

കേരളം സൃഷ്ടിച്ച ഏറ്റവും തലയെടുപ്പുള്ള കലാകാരരിൽ പ്രധാനിയാണ് എ രാമചന്ദ്രൻ. എന്നാൽ മലയാളികളിൽ എത്രപേർക്ക് ഈ മഹാനായ കലാകാരനെക്കുറിച്ചറിയാം?
എ രാമചന്ദ്രൻ എന്ന പേര് ഞാൻ ചെറുപ്പം മുതൽ കേൾക്കുന്നതാണ് മോഹനമ്മാവന്റെ (എൻ മോഹനൻ) അടുത്ത സുഹൃത്തായിരുന്നു എ രാമചന്ദ്രൻ. ഒപ്പം സിനിമ സംവിധായകനായ ജി അരവിന്ദനും ഉണ്ടായിരുന്നു. അമ്മാവൻ രാമചന്ദ്രനെക്കുറിച്ച് പറയുന്ന കഥകളിലൂടെയാണ് ഞാൻ അദ്ദേഹത്തെ കുറച്ചെങ്കിലും പരിചയപ്പെട്ടത്.
ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ കേൾക്കാനും ആ സായാഹ്നങ്ങളുടെ ഭാഗമാകാനും ഭാഗ്യമുണ്ടായ സരിത പറയുന്നു:
“ഹിന്ദുസ്ഥാനിസംഗീതം അഭ്യസിച്ചതിന്റെ അനര്‍ഗ്ഗളചാതുരിയോടെ അദ്ദേഹം ഹിന്ദിഗാനങ്ങളും, ടഗോര്‍കവിതകളും, ഗസലുകളും ആലപിക്കുന്ന എത്രയോ മാസ്മരിക സായാഹ്നങ്ങൾ”
കേരളം സൃഷ്ടിച്ച ഏറ്റവും പ്രഗത്ഭനായ കലാകാരൻ എന്നതിനപ്പുറം അദ്ദേഹത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചതുമില്ല
ഡൽഹിയിലുണ്ടായിരുന്ന അഞ്ച് വർഷം അദ്ദേഹത്തെ പോയി കാണാൻ കഴിയാത്തതിലുള്ള സങ്കടവും ബാക്കി നിൽക്കുന്നു.
എന്നാൽ ഇപ്പോൾ കൊല്ലത്തുള്ള എ രാമചന്ദ്രൻ മ്യൂസിയത്തിൽ നിൽക്കുമ്പോഴാണ് ഈ കലാകാരനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നത്.
ഞങ്ങൾ ചെല്ലുമ്പോൾ കലാകാരനും ഇപ്പോൾ മ്യൂസിയത്തിന്റെ ചുമതലക്കാരനുമായ അനീഷ് അവിടെയുണ്ടായിരുന്നു. അനീഷാണ് ഞങ്ങളെ ഓരോ ചിത്രവും കാണിച്ച് വിശദമായി കാഴ്ചയുടെ അർത്ഥം മനസ്സിലാക്കിത്തന്നത്.
ശാന്തിനികേതനിൽ രാംകിങ്കറിന്റെ ശിഷ്യനായിരുന്നു എ രാമചന്ദ്രൻ.
രാംകിങ്കറിനെക്കുറിച്ച് അതിമനോഹരമായ ഒരു പുസ്തകവും രാമചന്ദ്രൻ രചിച്ചിട്ടുണ്ട്. തന്റെ ആദ്യത്തെ സ്കെച്ച് ബുക്ക് അലക്ഷ്യമായി നോക്കി വലിച്ചെറിഞ്ഞ് ‘പോരാ പോരാ ഇത് ആദ്യം മുതൽ തുടങ്ങണം’ എന്ന് പറയുന്ന ദിവസം മുതൽ താൻ ഒരു മാസം കൊണ്ട് പണിപ്പെട്ട് സൃഷ്ടിച്ച കളിമൺ പ്രതിമ ഒരു വിറക് കമ്പ് കൊണ്ട് അടിച്ചുടക്കുന്നത് വരെ, ഇപ്രകാരമാണ് അദ്ദേഹം തന്നെ ശിഷ്യനായി സ്വീകരിച്ചത് എന്നറിയുന്ന രാമചന്ദ്രൻ തന്റെ ഏറ്റവും പ്രധാന സ്വാധീനമായി രാംകിങ്കറിനെ രേഖപ്പെടുത്തുന്നു.
ഒടുവിൽ ശാന്തിനികേതനിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ രാമചന്ദ്രൻ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്:
“അങ്ങ് എന്നെ മറക്കുമോ?”
“നിന്നെ ഞാൻ എങ്ങനെ മറക്കാനാണ്? നീ രാമചന്ദ്രനല്ലേ. ഞാൻ വെറും രാം കിങ്കറും.” എന്നദ്ദേഹം മറുപടിയും പറയുന്നു.
എന്നാൽ രാംകിങ്കറിൽ നിന്ന് വ്യത്യസ്തമായി ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ നഷ്ടപ്പെട്ട ഒരാൾ എന്ന നിലക്കാണ് രാമചന്ദ്രന്റെ ആദ്യ രചനകൾ ഉണ്ടാവുന്നത്.
ഇതിൽ ഖേദിച്ച രാംകിങ്കർ “നിനക്കെന്താ ഭ്രാന്തുണ്ടോ? എന്തിനാണിങ്ങനെ പെസിമിസ്റ്റാവുന്നത്? നീ വിചാരിക്കുംപോലെ ലോകം അത്ര മോശമൊന്നുമല്ല” എന്ന് പറഞ്ഞതായി രാമചന്ദ്രന്റെ കല എന്ന പുസ്തകത്തിൽ പി സുരേന്ദ്രൻ എഴുതുന്നുണ്ട്.
എന്തായാലും ആദ്യകാലത്തെ പെസിമിസത്തിൽ നിന്ന് മുക്തനായ ഒരു കലാകാരനെയാണ് കൊല്ലത്തുള്ള മ്യൂസിയത്തിൽ നമ്മൾ കാണുന്നത്.
ഇന്ത്യൻ ചിത്രകലാ പാരമ്പര്യവും പിന്നീട് ബുദ്ധിസത്തിന്റെ ആത്മീയാന്വേഷണവുമാണ് രാമചന്ദ്രനിൽ കൃത്യമായി സ്വാധീനം ചെലുത്തിയത്. ലോകം മുഴുവൻ വിപുലമായി സഞ്ചരിച്ചിട്ടും യൂറോപ്പിന്റെ മറവികൾക്കടിയിൽ ഗ്യാസ് ചേമ്പറുകൾ തന്നെയാണുള്ളത് എന്ന് രാമചന്ദ്രൻ പറയും. (പി സുരേന്ദ്രൻ)
ഇതിൽ എനിക്ക് ഏറ്റവും കൗതുകകരമായി തോന്നിയത് എല്ലാ ചിത്രത്തിലുമുള്ള കലാകാരന്റെ വ്യക്തിപരമായ സാന്നിധ്യമാണ്. തളിർക്കുന്ന വൃക്ഷത്തിലോ കൊഴിയുന്ന പൂവിലോ കുടിലിനുള്ളിലെ ചെറിയ കുടത്തിലോ എവിടെയായാലും രാമചന്ദ്രന്റെ സാന്നിദ്ധ്യം കാണാം. അനീഷ് പറഞ്ഞപ്പോഴാണ് അതിമനോഹരമായ ഗാന്ധി ശില്പത്തിൽ പോലും കലാകാരന്റെ മുഖം ഞങ്ങൾ കണ്ടത്. എവിടെയെങ്കിലും ഓരോ ചിത്രത്തിലും ഒരു തുമ്പിയായോ പുൽച്ചാടിയായോ രാമചന്ദ്രനും ഉണ്ടാവും. താൻ പ്രകൃതിയിൽ നിന്ന് വ്യത്യസ്തനല്ല എന്ന് വീണ്ടും വീണ്ടും ഊന്നിയൂന്നി പറയുന്ന ഒരു കലാകാരനെയാണ് നമ്മൾ ഇവിടെ കാണുക. പ്രകൃതിയിൽ തന്റെ ആത്മഭാവം കാണുന്ന കലാകാരനെ.
ആദ്യകാല കൊൽക്കൊത്ത ചിത്രങ്ങളെ macabre എന്ന് സി പി രാമചന്ദ്രൻ വിളിച്ചത് വച്ച് നോക്കുമ്പോൾ ‘വിക്ഷുബ്ധതയിൽ നിന്ന് പ്രശാന്തിയിലേക്കും വർത്തമാനത്തിൽ നിന്ന് പൗരാണികതയിലേക്കും രാമചന്ദ്രൻ പിന്മടങ്ങുന്നു.’ എന്ന സുരേന്ദ്രന്റെ നിരീക്ഷണം ശരിയാണ് എന്ന് തോന്നാം.
ഗാന്ധിയുടെ ശില്പത്തിനരികിൽ ഏറെനേരം ഞങ്ങൾ മൗനമായി നിന്നു. ഇന്ത്യയിലെ എല്ലാ ഭാഷയിലും അഹിംസ എന്നെഴുതിയ ഗാന്ധി ശില്പത്തിൽ ഞങ്ങൾ രാമചന്ദ്രനേയും കണ്ടു.
പൊതുവേ കലാ സാക്ഷരതയിൽ വളരെ പിറകോട്ടാണ് നമ്മൾ മലയാളികൾ എന്ന് എനിക്ക് തോന്നാറുണ്ട്. കൊച്ചി മുസിരിസ് ബിനാലെ പോലുള്ള വലിയ കലാപ്രദർശനങ്ങൾ നടക്കുന്ന നാടാണെങ്കിലും നമ്മുടെ സ്വന്തം കലാകാരരെക്കുറിച്ചുപോലും നമുക്കുള്ള അറിവ് പരിമിതമാണ്.
എ രാമചന്ദ്രൻ മ്യൂസിയം പോലെ ഒരൊറ്റ ആർട്ടിസ്റ്റിനായുള്ള മ്യൂസിയങ്ങൾ കലാപഠനത്തിൽ വലിയ ചുവടുവയ്പായിരിക്കും.
ചൈനക്കാരിയായ ചമേലിയാണ് രാമചന്ദ്രന്റെ ഭാര്യ. അവരും ഏറെ പ്രശസ്തയായ ഒരു കലാകാരിയാണ്. സുരേന്ദ്രൻ സൂചിപ്പിക്കുന്നതുപോലെ ചമേലിയുടെ ഹൈക്കു ചിത്രങ്ങളും രാമചന്ദ്രന്റെ ബൃഹത് ആഖ്യാനങ്ങളുമായി യാതൊരു സാമ്യവുമില്ല. ചൈനീസ് ഭാഷ പഠിപ്പിക്കാനായി ശാന്തിനികേതനിൽ എത്തിയ പ്രൊഫസർ താൻ യുൻഷാന്റെ മകളാണ് ചമേലി. മകൻ രാഹുൽ അമേരിക്കയിൽ നാസയിൽ ശാസ്ത്രജ്ഞനാണ്. മകളും അമേരിക്കയിലാണ്. ഈ മ്യൂസിയത്തിലേക്കുള്ള ചിത്രങ്ങൾ സമാഹരിക്കാൻ രാമചന്ദ്രന്റെ കുടുംബം 300 കോടി രൂപയോളം ചിലവാക്കിയിട്ടുണ്ട്.
“അച്ഛന്റെ "ഒരിക്കല്‍" എന്ന ചെറുനോവലിന്റെ ആദ്യഎഡിഷന് കവർചിത്രമായത് പ്രിയസ്നേഹിതന്‍ എ രാമചന്ദ്രന്റെ ഫാരോ (Tutankhamun) ചിത്രമാണ്.” സരിത പറയുന്നു. “തന്റെ ചിത്രങ്ങൾ ഫിക്ഷന്‍ കവർ ആക്കാന്‍ അതിന് മുമ്പോ പിന്നെയോ അദ്ദേഹം ആരെയും അനുവദിച്ചിട്ടില്ല. അവരുടെ പാരസ്പര്യം അത്ര എക്സ്ക്ലൂസീവ് ആയിരുന്നു.”
കൊല്ലത്തെ ശ്രീനാരായണ ഗുരു സ്മാരകത്തിലാണ് അതിമനോഹരമായ ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. കൊല്ലം വഴി യാത്ര ചെയ്യുന്നവർ യാത്രയിൽ ഒരു വിശ്രാന്തിക്കായി ഈ മ്യൂസിയം കണ്ടോളു. അല്ലെങ്കിൽ ഈ മ്യൂസിയം കാണാൻ മാത്രമായി കൊല്ലം വരെ പൊയ്ക്കോളൂ.
"നമ്മൾ മലയാളികൾ കൂടുതൽ അറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ടിയിരുന്ന ഒരു സമുന്നതനായ കലാകാരനാണ് എ രാമചന്ദ്രൻ.കാഴ്ച്ചയുടെ താമരയിലകളും വെയിലും വളരെ വലിപ്പമുള്ള അതേസമയം പതിഞ്ഞ പ്രാർത്ഥന മാത്രമായ ഗാന്ധിയും. ഇതൊക്കെ സാംസ്കാരികാനുഭവങ്ങൾ മാത്രമല്ല രാഷ്ട്രീയമായ ഓർമ്മിപ്പിക്കലും ആയിരുന്നു." എന്ന ബൈസ്റ്റാൻഡറുടെ വരികളോടെ ഞാൻ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
(ഈ കുറിപ്പ് തയ്യാറാക്കാൻ സഹായിച്ച രാമചന്ദ്രന്റെ ലോകം എന്ന പുസ്തകം എഴുതിയ പി സുരേന്ദ്രനും ദില്ലി ദാലിയുടെ വിവിധ ലക്കങ്ങളിൽ രാമചന്ദ്രനെക്കുറിച്ച് സംസാരിച്ച എസ് ഗോപാലകൃഷ്ണനും കലാകാരനും എ രാമചന്ദ്രൻ മ്യൂസിയത്തിന്റെ ചുമതലക്കാരനുമായ അനീഷിനും നന്ദി)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates