'കുഴപ്പക്കാര്‍ റിസര്‍വേഷന്‍ കുട്ടികള്‍'; ജാതി അധിക്ഷേപം നാക്കു പിഴ, മാപ്പു പറഞ്ഞ് കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍

കാസര്‍കോട് ഗവ. കോളജില്‍ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ പൂട്ടിയിട്ടതിന് പിന്നാലെ, നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമ
ഡോ. എം രമ/വീഡിയോ സ്‌ക്രീന്‍ഷോട്ട്
ഡോ. എം രമ/വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
2 min read

കാസര്‍കോട്: കാസര്‍കോട് ഗവ. കോളജില്‍ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ പൂട്ടിയിട്ടതിന് പിന്നാലെ, നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമ. റിസര്‍വേഷനില്‍ കോളജിലെത്തിയ മാര്‍ക്ക് കുറഞ്ഞ കുട്ടികളാണ് കുഴപ്പക്കാരെന്ന് താന്‍ പറഞ്ഞത് നാക്കുപിഴയാണെന്നും ആ വാചകം അപ്പോള്‍ തന്നെ തിരിച്ചറിഞ്ഞ് ഒരിക്കലും പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഡോ. രമ പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്നാലെ, രമയെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. 

ചില വിദ്യാര്‍ഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ അത് ഖേദകരമാണ്. വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങള്‍ക്കും കോളജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിനും നിര്‍വ്യാജം മാപ്പു പറയുന്നുവെന്ന് ഡോ. രമ പ്രസ്താവനയില്‍ പറഞ്ഞു.

'കുടിവെള്ളത്തിലെ പ്രശ്‌നം പറയാന്‍ വന്ന വിദ്യാര്‍ഥികളെ മുറിയില്‍ പൂട്ടിയിട്ടുവെന്ന് ആരോപിച്ച് എസ്എഫ്‌ഐ തുടങ്ങിയ അക്രമ സമരം എന്നെ പ്രിന്‍സിപ്പാള്‍ ചുമതലയില്‍ നീക്കുന്നതില്‍ കലാശിച്ചുവെങ്കിലും അപവാദ പ്രചരണങ്ങള്‍ നിര്‍ത്തിയിട്ടില്ല. കോളജിലെ പ്രശ്‌നങ്ങള്‍ അന്വേഷിച്ചുവന്ന ഒരു മാധ്യമപ്രവര്‍ത്തകന് ഞാന്‍ നല്‍കിയ അഭിമുഖം എന്റെ ഭര്‍ത്താവ് പണം കൊടുത്ത് പ്രസിദ്ധീകരിപ്പിച്ചതാണെന്ന പച്ചക്കള്ളം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്. കോളജിലെ എന്റെ അനുഭവത്തിലും അറിവിലും വന്ന കാര്യങ്ങള്‍ ഞാന്‍ ചാനല്‍ ലേഖകനോട് സംസാരിച്ചത് എന്റെ ഉത്തരവാദിത്തത്തിലാണ്. അതിനു മാത്രമുള്ള അറിവും കഴിവും എനിക്കുണ്ട്. എന്റെ ഭര്‍ത്താവിനെ ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കുന്നത് ദുരുപദിഷ്ടമാണ്. കോളജ് കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല.'- രമ പ്രസ്താവനയില്‍ പറഞ്ഞു. 

'ഫെബ്രുവരി 23ന് അക്രമാസക്തമായ സമരമാണ് എസ്എഫ്‌ഐ എനിക്കെതിരെ നടത്തിയത്. പൊലീസ് സംരക്ഷണമുണ്ടായിരുന്നുവെങ്കിലും അതിനിടയില്‍ നേരത്തേ ആസൂത്രണം ചെയ്ത രീതിയില്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ച് തന്നെ ദേഹോപദ്രവമേnd]്പിച്ച് കൊല്ലുവാനുള്ള ശ്രമം അവര്‍ നടത്തി. സമരത്തിനു ശേഷം അന്ന് വൈകിട്ട് തന്നെ കോളജില്‍ വെച്ച് കണ്ട ചാനല്‍ ലേഖകനോട് വികാരക്ഷോഭത്തോടെ സംസാരിച്ചപ്പോള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ചില പരാമര്‍ശങ്ങള്‍ ഉണ്ടായി. കോളജിലെ ചില വിദ്യാര്‍Lികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് മൊത്തം വിദ്യാര്‍Lികളുടെ സ്ഥിതിയായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇട വന്നിട്ടുണ്ടെങ്കില്‍ അത് ഖേദകരമാണ്. എന്റെ പരാമര്‍ശങ്ങള്‍ കൊണ്ട് കോളജിലെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങള്‍ക്കും കോളജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിനും ഞാന്‍ ഇതിനാല്‍ നിര്‍വ്യാജം മാപ്പു പറയുന്നു. 'രമ പ്രസ്താവനയില്‍ പറഞ്ഞു. 

'തങ്ങളാണ് എല്ലാത്തിന്റെയും അധികാരികളാണെന്ന ഗര്‍വ്വുമായി കോളജില്‍ എസ്എഫ്‌ഐ നടത്തുന്ന പ്രവര്‍ത്തനം നാശകരമാണ്. പൊതുവായ ഒരു തീരുമാനവും അവര്‍ക്ക് ബാധകമല്ല. പുറമേ നിന്നുള്ള ആളുകളുടെ രാഷ്ട്രീയ പ്രവര്‍ത്തനം കോളജില്‍ അനുവദിക്കേണ്ടെന്ന് ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. എങ്കിലും നേരത്തെ പഠനം പൂര്‍ത്തിയാക്കിപ്പോയ ഇമ്മാനുവലിനെപ്പോലുള്ള ആളുകള്‍ എന്നും ക്യാംപസിലെത്തുന്നു. അവരുടെ ഇടപെടല്‍ കുട്ടികളുടെ പഠനപ്രവര്‍ത്തനത്തിന് തടസ്സമാണ്. നന്നായി പഠിക്കുന്ന ഉന്നത വിജയം നേടാന്‍ കഴിവുള്ള പെണ്‍കുട്ടികളുടെയടക്കം ഭാവി നശിപ്പിക്കുകയാണ് ഇമ്മാനുവലിനെ പോലുള്ളവര്‍ ചെയ്യുന്നത്.

ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ ഇമ്മാനുവല്‍ പെണ്‍കുട്ടികളെ നശിപ്പിച്ചുവെന്ന രീതിയില്‍ ആയിപ്പോയിട്ടുണ്ട്. അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും മാത്രം വിചാരിച്ചാല്‍ പെണ്‍കുട്ടികളെ നശിപ്പിക്കാന്‍ പറ്റുമെന്നു പറയാനാവില്ല. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സ്വന്തം നിലയും ഉത്തരവാദിത്തവും മനസ്സിലാക്കി പെരുമാറാന്‍ കഴിയും, കഴിയണം. ഇമ്മാനുവലിന്റെ പേര് ആ നിലയില്‍ പരാമര്‍ശിച്ചതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. കാസര്‍കോട് ഗവ. കോളജില്‍ 97 ശതമാനം മാര്‍ക്ക് ലഭിച്ച ഉയര്‍ന്ന നിലവാരം ലഭിച്ച കുട്ടികളാണ് പ്രവേശനം ലഭിക്കുന്നത്. പകുതി സീറ്റുകള്‍ വിവിധ വിഭാഗങ്ങള്‍ക്ക് റിസര്‍വേഷനായും ഉണ്ട്. കുഴപ്പക്കാര്‍ എല്ലാ വിഭാഗക്കാരുമുണ്ട്. അങ്ങനെ മാത്രമേ ഞാന്‍ എവിടെയും പറഞ്ഞിട്ടുള്ളു.

റിസര്‍വേഷന്‍ പ്രകാരം കോളജിലെത്തിയ മാര്‍ക്ക് കുറഞ്ഞ കുട്ടികളാണ് കുഴപ്പക്കാരെന്ന് പറഞ്ഞ് ഞാന്‍ ജാതി അധിക്ഷേപം നടത്തിയതായി കാണിച്ച് ഇപ്പോള്‍ എസ്എഫ്‌ഐ ഒരു സംഭാഷണ ശബ്ദ ശകലം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഒരു ചാനലിലും പത്രത്തിലും പ്രസിദ്ധീകരിക്കപ്പെടാത്ത ഒരു ശബ്ദ ശകലമാണത്. ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി എല്ലാ കാര്യങ്ങളും വിവരിക്കുന്നതിനിടയില്‍ നാക്കു പിഴയായി വന്ന വാചകം അപ്പോള്‍ തന്നെ തിരിച്ചറിഞ്ഞ് ഒരിക്കലും പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അവര്‍ അത് പ്രസിദ്ധീകരിക്കാതെ കളഞ്ഞതുമാണ്. എന്നാല്‍ ആ ചാനല്‍ ഓഫിസില്‍ നിന്നും എങ്ങനെയോ ആ ഭാഗം ചോര്‍ത്തിയെടുത്ത് എസ്എഫ്‌ഐ അത് വ്യാപകമായി പ്രചരിപ്പിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങളെ എനിക്കെതിരായി തിരിക്കാനുള്ള ഈ ശ്രമം അപലപനീയമാണ്. എന്നെ വ്യക്തിപരമായി അറിയുന്ന ആളുകള്‍ ആരും അത് വിശ്വസിക്കില്ല. എങ്കിലും എന്റെ പേരില്‍ അങ്ങനെയൊരു വാര്‍ത്ത വരാന്‍ ഇടയായതില്‍ ഞാന്‍ മാപ്പു പറയുന്നു.

കോളജിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ഞാന്‍ പ്രിന്‍സിപ്പല്‍ ചുമതലയിലുള്ള സന്ദര്‍ഭത്തില്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ദശാബ്ദങ്ങള്‍ പഴക്കമുള്ള ടാങ്കിനു പകരം പുതിയ ടാങ്ക് ഒരു വര്‍ഷം മുമ്പ് പണിത് മോട്ടോര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്ലംബിങ് പണി മുടങ്ങി. അതിനായി മുഖ്യ പരിഗണന നല്‍കി പണം അനുവദിക്കാന്‍ സര്‍ക്കാരിന് എഴുതിയെങ്കിലും പാസ്സായി കിട്ടിയിട്ടില്ല. ഭരണത്തില്‍ സ്വാധീനമുള്ള ചില അധ്യാപകര്‍ അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ക്ക് പണം ലഭ്യമാക്കാന്‍ ഉത്സാഹിക്കുന്നു. അപ്പോള്‍ കുടിവെള്ള പ്രശ്‌നം അവഗണിക്കപ്പെട്ടതാണ് ഒരു കാരണം. ആ സമീപനം മാറ്റി പുതിയ ടാങ്ക് പ്രവര്‍ത്തനക്ഷമമാക്കാന്‍ സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ മാത്രമേ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ പറ്റുകയുള്ളൂ'- ഡോ. രമ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com