തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി ശക്തിധരന്‍. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പോരിന് യേശുക്രിസ്തു എന്ത് പിഴച്ചുവെന്ന് ശക്തിധരന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ചോദിക്കുന്നു. ''മറ്റ് ചില മതങ്ങളുടെ ആഘോഷങ്ങള്‍ ആയിരുന്നെങ്കില്‍ ഗവര്‍ണര്‍ അല്ല തുക്കിടി ആയിരുന്നു ക്ഷണിച്ചതെങ്കിലും ഇതൊന്നും ആവില്ല സംഭവിക്കുന്നത്. നീണ്ട വെള്ളിത്താടി പിടിപ്പിച്ച മതപുരോഹിതന്റെ കൈപിടിച്ച് വേദിയില്‍ നടക്കാന്‍ എന്തൊരു ആവേശമായിരുന്നു? ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്''-കുറിപ്പില്‍ പറയുന്നു.
ശക്തിധരന്റെ കുറിപ്പ്:
ആരാന്റെ കുടിയില്‍
പാര്‍ക്കുന്ന എരപ്പാളിയോ
ഗവര്‍ണ്ണര്‍ ?
ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നില്‍ കേരള മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ ഏതെങ്കിലും അംഗമോ പങ്കെടുക്കില്ലെന്ന് മാത്രമല്ല ഫലത്തില്‍ അത് ഔദ്യോഗിഗമായി ബഹിഷ്‌ക്കരിക്കുകകൂടിയാണ് കേരള സര്‍ക്കാര്‍ . മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മിലുള്ള പോരിന് യേശുക്രിസ്തു എന്ത് പിഴച്ചു? പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിരുന്നില്‍ പങ്കെടുക്കുന്നില്ല. അദ്ദേഹത്തിന് ഇത് എന്തിന്റെ കേടാണ്? കോണ്‍ഗ്രസിന് അഭിപ്രായ സ്ഥിരത ഏതെങ്കിലും കാര്യത്തില്‍ വേണ്ടേ? ഭരണകക്ഷിയുടെ കാര്‍ബണ്‍ കോപ്പിയാണോ കേരളത്തിലെ പ്രതിപക്ഷം? മുഖ്യമന്ത്രി ചെയ്യുന്നതെല്ലാം അനുകരിച്ചില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലാതാകുമെന്നാണോ?
വളരുന്നതും വരുന്നതുമായ തലമുറയ്ക്ക് ഇത് നല്‍കുന്ന സന്ദേശമെന്താണ്? പാവം യേശുക്രിസ്തു എന്തുപിഴച്ചു? ഭൂമുഖത്തു ഒരു ഭരണത്തലവന്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷത്തെ വീണ്ടും കുരിശിലേറ്റണോ മുഖ്യമന്ത്രീ ? ഭൂമുഖത്ത് ക്രിസ്മസ് ആഘോഷം ഔദ്യോഗികമായി ഒരു സംസ്ഥാന ഭരണകൂടം ബഹിഷ്‌ക്കരിച്ച ഏക സംഭവവും കേരള മന്ത്രിസഭയുടേതായിരിക്കും ! മലയാളികള്‍ ഇതില്‍ ലജ്ജിക്കണം! യേശുദേവനെ എത്രവട്ടം കുരിശിലിടപ്പെടണം ?എത്ര ലാഘവത്തോടെയാണ് ഇത്തരം കാര്യങ്ങളില്‍ നമ്മുടെ ഭരണനേതൃത്വം തീരുമാനങ്ങള്‍ എടുക്കുന്നത്? ഈ മന്ത്രിസഭയുടെ നിലവാരം എന്തെന്ന് തിരിച്ചറിയാന്‍ ക്രിസ്ത്യാനികള്‍ക്കു മാത്രമല്ല മറ്റു സമുദായങ്ങള്‍ക്കും ഇത് അവസരം നല്‍കും. മറ്റ് ചില മതങ്ങളുടെ ആഘോഷങ്ങള്‍ ആയിരുന്നെങ്കില്‍ ഗവര്‍ണ്ണര്‍ അല്ല തുക്കിടി ആയിരുന്നു ക്ഷണിച്ചതെങ്കിലും ഇതൊന്നും ആവില്ല സംഭവിക്കുന്നത്. നീണ്ട വെള്ളിത്താടി പിടിപ്പിച്ച മതപുരോഹിതന്റെ കൈപിടിച്ച് വേദിയില്‍ നടക്കാന്‍ എന്തൊരു ആവേശമായിരുന്നു? ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്.
ആരാന്റെ കുടിയില്‍ പാര്‍ക്കുന്ന എരപ്പാളിയല്ല ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണ്ണര്‍ . മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഗവര്‍ണ്ണര്‍ കാലം ചെയ്തു കഴിഞ്ഞിട്ടുണ്ടാകാം, ശവമഞ്ചത്തില്‍ എന്തോ ഒരു ജീവിയെ എടുത്തുവെച്ചിരിക്കുന്നു എന്നു മാത്രമായിരിക്കാം. 'കുന്തോം കുടച്ചക്രവും അങ്ങിനെയാണോ കാരണഭൂതനെ പഠിപ്പിക്കുന്നത്?'
ഗവര്‍ണ്ണര്‍ ഒരു ഭരണകൂടത്തെ ക്ഷണിച്ചത് ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിലേക്കല്ല ,കുടിലിലേക്കുമല്ല. കേരളത്തിലെ രാജ്ഭവനിലേക്കാണ് .അവിടെ ക്രിസ്മസ് പോലെ മഹത്തായ ഒരു ആഘോഷത്തിന് മന്ത്രിസഭാ അംഗങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് നിറപ്പകിട്ട് വേണ്ട എന്ന് തീരുമാനിക്കാനെടുത്ത ധൈര്യമുണ്ടല്ലോ അതിന് കൊടുക്കണം ഒരു 'ബിഗ് സല്യൂട്ട്'
ഡോഗ്മാറ്റിസം (ശരിയായ കാരണങ്ങള്‍ പറയാനില്ലാതെ എന്തെങ്കിലും അന്ധമായി വിശ്വസിക്കുന്ന ശൈലി) എന്ന ദുര്‍ഭൂതം കമ്മ്യുണിസത്തെ എന്തുമാത്രം കാര്‍ന്നു തിന്നുന്നു എന്ന് ലോകത്തോട് വെട്ടിത്തുറന്ന് പറഞ്ഞിട്ടുള്ള നേതാവാണ് സി അച്യുതമേനോന്‍ . പുതുതായി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരില്‍ ഇതുപോലുള്ള ദുഷ്പ്രവണത വര്‍ധിക്കുന്നതിന്റെ പല ഉദാഹരണങ്ങളും അച്യുതമേനോന്‍ തന്റെ രചനകളില്‍ ധീരതയോടെ എണ്ണി എണ്ണി പറയുന്നുണ്ട്. പഴയ കാലത്തെ ഡോഗ്മാറ്റിസം ഇന്നത്തേക്കാള്‍ എത്ര കഠിനമായിരുന്നു എന്ന് അദ്ദേഹം വരച്ചുകാട്ടുന്നുണ്ട് . .കാരണഭൂതനെ പ്രകീര്‍ത്തിക്കുന്ന ഇപ്പോഴത്തെ തിരുവാതിര അതുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ അശുവാണ്.
. ' തലശ്ശേരിയില്‍ നടന്ന വിദ്യാര്‍ത്ഥി ഫെഡറേഷന്‍ സമ്മേളനത്തില്‍ അതിന് ഏതാനും മാസം മുമ്പ് മാത്രം അന്തരിച്ച നെഹ്രുവിന് ആദരാഞ്ജലി അര്‍പ്പിക്കുന്ന അനുശോചന പ്രമേയം പാസ്സാക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ശബ്!ദമുയര്‍ന്നതാണ് അച്യുതമേനോനെ അത്ഭുതപ്പെടുത്തിയ ഒരു സംഭവം .
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന പ്രമേയത്തിനെ താന്‍ എതിര്‍ത്തതിനെയും അദ്ദേഹം സ്വയം വിമര്‍ശനപരമായി പില്‍ക്കാലത്തു തെറ്റ് ഏറ്റുപറഞ്ഞിട്ടുണ്ട്.1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ സിപിഐ ക്ക് പറ്റിയ തെറ്റും അച്യുതമേനോന്‍ സമ്മതിക്കുന്നുണ്ട് .അക്കാലത്തു സുഭാഷ് ചന്ദ്ര ബോസിനെ എത്ര നികൃഷ്ട ഭാഷയിലാണ് കമ്യുണിസ്റ്റുകാര്‍ വിമര്‍ശിച്ചതെന്നും ദുഃഖത്തോടെ അച്യുതമേനോന്‍ അയവിറക്കുന്നുണ്ട് . 'ഇന്ത്യയെ ഫാസിസത്തിന് അടിയറ വെക്കാന്‍ ശ്രമിച്ച ഒരു വഞ്ചകന്‍ ' എന്ന അന്നത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഭാഷ്യവും അച്യുതമേനോന് ദഹിച്ചിരുന്നില്ല. മാത്രമല്ല ബോസിനെപ്പറ്റി ജാപ്പ് വിരുദ്ധമേളകളില്‍ പാടാന്‍ പ്രശസ്ത വിപ്ലവ സാഹിത്യകാരന്‍ ചെറുകാട് തയ്യാറാക്കിയിരുന്ന പാട്ടിന്റെ ഈരടികള്‍ അച്യുതമേനോനെ ചൊടിപ്പിച്ചിരുന്നു എന്നതും സുവിദിതമാണ് ' നമ്മുടെ നേതാവല്ലാച്ചെറ്റ ജപ്പാന്‍കാരുടെ കാല്‍നക്കി ' എന്നതായിരുന്നു ആ ഈരടികള്‍.
'നേതാജിയുടെ അഭിപ്രായങ്ങള്‍ മുഴുവന്‍ ശരിയായിരുന്നു എന്ന അഭിപ്രായം തനിക്കില്ലെന്നും എന്നാല്‍ പിന്നീട് ഇതെല്ലാം ഓര്‍ത്തെടുത്തപ്പോഴെല്ലാം അതില്‍ പശ്ചാത്തപിച്ചിട്ടുണ്ടെന്നും അച്യുതമേനോന്‍ എഴുതിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ഉദ്ധരിക്കാം: ' പുസ്തകത്തില്‍ നോക്കി പഠിച്ച മാര്‍ക്‌സിസത്തിന്റെ ആപല്‍ക്കരമായ അന്ധതയ്ക്ക് കീഴ്‌പ്പെട്ടും ആ ധീരദേശാഭിമാനിയുടെ ചരമ
ത്തിന് മുന്നില്‍ ശിരസ്സ് നമിക്കാനുള്ള ഹൃദയവിശാലത പോലും കാണിക്കാന്‍ കൂട്ടാക്കാത്ത ഡോഗ്മാറ്റിസം എന്ത് ഹീനമായ കൃതഘ്‌നതയിലേക്കാണ് അന്ന് നമ്മെ നയിച്ചത്? ആ ഡോഗ്മാറ്റിസത്തിന്റെയും കൃതഘ്‌നതയുടെയും രാജ്യസ്‌നേഹമില്ലായ്മയുടെയും അന്ധമായ ആവേശമാണ് ,ഇന്നത്തെ ഇളംതലമുറയില്‍ നമ്മുടെ ഇടതുപക്ഷ സ്‌നേഹിതന്മാര്‍ കുത്തിവെക്കാന്‍ ശ്രമിക്കുന്നതെന്നതിന് തലശ്ശേരി സംഭവം( നെഹ്രുവിന് ആദരാഞ്ജലി അര്‍പ്പിക്കുന്ന അനുശോചന പ്രമേയത്തെ എസ് എഫ് സമ്മളനത്തില്‍ എതിര്‍ത്തത് ) ഒരു ഉദാഹരണമാണ്. ' ഈ പുതിയ ഉദാഹരണം കൂടി ആ പട്ടികയില്‍ ചേര്‍ത്തോട്ടെ
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates