

കൊച്ചി: ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്നും ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ ലഭിച്ച ഇന്ത്യാക്കാരൻ ആരാണ് എന്ന ചോദ്യത്തിന്റെ ഉത്തരം വി ഡി സവർക്കർ എന്നു തന്നെയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ആ ചോദ്യം ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതുകൊണ്ട് ചരിത്രം മാറില്ലെന്നും സ്കൂൾ ചോദ്യക്കടലാസിലെ ചോദ്യത്തിലും ഉത്തരത്തിലും തെറ്റൊന്നുമില്ലെന്നും ശ്രീജിത്ത് പണിക്കർ ഫെയ്സ്ബുക്കിൽ കുറിച്ചു.
സസ്പെൻഷൻ കിട്ടിയ അധ്യാപകൻ ധൈര്യമായി കോടതിയെ സമീപിക്കണം. ഭരിക്കുന്ന സർക്കാരിന് ഇഷ്ടമല്ലെന്ന് കരുതി ചരിത്ര വസ്തുതകൾ മാറില്ലല്ലോയെന്നും ശ്രീജിത്ത് പണിക്കർ ചോദിച്ചു. 'ചുമ്മാതാണോ, ഇന്ത്യയുടെ ഏറ്റവും ശ്രദ്ധേയനായ പുത്രൻ ആയിരുന്നു സവർക്കർ എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിജിയുടെ അമ്മൂമ്മ ഇന്ദിരാ ഗാന്ധി എഴുതിയത്?! ബ്രിട്ടീഷുകാർക്കെതിരായ സവർക്കറുടെ പോരാട്ടത്തിന് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വിശേഷ സ്ഥാനമുണ്ടെന്നും അവർ എഴുതി. വിനായക് സവർക്കർ എന്നല്ല, വീർ സവർക്കർ എന്നുതന്നെയാണ് ഇന്ദിരാ ഗാന്ധി എഴുതിയത്. സവർക്കറുടെ ചികിത്സയ്ക്ക് പ്രത്യേക ഗ്രാന്റ് അനുവദിച്ചത് പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയെങ്കിൽ, മരണാനന്തരം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ്'- ശ്രീജിത്ത് പണിക്കർ കുറിച്ചു.
കുറിപ്പ്:
കാര്യം പലർക്കും സവർക്കറോട് വിയോജിപ്പും എതിർപ്പും ഒക്കെക്കാണും. പക്ഷേ എന്നു കരുതി സത്യം സത്യമല്ലാതെ ആവില്ലല്ലോ.
ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്നും ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ ലഭിച്ച ഇന്ത്യാക്കാരൻ എന്ന ചോദ്യത്തിന്റെ ഉത്തരം വി ഡി സവർക്കർ എന്നു തന്നെയാണ്.
ആ ചോദ്യം ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതുകൊണ്ട് ചരിത്രം മാറുമോ?
ബ്രിട്ടനെതിരെ യുദ്ധം ചെയ്തു, ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി, നാഷിക് കളക്ടർ ആയിരുന്ന ആർതർ ജാക്സനെ വധിക്കാൻ പ്രേരണ നൽകി എന്നീ കുറ്റങ്ങളുടെ അടിസ്ഥാനത്തിൽ ഇരട്ട ജീവപര്യന്തമാണ് ബ്രിട്ടീഷ് കോടതി സവർക്കർക്ക് വിധിച്ചത്. 25 വർഷം വീതം ആകെ 50 കൊല്ലം.
അതിൽ 10 കൊല്ലം ആൻഡമാനിലെ കാലാപാനി സെല്ലുലാർ ജയിലിൽ. 4 കൊല്ലം വിവിധ ജയിലുകളിൽ — ലണ്ടനിലെ ബ്രിക്സ്റ്റൻ ജയിൽ, ബോംബെയിലെ ഡിംഗ്രി ജയിൽ, കൽക്കട്ടയിലെ ആലിപൂർ ജയിൽ, രത്നഗിരി ജയിൽ, പൂനെയിലെ യെർവാഡ ജയിൽ. അടുത്ത 13 കൊല്ലം രത്നഗിരിയിലെ വീട്ടിൽ കർശന ഉപാധികളോടെ വീട്ടുതടങ്കലിൽ. ആകെ 27 വർഷം.
കാലാപാനിയിൽ, dangerous prisoner എന്ന വിഭാഗത്തിൽ ആയിരുന്നു സവർക്കർ. കടുത്ത ശിക്ഷാമുറകൾ പതിവായിരുന്നു. വെറും കൈ ഉപയോഗിച്ച് തൊണ്ടിൽ നിന്നും ചകിരി വേർപെടുത്തി കയർ ഉണ്ടാക്കുക എന്നതായിരുന്നു അതിലൊന്ന്. കയ്യിൽ നിന്നും രക്തമൊലിച്ചിട്ടും അത് നിർത്താൻ അധികൃതർ സമ്മതിച്ചില്ല.
പിന്നെ ജയിലിലെ മില്ലിൽ മണിക്കൂറുകൾ ചക്രം തിരിച്ച് കൊപ്ര ആട്ടി എണ്ണയെടുക്കാൻ നിയോഗിച്ചു.
ആദ്യ രണ്ടു വർഷത്തിൽ മാത്രം ഏകാന്ത തടവ് 15 മാസം. ഉയർന്ന ഒരു പൊസിഷനിൽ കൈവിലങ്ങ് ലോക്ക് ചെയ്ത് ഇരിക്കാൻ സൗകര്യമില്ലാതെ ഒരിടത്തു നിർത്തിയത് 63 ദിവസം. നിൽക്കുന്നിടത്തു നിന്ന് കാലനക്കാൻ അനുവദിക്കാതെ കാൽക്കുഴകളിൽ ഇരുമ്പുകട്ടകൾ പിടിപ്പിച്ചു നിർത്തിയത് 5 മാസം. നടക്കാനോ ഇരിക്കാനോ കിടക്കാനോ സാധ്യമല്ലാത്ത നിലയിൽ കാലുകൾക്ക് കുറുകെ ഇരുമ്പുകട്ടകൾ ഉപയോഗിച്ച് നിർത്തിയത് 10 ദിവസം. ശാരീരിക ക്ഷമത ആവശ്യമായ ജോലികൾ ചെയ്യിപ്പിക്കുമ്പോഴും ഒരു കുഞ്ഞിന് ആവശ്യമുള്ളത്രയും ഭക്ഷണം പോലും കൊടുക്കാതിരുന്നത് 24 ദിവസം.
തന്റെയൊപ്പം വന്നവർക്കൊന്നും ഇല്ലാത്ത ശിക്ഷയാണ് തനിക്കെന്നും ഇത് അനീതിയാണെന്നും തന്നെ രാഷ്ട്രീയ തടവുകാരനായി കാണണമെന്നും സവർക്കർ ബ്രിട്ടീഷ് അധികൃതർക്ക് കത്തയച്ചു. പലരുടെയും ശിക്ഷാകാലാവധി കുറച്ച് മോചിപ്പിക്കുമ്പോഴും സവർക്കർക്ക് ഒരു ആനുകൂല്യവും ബ്രിട്ടൻ നൽകിയില്ല.
ഇതിനിടെ സവർക്കർ മാപ്പപേക്ഷകൾ കൊടുത്തു തുടങ്ങി. എന്നാൽ ഒരെണ്ണം പോലും ബ്രിട്ടൻ പരിഗണിച്ചില്ല. നിയമങ്ങൾ അനുസരിക്കാമെന്നും, വിപ്ലവപ്രവർത്തനം നടത്തില്ലെന്നും, ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ സമാധാനത്തിന്റെ വഴിയിൽ കൊണ്ടുവരാമെന്നും, ബ്രിട്ടീഷ് സർക്കാരിനെ സഹായിക്കാമെന്നുമൊക്കെ എഴുതി.
എന്നാൽ അതിലൊന്നു പോലും ബ്രിട്ടൻ വിശ്വസിച്ചില്ല. സവർക്കറുടെ മാപ്പപേക്ഷ പരിഗണിച്ച ബ്രിട്ടീഷ് ഹോം മെംബർ ആയിരുന്ന സർ റെജിനാൾഡ് ക്രാഡോക്ക് രേഖപ്പെടുത്തിയത് സവർക്കറിൽ കുറ്റബോധത്തിന്റെ കണിക പോലുമില്ലെന്നാണ്. സവർക്കർക്ക് ഏതെങ്കിലും തരത്തിൽ ശിക്ഷയിളവ് നൽകുന്നത് പൂർണ്ണമായും അസാധ്യമാണെന്നും ക്രാഡോക്ക് എഴുതി. മാപ്പപേക്ഷയുമായി ബന്ധപ്പെട്ട കത്തിടപാടുകളിൽ ബ്രിട്ടീഷ് അധികൃതർ എഴുതിയത് ഇന്ത്യ ജന്മം നൽകിയ ഏറ്റവും അപകടകാരികളായ മനുഷ്യരിൽ ഒരാളെന്നാണ്.
ക്രാഡോക്ക് എഴുതിയത് ഇങ്ങനെയാണ്:
“So important a leader is he that the European section of the Indian anarchists would plot for his escape which would before long be organised. If he were allowed outside the Cellular Jail in the Andamans, his escape would be certain. His friends could easily charter a steamer to lie off one of the islands and a little money distributed locally would do the rest… It is absolutely impossible to grant him any form of liberty.”
അതായത്, മാപ്പപേക്ഷ ജയിലിനു പുറത്തുവരാനുള്ള സവർക്കറുടെ തന്ത്രം മാത്രമാണെന്നും പുറത്തുവിട്ടാൽ സവർക്കർ വീണ്ടും വിപ്ലവകാരികൾക്ക് പ്രചോദനമായി സർക്കാരിനെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടും എന്നുമായിരുന്നു ബ്രിട്ടന്റെ കണക്കുകൂട്ടൽ. ക്രാഡോക്കിനെ കൂടാതെ സവർക്കറുടെ മറ്റ് മാപ്പപേക്ഷകൾ പരിശോധിച്ചവരിൽ ഹോം മെംബർ സർ വില്യം വിൻസന്റ്, എച്ച് മക്ഫേഴ്സൻ എന്നിവരുണ്ട്. ഇരുവരും എഴുതിയത് സവർക്കർ അപകടകാരിയാണെന്നാണ്.
ഇതിനിടയിൽ 1918 ൽ കുറെ തടവുകാരെ ആൻഡമാനിൽ നിന്നു മാറ്റാൻ തീരുമാനിച്ചപ്പോൾ ജയിൽ സൂപ്രണ്ട് സവർക്കറുടെ പേര് വെട്ടി. അതെക്കുറിച്ച് ഉദ്യോഗസ്ഥൻ എസ് ആർ ഹിഗ്നൽ എഴുതിയത് ഇങ്ങനെ:
"സവർക്കർ അപകടകാരിയും ഒത്തുതീർപ്പിന് വഴങ്ങാത്തവനുമാണ്."
സവർക്കർ സുരക്ഷാ ഭീഷണി ഉയർത്തുന്നു എന്നതിനാൽ മാപ്പപേക്ഷ പരിഗണിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് 1920 ലെ ഇന്റലിജൻസ് ബ്യൂറോ റെക്കോഡുകൾ.
മറ്റൊരു മാപ്പപേക്ഷയിൽ, തന്നെ മോചിപ്പിച്ചാൽ ബ്രിട്ടീഷ് സർക്കാരിനെ സഹായിക്കാമെന്ന് സവർക്കർ എഴുതിയതിനാൽ അദ്ദേഹത്തിന്റെ ജയിലിലെ പെരുമാറ്റം എങ്ങനെയുണ്ടെന്ന് അധികൃതർ അന്വേഷിച്ചു. അതിനു മറുപടിയായി ജയിൽ അധികൃതർ അറിയിച്ചത് കക്ഷി മാന്യനും വിനയമുള്ളവനും ഒക്കെയാണ്, പക്ഷെ ബ്രിട്ടീഷ് സർക്കാരിനെ സഹായിക്കാനുള്ള എന്തെങ്കിലും ഉദ്ദേശം കക്ഷിക്ക് ഉള്ളതായി ഒരിക്കലും തങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല എന്നാണ്.
പിന്നീടൊരിക്കൽ നൽകപ്പെട്ട മാപ്പപേക്ഷ പരിശോധിച്ച ശേഷം ബ്രിട്ടീഷ് ഇന്ത്യൻ സർക്കാർ ആൻഡമാൻ ചീഫ് കമ്മീഷണർക്ക് അയച്ച കത്തിൽ പറഞ്ഞത് ഇങ്ങനെയാണ്:
"I am directed to say that His Excellency the Viceroy is not prepared at present to extend to them the benefit of the amnesty, and to request that the petitioner may be informed accordingly."
അതായത് സവർക്കറെ പുറത്തുവിടരുതെന്ന തീരുമാനമെടുത്തത് വൈസ്രോയി നേരിട്ട്.
അതിനാൽ മറ്റു പലരുടെയും മാപ്പപേക്ഷകൾ സ്വീകരിച്ചപ്പോഴും സവർക്കറുടേത് മാത്രം സ്വീകരിച്ചില്ല. ഒന്നാം ലോകമഹായുദ്ധ കാലത്ത് രാഷ്ട്രീയ തടവുകാരെ ജയിലുകളിൽ നിന്നു മോചിപ്പിച്ചപ്പോഴും സവർക്കറെ വിട്ടില്ല.
1923 ൽ മൗലാന മുഹമ്മദ് അലിയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസിന്റെ കാക്കിനഡ വാർഷിക സമ്മേളനത്തിൽ സവർക്കറുടെ തടവിനെ അപലപിച്ചുകൊണ്ട് കോൺഗ്രസ് ഐകകണ്ഠ്യേന പ്രമേയവും പാസാക്കി. പക്ഷെ ഒന്നും നടന്നില്ല.
ഒടുവിൽ 1935 ൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കുകയും പ്രൊവിൻഷ്യൽ മന്ത്രിസഭകൾ നിലവിൽ വരുകയും ചെയ്തു. അതോടെ സർ ധൻജിഷാ കൂപ്പർ പ്രധാനമന്ത്രിയായി ബോംബെ സർക്കാർ നിലവിൽ വരുന്ന സാഹചര്യമായി. എന്നാൽ സർക്കാരിൽ ചേരണമെങ്കിൽ സവർക്കറെ മോചിപ്പിക്കണമെന്ന് ഡെമോക്രാറ്റിക് സ്വരാജ്യ പാർട്ടി നേതാവ് ജംനാദാസ് മെഹ്ത ആവശ്യപ്പെടുകയും ഒടുവിൽ പ്രവിശ്യകളുടെ സ്വയംഭരണാവകാശം പരിഗണിച്ച് ആ ആവശ്യം ഗവർണർ ബ്രാബോൺ പ്രഭു അംഗീകരിക്കുകയും ചെയ്തു. അങ്ങനെയാണ് 27 വർഷത്തെ ശിക്ഷയ്ക്കു ശേഷം സവർക്കർ മോചിതനായത്.
ഇത്രയും കൂടി പറയാം.
സവർക്കറുടെ സംഭാവനകൾക്ക് ഇന്ത്യൻ സർക്കാർ പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യത്തോടെ ഒരു പ്രമേയം 1957 ൽ പാർലമെന്റിൽ എത്തി. എന്നാൽ അതിന് അവതരണാനുമതി നിഷേധിക്കപ്പെട്ടു. അവസാനം ആ പ്രശ്നം വോട്ടിനിട്ടു. അതിലും 48 നു എതിരെ 75 വോട്ടുകൾക്ക് അവതരണാനുമതി നിഷേധിക്കപ്പെട്ടു. എന്നാൽ അനുമതി നൽകണം എന്ന് വോട്ട് ചെയ്തവരിൽ ഒരാളെ നമ്മളൊക്കെ അറിയും. നമ്മുടെ കമ്യൂണിസ്റ്റ് ആചാര്യൻ സാക്ഷാൽ എകെജി!
ചുമ്മാതാണോ, ഇന്ത്യയുടെ ഏറ്റവും ശ്രദ്ധേയനായ പുത്രൻ ആയിരുന്നു സവർക്കർ എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിജിയുടെ അമ്മൂമ്മ ഇന്ദിരാ ഗാന്ധി എഴുതിയത്?! ബ്രിട്ടീഷുകാർക്കെതിരായ സവർക്കറുടെ പോരാട്ടത്തിന് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വിശേഷ സ്ഥാനമുണ്ടെന്നും അവർ എഴുതി. വിനായക് സവർക്കർ എന്നല്ല, വീർ സവർക്കർ എന്നുതന്നെയാണ് ഇന്ദിരാ ഗാന്ധി എഴുതിയത്.
സവർക്കറുടെ ചികിത്സയ്ക്ക് പ്രത്യേക ഗ്രാന്റ് അനുവദിച്ചത് പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയെങ്കിൽ, മരണാനന്തരം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി!
എന്തായാലും സ്കൂൾ ചോദ്യക്കടലാസിലെ ചോദ്യത്തിലും ഉത്തരത്തിലും തെറ്റൊന്നുമില്ല. അതുകൊണ്ട് സസ്പെൻഷൻ കിട്ടിയ അധ്യാപകൻ ധൈര്യമായി കോടതിയെ സമീപിക്കണം. ഭരിക്കുന്ന സർക്കാരിന് ഇഷ്ടമല്ലെന്ന് കരുതി ചരിത്ര വസ്തുതകൾ മാറില്ലല്ലോ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates