

തൊടുപുഴ: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് കാട്ടാനയാക്രമണത്തില്‍ അമ്മ മാരി കണ്‍മുന്നില്‍ കൊല്ലപ്പെട്ടതിന്റെ ആഘാതത്തില്‍ കഴിയുന്ന രക്ഷിനും രക്ഷിണയ്ക്കും വനംവകുപ്പ് തണലൊരുക്കും. കുട്ടികളെ വനംവകുപ്പ് പൂര്‍ണാര്‍ത്ഥത്തില്‍ 'ദത്തെടുക്കുകയാണെന്ന്' ലോക് ഹാര്‍ട്ടിലെ വീട്ടിലെത്തിയ മന്ത്രി ഷിബു ബേബി ജോണ്‍ പ്രഖ്യാപിച്ചു. കുട്ടികള്‍ക്കായി മന്ത്രി നേരിട്ടെത്തിച്ച രണ്ട് കുഞ്ഞു സൈക്കിളുകള്‍ ആ കണ്ണീര്‍വീട്ടില്‍ ചെറു പുഞ്ചിരിയായി.
കുഞ്ഞു സൈക്കിളുകളിലേക്ക് നോക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നുണ്ടാകാം. കാരണം, ഈ സൈക്കിളില്‍ കയറി അവര്‍ പോകുന്നതും നോക്കിനില്‍ക്കാന്‍ ഇനി ആ അമ്മയില്ല. ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ഇവരുടെ ലോകം ഇരുളടഞ്ഞുപോയത്. ഒരു വര്‍ഷം മുന്‍പ് അച്ഛന്‍ നഷ്ടപ്പെട്ട മക്കള്‍ക്ക് അമ്മ മാരിയായിരുന്നു എല്ലാം. സ്‌കൂളിലേക്ക് പോകാന്‍ പതിവുപോലെ അമ്മയുടെ കൈപിടിച്ച് നടന്ന രക്ഷിനെയും രക്ഷിണയെയും കാത്തിരുന്നത് കാട്ടാനയുടെ രൂപത്തില്‍ വന്ന വിധിയായിരുന്നു. കണ്‍മുന്നില്‍ അമ്മ ചോരയില്‍ കുളിച്ചുവീണ ആ ദാരുണ ദൃശ്യം കുരുന്നുകളുടെ മനസ്സില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല.
അനാഥത്വത്തിന്റെ ആഴക്കടലില്‍ ഒറ്റപ്പെട്ടുപോയ ആ സഹോദരങ്ങള്‍ക്ക് മുന്നിലേക്കാണ് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ എത്തിയത്. കേവലം ഔദ്യോഗിക സന്ദര്‍ശനത്തിനപ്പുറം, വനംവകുപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു കുടുംബത്തെ സര്‍ക്കാര്‍ നെഞ്ചോട് ചേര്‍ക്കുന്ന പ്രഖ്യാപനമാണ് ഇവിടെയുണ്ടായത്.
ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഈ കുട്ടികളെ ഞങ്ങള്‍ ദത്തെടുക്കുകയാണ്. കുഞ്ഞുങ്ങള്‍ക്ക് 18 വയസ്സ് തികയുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഡിപ്പാര്‍ട്ട്മെന്റ് നോക്കും. അവര്‍ക്കായി ഒരു പ്രത്യേക 'മെന്ററെ' ചുമതലപ്പെടുത്തിയിട്ടുണ്ട്. റേഷന്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കും. മാസച്ചെലവിനായി 5000 രൂപ നല്‍കുന്നതിന് പുറമെ, സ്‌കൂള്‍ ഫീസും മറ്റ് കാര്യങ്ങളും വനംവകുപ്പ് തന്നെ വഹിക്കും. ഭാവിയില്‍ അവര്‍ക്കൊരു വീട് ആവശ്യമായി വരികയാണെങ്കില്‍ അതും ചെയ്തു കൊടുക്കും. വന്യജീവി ആക്രമണങ്ങളില്‍ ഇങ്ങനെയുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഒരു പുതിയ മാതൃകയായി ഇതിനെ മുന്നോട്ട് കൊണ്ടുപോകാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.
പ്രഖ്യാപനങ്ങള്‍ വെറും വാക്കുകളിലൊതുങ്ങില്ലെന്ന് ഉറപ്പുവരുത്താന്‍ കര്‍ശനമായ തുടര്‍നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ബന്ധു കൂടിയായ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം. രമേശിനാണ് സംരക്ഷണച്ചുമതല. സാങ്കേതിക തടസ്സങ്ങള്‍ മറികടന്ന് കുട്ടികള്‍ക്കായി പ്രത്യേക അക്കൗണ്ടുകള്‍ ഉറപ്പാക്കിക്കഴിഞ്ഞു. ലക്ഷങ്ങളുടെ ധനസഹായത്തിനോ ഭരണകൂടത്തിന്റെ വലിയ പ്രഖ്യാപനങ്ങള്‍ക്കോ ഈ കുരുന്നുകള്‍ക്ക് നഷ്ടപ്പെട്ട മാതൃസ്‌നേഹത്തിന് പകരമാകില്ല, അത് തീര്‍ച്ചയാണ്. എങ്കിലും, വന്യമൃഗങ്ങള്‍ കാടിറങ്ങി വന്ന് ഒരു കുടുംബത്തിന്റെ താങ്ങ് തകര്‍ക്കുമ്പോള്‍, അതിനൊരു പുതിയ പ്രതിരോധ മാതൃക തീര്‍ക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates