

കോഴിക്കോട്: സംസ്ഥാനത്ത് പേ വിഷബാധ മരണങ്ങള്‍ തുടര്‍ച്ചയാകുന്നതിനിടെ കോഴിക്കോട് വടകരയില്‍ ആശങ്ക വര്‍ധിപ്പിച്ച് കുറുനരികളുടെ സാന്നിധ്യം. വടകര മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് പേര്‍ക്ക് കുറുനരിയുടെ കടിയേറ്റു. ഒരാള്‍ക്ക് പട്ടിയുടെ കടിയേറ്റും പരിക്കേറ്റു.
വടകര ലോകനാര്‍ക്കാവ്, സിദ്ധാശ്രമം മേഖലയിലാണ് വ്യാഴം വെള്ളി ദിവസങ്ങളിലായി കുറുനരിയുടെ ആക്രമണം ഉണ്ടായത്. കുറുനരിയുടെ കടിയേറ്റ രണ്ട് പേരെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിനിടെയാണ്, മേമുണ്ട പ്രദേശത്ത് സ്ത്രീക്കു നായയുടെ കടിയേറ്റത്. ചന്ദ്രിക എന്ന സ്ത്രീയെ വ്യാഴാഴ്ച നായ ആക്രമമിച്ചത്.
അതേസമയം, കേരളത്തില്‍ തുടര്‍ച്ചയായി പേ വിഷബാധ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം സംസ്ഥാന ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുകയാണ്. സംസ്ഥാനത്തെ ഓരോ കേസും പ്രത്യേകം പരിശോധിച്ച് വിദഗ്ധരുടെ ഉള്‍പ്പെടെ അഭിപ്രായം തേടുകയാണ് ആരോഗ്യവകുപ്പ്. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും കൂടുതല്‍ ആക്രമണങ്ങള്‍ തടയുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊല്ലത്ത് ഏഴ് വയസ്സുകാരി പേ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. വെള്ളിയാഴ്ച ആലപ്പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവവും പേ വിഷബാധമൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം സംസ്ഥാനത്ത് നാല് കുട്ടികളുള്‍പ്പെടെ 14 പേര്‍ റാബിസ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates