ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ ശ്രീനിവാസ റാവു തോട്ട, ബഹുരാഷ്ട്ര കമ്പനി ജോലി ഉപേക്ഷിച്ചത് പൈനാപ്പിൾ വ്യാപാരത്തിൽ പുതിയൊരു ജീവിതം നട്ടുപിടിപ്പിക്കാനായിരുന്നു. കേരളത്തിന്റെ 'പൈനാപ്പിൾ നഗരം' എന്നറിയപ്പെടുന്ന വാഴക്കുളത്താണ് അദ്ദേഹം ആദ്യമെത്തിയത്. അദ്ദേഹത്തിന്റെ ആദ്യ ശ്രമം വിജയിച്ചു; പങ്കാളിത്ത അടിസ്ഥാനത്തിൽ മൊത്തവ്യാപാര ഏജൻസി സ്ഥാപിക്കുക, പൈനാപ്പിൾ സമാഹരിക്കുക, ഗ്രേഡിങ്, വിതരണം എന്നിങ്ങനെ, സംരംഭം അഭിവൃദ്ധി പ്രാപിക്കുകയായിരുന്നു.
എന്നാൽ, എല്ലാം തലകീഴായി മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. കോവിഡ് മഹാമാരി വന്നു. തുടർന്നുണ്ടായ രാജ്യവ്യാപകമായ ലോക്ക്ഡൗൺ അദ്ദേഹത്തിന് ഏൽപ്പിച്ചത് കനത്ത തിരിച്ചടിയായിരുന്നു. വിതരണ ശൃംഖലകൾ തകർന്നു, വിപണികൾ തകർന്നു, ഉൽപ്പന്നങ്ങൾ പെട്ടെന്ന് നശിച്ചു തുടങ്ങിയത് അപ്രതീക്ഷിതമായ നഷ്ടങ്ങൾക്ക് കാരണമായി. "എന്റെ പങ്കാളികൾ ബിസിനസ്സ് ഉപേക്ഷിച്ചു, എല്ലാ ബാധ്യതകളും എന്റെ ചുമലിലായി. ഞാൻ കടത്തിൽ മുങ്ങി. ഞാൻ കെട്ടിപ്പടുത്തതെല്ലാം തകർന്നു വീഴുന്നത് പോലെ തോന്നി," അമ്പത്തിരണ്ടുകാരനായ ശ്രീനിവാസ റാവു പറഞ്ഞു.
പക്ഷേ, ശ്രീനിവാസ റാവു എന്ന സംരംഭകൻ പരാജയപ്പെടാൻ തയ്യാറായില്ല. നിരാശയുടെ പടുകുഴിയിലേക്ക് വീണുതുടങ്ങിയപ്പോൾ, അദ്ദേഹം ഒരു നിർണായക തീരുമാനമെടുത്തു: വാഴക്കുളത്തെ പൈനാപ്പിൾ വ്യവസായത്തിന്റെ നട്ടെല്ലായ പ്രാദേശിക കർഷകരെ സമീപിച്ചു.
അദ്ദേഹത്തിന്റെ സംരംഭത്തിലെ സമർപ്പണവും നീതിയുക്തമായ ഇടപെടലുകളും അറിയാവുന്ന കർഷകർ, അദ്ദേഹത്തിന് അത്ഭുതകരമായ ആശ്വാസം നൽകി, ജീവിതമാർഗ്ഗത്തിലേക്കുള്ള അസാധരാണമായൊരു വാതിൽ അവർ തുറന്നു കൊടുത്തു. അവരുടെ വിലയേറിയ ഉൽപ്പന്നങ്ങൾ കടമായി നൽകാൻ അവർ തയ്യാറായി.
"എന്റെ അതിജീവനത്തിന്റെ അടിസ്ഥാനമായി അത് മാറി. എന്റെ കൈവശം ഒരു പൈസ പോലും ഉണ്ടായിരുന്നില്ല. പക്ഷേ ഇവിടുത്തെ കർഷകർ ഏകദേശം 25 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ കടം തന്ന് എന്നെ സഹായിച്ചു. പിന്നെ ഞാൻ എന്റെ ഏക ശക്തിയായ സംസ്ഥാനത്തിന് പുറത്തുള്ള വിപണിയെ ആശ്രയിച്ചു. സ്വന്തം സംസ്ഥാനമായ ആന്ധ്രാപ്രദേശ് മുതൽ ഡൽഹി വരെ രാജ്യത്തുടനീളം എന്നിൽ നിന്നും വാങ്ങുന്നവരുടെ വലിയ ശൃംഖല ഉണ്ടായിരുന്നു. 'വാഴക്കുളം പൈനാപ്പിൾ' എന്ന ബ്രാൻഡും എന്റെ ബിസിനസിന്റെ പുനരുജ്ജീവനത്തിന് ഒരു ഘടകമായിരുന്നു," അദ്ദേഹം ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
പതുക്കെ, അദ്ദേഹത്തിന്റെ വ്യാപാരം മുന്നോട്ട് നീങ്ങി. കഴിഞ്ഞ നാല് വർഷത്തിനിടയിൽ, തികഞ്ഞ നിശ്ചയദാർഢ്യം, സൂക്ഷ്മമായ വിപണി ധാരണ, പ്രാദേശിക കർഷകരിൽ നിന്ന് നേരിട്ട് വിളകൾ ശേഖരിക്കുന്ന സമീപനം എന്നിവയിലൂടെ അദ്ദേഹം അതിജീവിക്കുക മാത്രമല്ല, അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു.
ഇന്ന്, ശ്രീനിവാസ റാവുവിന്റെ വ്യാപാര ശൃംഖല രാജ്യം മുഴുവൻ വ്യാപിച്ചിരിക്കുന്നു. വാഴക്കുളത്തിന്റെ മധുരമുള്ള പൈനാപ്പിളുകൾ ആന്ധ്രാപ്രദേശ്, തെലങ്കാന, ഒറീസ, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ വിപണികളിലേക്ക് അദ്ദേഹം കയറ്റുമതി ചെയ്യുന്നു. അദ്ദേഹത്തിന് 10 നാഷണൽ പെർമിറ്റ് ലോറികളുണ്ട്, വിളവിന്റെ 30 ശതമാനത്തിലധികം സ്വന്തം വാഹനങ്ങളിൽ കൊണ്ടുപോകുന്നു.
"വാഴപ്പഴം പോലെ വർഷം മുഴുവനും ലഭ്യമാകുന്ന ഒരേയൊരു പഴമാണ് പൈനാപ്പിൾ," ശ്രീനിവാസ റാവു പറയുന്നു, അതിന്റെ സ്ഥിരമായ ആവശ്യകത ഉണ്ട്. അദ്ദേഹത്തിന്റെ ദൈനംദിന കയറ്റുമതി ശരാശരി 30 മുതൽ 40 ടൺ വരെയാണ്.
"ഇന്നത്തെ വില കിലോയ്ക്ക് 20 രൂപയാണ്. ആവശ്യമനുസരിച്ച് വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. പത്ത് ദിവസം മുമ്പ് കിലോയ്ക്ക് 60 രൂപയായി ഉയർന്നിരുന്നു. ഇപ്പോൾ അത് കുറയുന്നു." അദ്ദേഹം വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു, ആന്ധ്രാപ്രദേശിലേക്കാണ് കൂടുതൽ കയറ്റുമതി, അവിടെ അദ്ദേഹത്തിന് സ്വന്തമായി കടകളുണ്ട്.
തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളറിയാവുന്ന ശ്രീനിവാസ റാവു കേരളവുമായി ഇഴുകിച്ചേർന്നു. 350-ലധികം പൈനാപ്പിൾ കർഷകരും 50-ഓളം കടകളുമുള്ള വാഴക്കുളത്തിന് ഈ മേഖലയിലുള്ള നിർണായക പങ്കിനെ വ്യക്തമാക്കുന്നതാണ് ശ്രീനിവാസ റാവുവിന്റെ അതിജീവന കഥ.
"ഇപ്പോൾ 30 ഏക്കർ മാത്രമേ സ്വന്തമായുള്ളൂ" (പകർച്ചവ്യാധിക്ക് മുമ്പ് 180 ഏക്കറിലാണ് അദ്ദേഹം കൃഷി ചെയ്തിരുന്നത്), ശ്രീനിവാസ റാവു ഇപ്പോഴും പ്രാദേശിക കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. "വിത്തുകൾ വിതച്ചതിനുശേഷം, 10 മുതൽ 12 മാസത്തിനുള്ളിൽ പൈനാപ്പിൾ ലഭിക്കാൻ തുടങ്ങും. പൈനാപ്പിളിൽ കീടനാശിനികൾ ഉപയോഗിക്കുന്നില്ല. പരമാവധി ഞങ്ങൾ വേരിൽ കുമിൾനാശിനികൾ തളിക്കുന്നു."കൃഷിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമീപനം പങ്കുവെച്ചു.
ഭാര്യ ജ്യോതിയും മക്കളായ കൊമേഴ്‌സ്യൽ പൈലറ്റ്, പൂർണ വെങ്കിട സതീഷ്, ഇന്റീരിയർ ആർക്കിടെക്ചറും ഡിസൈനറുമായ പ്രവാലിക വെങ്കിട സതീഷിനുമൊപ്പം കേരളത്തിൽ തന്നെ താമസിക്കാനാണ് അദ്ദേഹമെടുത്ത തീരുമാനം. ആന്ധ്രയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് തുടക്കത്തിൽ ചിന്തകളുണ്ടായിരുന്നു. പക്ഷേ, കേരളം അവരുടെ ഹൃദയം കീഴടക്കിയിരിക്കുന്നു.
"ഇപ്പോൾ അവർക്ക് കേരളം വളരെ ഇഷ്ടമാണ്, ജീവിതകാലം മുഴുവൻ വാഴക്കുളത്തും മൂവാറ്റുപുഴയിലും ചെലവഴിക്കാൻ അവർ ഇഷ്ടപ്പെടുന്നു," ശ്രീനിവാസ റാവു പറഞ്ഞു. "ഇപ്പോൾ എനിക്ക് ആന്ധ്ര സന്ദർശിക്കാൻ പോലും താൽപ്പര്യമില്ല."അദ്ദേഹം പറഞ്ഞു.
From neck-deep in debt, AP man builds pan-India pineapple empire from Kerala's 'Pineapple City'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates