ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആറുപേർക്ക് നഷ്ടം 626 പവനും മൂന്ന് കോടിയും

മുണ്ടുപറമ്പ് സ്വദേശി മുജീബ് റഹ്മാൻ, ഭാര്യ ബജീന, മകൻ ജാസിം എന്നിവർക്കെതിരെയാണ് കേസ്
Financial Fraud
ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്AI Image
Updated on: 
1 min read

മലപ്പുറം : മുണ്ടുപറമ്പ് സ്വദേശികളായ കുടുംബത്തിനെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് 19 എഫ്ഐആറുകൾ. ബിസിനസ് പങ്കാളിത്തം, ലാഭവിഹിതം, കുറഞ്ഞ വിലയ്ക്ക് ഭൂമി എന്നിവ വാഗ്ദാനം ചെയ്ത് ആറുപേരിൽ നിന്നായി 626 പവൻ സ്വർണവും മൂന്ന് കോടിയോളം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വർധിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

മുണ്ടുപറമ്പ് സ്വദേശി മുജീബ് റഹ്മാൻ, ഭാര്യ ബജീന, മകൻ ജാസിം എന്നിവർക്കെതിരെയാണ് കേസ്. ദമ്പതികളുടെ സ്വന്തം സഹോദരനുൾപ്പെടെ ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളുമാണ് തട്ടിപ്പിന് ഇരയായത്. പല ഘട്ടങ്ങളിലായാണ് ഇവരിൽ നിന്ന് പണവും സ്വർണവും ഭൂമിയുടെ രേഖകളും കൈക്കലാക്കിയതെന്നാണ് പരാതി.

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതികളിലും മലപ്പുറം പൊലീസിന് നൽകിയ വിശദമായ മൊഴികളിലും പറയുന്നത് പ്രകാരം, നാട്ടിലും ഗൾഫിലുമുള്ള വിവിധ ബിസിനസുകളിൽ പങ്കാളികളാക്കാമെന്നും ലാഭവിഹിതം നൽകാമെന്നും വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്. വിപണിവിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഭൂമി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചും ചിലരിൽ നിന്ന് പണം വാങ്ങിയതായി പരാതിയുണ്ട്.

പണവും സ്വർണവും മാത്രമല്ല, പരാതിക്കാരുടെ വീടുകളുടെയും ഭൂമിയുടെയും ആധാരങ്ങളും പ്രതികൾ കൈക്കലാക്കിയെന്നാണ് ആരോപണം. ഈ രേഖകൾ പണയപ്പെടുത്തി വായ്പയെടുത്തതോടെ വായ്പ തിരിച്ചടയ്ക്കാനാകാതെ വന്നാൽ വീടും ഭൂമിയും നഷ്ടപ്പെടുമെന്ന ഭീഷണിയിലാണ് പലരും.

തുടക്കത്തിൽ തങ്ങൾ മാത്രമാണ് പണവും സ്വർണവും രേഖകളും കൈമാറിയതെന്നാണ് പലരും കരുതിയിരുന്നത്. സമാനമായ വാഗ്ദാനങ്ങൾ നൽകി കൂടുതൽ പേരിൽനിന്ന് പണം കൈക്കലാക്കിയിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്.

"ഇതുവരെ പ്രതികൾക്കെതിരെ 17 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരാതിക്കാരെല്ലാം പ്രതികളുടെ അടുത്ത ബന്ധുക്കളാണ്. പ്രതികൾ നിലവിൽ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്," മലപ്പുറം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂടുതൽ പേർ വരും ദിവസങ്ങളിൽ പരാതിയുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുവരെ മൊഴി നൽകിയ പരാതിക്കാർ പണം കൈമാറിയത് ബാങ്കിങ് ഇടപാടുകളിലൂടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, നിയമാനുസൃതമല്ലാത്ത മറ്റ് ഇടപാടുകളും നടന്നിട്ടുണ്ടാകാമെന്നാണ് സംശയം. വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനിടയുണ്ടെന്നും പൊലീസ് പറഞ്ഞു.

തട്ടിപ്പിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ ഏതാനും മാസം മുമ്പ് പ്രതികൾ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിക്കാർ ആരോപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോട്ടക്കൽ പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതൽ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Summary

Fraud involving promises of profit shares; six people lose 626 sovereigns of gold and 3 crore rupees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER