്യ കേസുകളുമായി ബന്ധപ്പെട്ട് കോടതികൾ അയക്കുന്ന ഡിഎൻഎ സാമ്പിളുകളുടെ പരിശോധനയ്ക്ക് 24,255 രൂപയാണ്. ഫൊറൻസിക് ലാബിലെ ഹാർഡ് ഡിസ്ക് പരിശോധന, ഫോണുകളിലെ മെമ്മറി കാർഡ് ഉൾപ്പെടയുള്ളവയുടെ പരിശോധന എന്നിവയ്ക്കുള്ള തുകയും ഉയർത്തി. 

വിദേശ ജോലിക്കടക്കം ആവശ്യമായ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റിന് ഇനി മുതൽ 610 രൂപ നൽകണം. നേരത്തെ ഇത് 555 രൂപയായിരുന്നു. 

സ്വകാര്യ ആവശ്യത്തിനു പൊലീസ് വാഹനങ്ങൾ വിട്ടുകിട്ടുന്നതിനും ചാർജ് ഉയർത്തി. മിനിമം ചാർജ് തുകയിലും വാഹനം കേടായാൽ നൽകേണ്ട തുകയിലും നേരിയ വർധനയുണ്ട്. 

മൈക്ക് ലൈസൻസിനുള്ള ഫീസ് 15 രൂപ വർധിപ്പിച്ചു. ഓടുന്ന വാഹനത്തിലെ മൈക്ക് ഉപയോ​ഗത്തിനു ഇനി മുതൽ 610 രൂപ. ഇത്തരം വാഹനങ്ങൾ സംസ്ഥാനത്താകെ ഉപയോ​ഗിക്കുന്നതിനു അടുത്ത മാസം ഒന്ന് മുതൽ 6070 രൂപ നൽകണം. നേരത്തെ 5515രൂപയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com