തിരുവനന്തപുരം: വേനലും ചൂടും കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്. ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു. ഇന്നലെ വൈകുന്നേരമാണ് വൈദ്യുതി ഉപഭോഗം 6012 മെഗാവാട്ട് ആയത്. ഏപ്രില്‍ 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുന്‍ റെക്കോര്‍ഡ്.
വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നതോടെ കെഎസ്ഇബിയും ആശങ്കയിലാണ്. കടുത്ത ചൂടില്‍ ഫാന്‍, കൂളര്‍, എ സി എന്നിവ ഉപയോഗിക്കുന്നതില്‍ വലിയ വര്‍ധനവ് ഉണ്ടായതാണ് വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചത്. ഉപഭോഗം 6000 മെഗാവാട്ട് പിന്നിട്ടാല്‍ പ്രതിസന്ധി ഉണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റ് ആണ്. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ആഭ്യന്തര ഉല്‍പാദനം കൂട്ടുമെന്ന നിലപാടിലാണ് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ പീക്ക് സമയത്ത് (വെകുന്നേരം 6 മണി മുതല്‍ രാത്രി 11 വരെ) വൈദ്യുതി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് കെഎസ്ഇബി നിര്‍ദേശിക്കുന്നുണ്ട്.
അതേസമയം, ഇത്തവണ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കുറയുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എല്‍-നിനോ പ്രതിഭാസം മണ്‍സൂണിനെ ബാധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മധ്യ, കിഴക്കന്‍ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും ചൂടാകുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ രീതിയാണ് എല്‍ നിനോ. നിലവില്‍ കിഴക്കന്‍ പസഫിക്കിലെ സമുദ്രോപരിതലത്തിന് താഴെ ശക്തമായ ചൂട് വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates