'ഗൃഹോപകരണങ്ങള്‍ മുതല്‍ വാഹനങ്ങള്‍ വരെ പകുതി വിലയ്ക്ക്'; പൊലീസ് പിടിയിലായ അനന്തു കൃഷ്ണന്റെ ശബ്ദ സന്ദേശം പുറത്ത്

പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷമുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്.
'From household appliances to vehicles at half price'; Voice message of Ananthu Krishnan out
അനന്തു കൃഷ്ണന്‍
Updated on
1 min read

കൊച്ചി: സ്ത്രീകള്‍ക്ക് പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി അറസ്റ്റിലായ അനന്തു കൃഷ്ണന്റെ ഓഡിയോ സന്ദേശം പുറത്ത്. സമാഹരിച്ച പണം വക മാറി വേറെ പദ്ധതിക്ക് നിക്ഷേപിച്ചെന്നും ഇടപാടുകാരുടെ പണം മുഴുവന്‍ തന്നു തീര്‍ക്കുമെന്നും ഇയാള്‍ ശബ്ദസന്ദേശത്തില്‍ പറയുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷമുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്.

വിചാരിച്ച പോലെ ഫണ്ട് സ്വരൂപിക്കാന്‍ സാധിച്ചില്ല. മണി ചെയിന്‍ മാതൃകയിലുള്ള തട്ടിപ്പല്ല, ആരും പുതിയ കേസുകള്‍ കൊടുക്കരുതെന്നും ജയിലില്‍ നിന്നും വന്നാല്‍ സ്‌കൂട്ടര്‍ വിതരണം നടത്തുമെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നു. അറസ്റ്റിലായ ശേഷം തന്നെ കാണാനെത്തിയ സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് അനന്തു കൃഷ്ണന്‍ ശബ്ദ സന്ദേശം അയച്ചിരിക്കുന്നത്.

കേസ് കൂടിയാല്‍ തനിക്ക് പുറത്ത് വരാനാവില്ല, ഫണ്ട് റോള്‍ ചെയ്തപ്പോള്‍ ഉദ്ദേശിച്ച തുക ലഭിച്ചില്ല, എന്‍ജിഒ കോണ്‍ഫെഡറേഷന്‍ നേതാക്കള്‍ തന്നെ കൈവിട്ടു, ഒറ്റയ്ക്ക് തനിക്ക് ഉത്തരവാദിത്തം ചുമലിലേല്‍ക്കേണ്ടി വന്നു, ഏഴ് സ്ഥാപനങ്ങള്‍ സിഎസ്ആര്‍ തരാന്‍ തയ്യാറാണ് അവരുമായി ചര്‍ച്ച നടത്താനിരിക്കുകയാണ്. അതിനിടെയാണ് അറസ്റ്റ് ഉണ്ടായത്. അവിടെ നിന്നും പണം ലഭിക്കും. പുറത്ത് വന്നാല്‍ ഒരു സമയപരിധിക്കുള്ളില്‍ നിങ്ങളുടെ പണവും വാഹനവും നല്‍കാനാവും അനന്തു കൃഷ്ണന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നു.

പ്രമുഖ കമ്പനികളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി ഫണ്ടില്‍ നിന്നുളള ധനസഹായം ഉപയോഗിച്ച് ഗൃഹോപകരണങ്ങള്‍ തൊട്ട് ഇരുചക്ര വാഹനങ്ങള്‍ വരെ പകുതി വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. പകുതി തുക മുന്‍കൂറായി അടച്ച് കാത്തിരിക്കണം. ഊഴമെത്തുമ്പോള്‍ സാധനങ്ങള്‍ കിട്ടുമെന്നാണ് വാഗ്ദാനം. മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ സൊസൈറ്റി രൂപീകരിച്ചായിരുന്നു തട്ടിപ്പ്.

മൂവാറ്റുപുഴയില്‍ മാത്രം 1200 പേര്‍ക്കാണ് സ്‌കൂട്ടര്‍ നല്‍കാനുള്ളത്. ഏതാണ്ട് 9 കോടിയോളം രൂപ ഇതിനായി വേണം. എന്നാല്‍ നയാ പൈസ പോലും ഇയാള്‍ക്ക് സിഎസ്ആറില്‍ നിന്ന് ഇത്രയും കാലത്തിനിടയില്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. മണി ചെയിന്‍ പോലെയുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. 2022 മുതല്‍ ഇരുചക്ര വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ലാപ്‌ടോപ്, തയ്യല്‍ മെഷീന്‍ എന്നിവക്ക് 50% ഇളവില്‍ നല്‍കും എന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധസംഘടനകളെയുള്‍പ്പെടെ ഇയാള്‍ വഞ്ചിച്ചിട്ടുണ്ട്. പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com