എംടിക്ക് കേരള ജ്യോതി, മമ്മൂട്ടിക്ക് കേരള പ്രഭ; പ്രഥമ പുരസ്കാരങ്ങളുടെ വിതരണം ഇന്ന്
തിരുവനന്തപുരം. പത്മ പുരസ്‌കാര മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്‌കാരമായ കേരള പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കാണ് പുരസ്കാരങ്ങൾ നൽകുക.
എംടി വാസുദേവൻ നായർ കേരള ജ്യോതി പുരസ്കാരം ഏറ്റുവാങ്ങും. ഓംചേരി എൻഎൻ പിള്ള, ടി മാധവ മേനോൻ, മമ്മൂട്ടി എന്നിവർ കേരള പ്രഭയും ഏറ്റുവാങ്ങും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. വൈകുന്നേരം നാല് മണിക്ക് രാജ്ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും.
ഡോ. സത്യഭാമാദാസ് ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരൻ, വിജയലക്ഷ്മി മുരളീധരൻ പിള്ള എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി. കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ട് പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ച് പേർക്കുമാണ് നൽകുന്നത്.
പ്രാഥമിക പരിശോധനാ സമിതി ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, ടികെഎ നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിന് നാമനിർദേശം നൽകിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

